കൊച്ചി: അപ്രതീക്ഷിതമായാണ് ദിലീപ് കാവ്യ വിവാഹത്തെക്കുറിച്ച് മലയാള സിനിമയിലെ പ്രമുഖര്‍ തന്നെ അറിഞ്ഞത്. എന്നാല്‍ സിനിമയിലെ മുതിര്‍ന്ന താരങ്ങളുടെ അറിവും സമ്മതവും വിവാഹത്തിന് ഉണ്ടായിരുന്നെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു. സുഹൃത്തുക്കളില്‍ പലരും അപ്രതീക്ഷിതമായാണ് വാര്‍ത്ത അറിഞ്ഞതെങ്കിലും എല്ലാവരും വിവാഹത്തിന് എത്തി.

മമ്മൂട്ടി, ജയറാം, സലിം കുമാര്‍, സിദ്ധിഖ്, സുരേഷ് കുമാര്‍, രഞ്ജിത്ത്, നാദിര്‍ഷ, കമല്‍, ജോഷി, ജനാര്‍ദ്ധനന്‍, ചിപ്പി, മേനക, ജോമോള്‍, മീര ജാസ്മിന്‍, കെപിഎസി ലളിത തുടങ്ങിയ താരങ്ങള്‍ എത്തിയപ്പോള്‍ ശ്രദ്ധേയമായത് മോഹന്‍ലാലിന്‍റെ അഭാവമാണ്. എന്നാല്‍ ദിലീപ് മോഹന്‍ലാലിനെ ഫോണിലൂടെ വിവരം അറിയിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

മേജര്‍ രവി സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കുകളുമായി രാജസ്ഥാനിലായതിനാലാണ് മോഹന്‍ലാലിന് വിവാഹത്തിനെത്താന്‍ സാധിക്കാതിരുന്നത്. പാര്‍ലമെന്‍റ് സമ്മേളനത്തിനായി ദില്ലിയില്‍ ആയതിനാല്‍ അമ്മ പ്രസിഡന്‍റ് കൂടിയായ ഇന്നസെന്‍റിന് ചടങ്ങിനെത്താനായില്ല.