കൊച്ചി: ദിലീപ് നിരപരാധിയാണെന്ന കെ ബി ഗണേഷ് കുമാറിന്‍റെ പരസ്യപ്രസ്താവന ദിലീപിനുതന്നെ തിരിച്ചടിയാകുമെന്ന് നിയമവിദഗ്ധർ. 'അമ്മ' വൈസ് പ്രസിഡന്‍റായ ഗണേഷ് സാക്ഷികളെ സ്വാധീനിക്കാൻ നടത്തിയ നീക്കമായി ഇത് വ്യാഖ്യാനിക്കാനാണ് പ്രോസിക്യൂഷന്റെ നീക്കം.
മൂന്നാമത്തെ ജ്യാമ്യാപേക്ഷയുമായി ദിലീപ് അടുത്തയാഴ്ച ഹൈക്കോടതിയെ സമീപിക്കാനിരിക്കെയാണ് എം എൽ എ യായ ഗണേഷ് കുമാർ ദിലീപിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചത്. ഉടൻ വരാൻ പോകുന്ന ജാമ്യ ഹർജിയിലെ സർക്കാർ വാദത്തിനിടെ ദിലീപിനെതിരായ പ്രധാന ആയുധമായി ഇതുപയോഗിക്കാനാണ് പൊലീസിന്‍റെ ആലോചന. ഈ പ്രസ്താവന ദിലീപിന് വലിയ തിരിച്ചടിയാണെന്ന് നിയമവിദഗ്ധരും പറയുന്നു.
സിനിമാ മേഖലയിൽ നിന്നുളള സാക്ഷികളെ സ്വാധീനിക്കുമെന്നതിനാലാണ് ദിലീപിന് ജാമ്യം കൊടുക്കരുതെന്ന് പ്രോസിക്യൂഷൻ നേരത്തെ ആവശ്യപ്പെട്ടത്. ദിലീപിനെ സിനിമാലോകം പിന്തുണക്കണമെന്ന ഗണേഷിന്‍റെ പ്രസ്താവനം സാക്ഷികളെ സ്വാധീനിക്കുന്നതിന് തുല്യമാണ്. വരാൻ പോകുന്ന ജാമ്യാപേക്ഷയെ കൃത്യമായ കാരണം കൊണ്ട് തടയിടാൻ പ്രോസിക്യൂഷന് കഴിയും
എന്നാൽ രണ്ടുമണിക്കൂറത്തെ ജാമ്യ ഇളവ് തങ്ങൾക്ക് അനുകൂലമാക്കാനാണ് പ്രതിഭാഗം നീക്കം. നിയമം അനുസരിക്കുമെന്നും കോടതി നിശ്ചിയിക്കുന്ന ഏതു വ്യവസ്ഥയും ദീലിപ് പാലിക്കുമെന്നും എന്നതിന്‍റെ തെളിവായി ജാമ്യഹർജിയിൽ അവതരിപ്പിക്കാനാണ് നീക്കം. അടുത്തയാഴ്ചതന്നെ ജാമ്യാ ഹർജി ഹൈക്കോടതിയുടെ പ്രാഥമിക പരിഗണനക്ക് വരും.
