'കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു' എന്ന ചോദ്യത്തിന്റെ നീളം 'ബാഹുബലി 2' ലേയ്ക്കുള്ള കാത്തിരിപ്പു വരെ എന്ന് കരുതിയിരുന്ന പ്രേക്ഷകരെയാകെ ഞെട്ടിച്ച് രാജമൗലി. കാരണം എന്തെന്നല്ലേ... ആദ്യ ഷോ കണ്ട് പുറത്തിറങ്ങുന്നതിനൊപ്പം ഫേസ്ബുക്കിലൂടെയും വാട്‌സാപ്പിലൂടെയും ചിത്രത്തിന്റെ സസ്‌പെന്‍സ് പൊളിക്കാന്‍ കാത്തിരുന്നുവര്‍ക്കും 'കട്ടപ്പ ബാഹുബലിയെ കൊന്നത് എന്തിനെന്ന്' ഒറ്റവാക്കില്‍ കേട്ട് പടം കാണാതെ കാര്യങ്ങള്‍ മനസിലാക്കാനിരുന്നവര്‍ക്കും കിട്ടിയത് എട്ടിന്റെ പണി. 

കട്ടപ്പ ബാഹുബലിയെ കൊന്നത് എന്തിനെന്ന് ഒരു വാക്കിലല്ല ഒരു സിനിമയാകെ കൊണ്ടാണ് രാജമൗലി പറഞ്ഞിരിക്കുന്നത്. അതുകൊണ്ടു 'എങ്ങനെ രാജമൗലി ബാഹുബലിയുടെ മരണം അവതരിപ്പിച്ചു' എന്നതിലേയ്ക്ക് ചോദ്യത്തിന്റെ ഗതി മാറിയിരിക്കുന്നു. സമഗ്രവും സുന്ദരവും വ്യക്തവുമായി ആ കഥ കേട്ടാല്‍ ആരും കട്ടപ്പയെ കുറ്റം പറയില്ലെന്ന് ഉറപ്പ്. ബാഹുബലിയുടെ അന്ത്യനിമിഷത്തില്‍ തീയറ്ററിലുയരുന്ന കയ്യടിയും മരിച്ചുകഴിയുമ്പോള്‍ ഉണ്ടാകുന്ന നിശബ്ദതയും ആ വീരനെ മലയാളികളുള്‍പ്പെടെ എത്രമാത്രം ഹൃദയത്തിലേറ്റുവാങ്ങി എന്നത് വ്യക്തമാക്കുന്നു. 

റിലീസിന് മുന്‍പ് തന്നെ 500 കോടിയിലധികം രൂപയാണ് ബാഹുബലി നേടിയത്. അഞ്ഞൂറ് കോടി മുതല്‍ മുടക്കിയിറക്കിയ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ രണ്ടാം പതിപ്പ് രാജ്യത്താകെ എണ്ണായിരത്തിലധികം തിയ്യറ്ററുകളിലും കേരളത്തില്‍ 350 തിയ്യറ്ററിലുമാണ് പ്രദര്‍ശിപ്പിക്കുന്നത്. അടുത്ത മൂന്ന് ദിവസത്തേക്ക് കേരളത്തില്‍ ബാഹുബലി 2 ന് ടിക്കറ്റില്ല എന്നതാണ് സ്ഥിതി.