നായകനായെത്തുന്ന നിരവധി ചിത്രങ്ങള്‍ പൂര്‍ത്തീകരണത്തിന്‍റെ വിവിധ ഘട്ടങ്ങളിലുണ്ട് ടൊവീനോയ്ക്ക്.
പൃഥ്വിരാജ് ആദ്യമായി സംവിധായകനാവുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്‍റെ ചിത്രീകരണം പുരോഗമിക്കുകയാണ്. വിവേക് ഒബ്‍റോയ് വില്ലന്‍ റോളിലെത്തുന്ന ചിത്രത്തില്‍ അഭിനയിക്കുന്ന മറ്റ് താരങ്ങളെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ദിവസങ്ങളായി പരക്കുന്നുണ്ട്. ഇന്ദ്രജിത്ത്, മഞ്ജു വാര്യര്‍, സച്ചിന്‍ പടേക്കര്‍, മംമ്ത മോഹന്‍ദാസ് എന്നിവര്‍ക്കൊപ്പം മലയാളത്തിലെ യുവതാരനിരയിലെ ശ്രദ്ധേയ സാന്നിധ്യം ടൊവീനോയുടെ പേരും പറഞ്ഞുകേട്ടിരുന്നു. എന്നാല്‍ ഈ കാസ്റ്റിംഗ് ലിസ്റ്റിനെക്കുറിച്ച് ഔദ്യോഗിക വിശദീകരണമൊന്നും പുറത്തുവന്നിട്ടില്ല. നായകനായെത്തുന്ന നിരവധി ചിത്രങ്ങള്‍ പൂര്‍ത്തീകരണത്തിന്‍റെ വിവിധ ഘട്ടങ്ങളിലുണ്ട് ടൊവീനോയ്ക്ക്. ലൂസിഫറില്‍ മോഹന്‍ലാലിനൊപ്പം അദ്ദേഹത്തിന് വേഷമുണ്ടോ? ടൊവീനോ തന്നെ മറുപടി പറയുന്നു.
പൃഥ്വിയുടെ കന്നി സംവിധാന സംരംഭത്തില്‍ മോഹന്‍ലാലിനൊപ്പം സ്ക്രീനിലെത്തുമെന്ന് തന്നെയാണ് ടൊവീനോ തോമസ് പറയുന്നത്. ഇപ്പോള്‍ മറ്റൊരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് രാജസ്ഥാനിലാണ് ടൊവീനോ. നാട്ടില്‍ തിരിച്ചെത്തിയാല്‍ അടുത്തതായി ജോയിന്‍ ചെയ്യുന്നത് ലൂസിഫറിന്‍റെ സെറ്റിലാണെന്ന് പറയുന്നു അദ്ദേഹം. വെള്ളിയാഴ്ച തീയേറ്ററുകളിലെത്തിയ തന്‍റെ പുതിയ ചിത്രം മറഡോണയുടെ പ്രൊമോഷന്‍റെ ഭാഗമായി ഫേസ്ബുക്കില്‍ ലൈവില്‍ പ്രേക്ഷകരുമായി സംവദിക്കവെയാണ് ലൂസിഫറില്‍ താന്‍ അഭിനയിക്കുന്ന കാര്യം ടൊവീനോ പറഞ്ഞത്.
മറഡോണ തീയേറ്ററുകളില്‍ മികച്ച പ്രതികരണം നേടുന്നതിലെ സന്തോഷം അദ്ദേഹം ആരാധകരുമായി പങ്കുവച്ചു. "എല്ലാ സിനിമകളും ക്രൂവിനും പ്രേക്ഷകര്‍ക്കുമൊപ്പം തീയേറ്ററില്‍ കാണുന്ന പതിവുണ്ട് എനിക്ക്. രാജസ്ഥാനില്‍ ചിത്രീകരണത്തിലായതില്‍ ഇക്കുറി അത് മുടങ്ങി." ഫെല്ലിനി ടി.പിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ തീവണ്ടി ഇനിയും തീയേറ്ററുകളിലെത്താത്തതിന് പിന്നില്‍ ചില സാങ്കേതിക കാരണങ്ങളാണെന്നും അവ ഉടന്‍ പരിഹരിക്കപ്പെടുമെന്നും ടൊവീനോ പറഞ്ഞു. മായാനദിയിലെ നായകനായ മാത്തനുമായി മറഡോണയിലെ കേന്ദ്രകഥാപാത്രത്തിന് സാമ്യമുണ്ടല്ലോ എന്ന ചോദ്യത്തിന് ഇരുവര്‍ക്കും പ്രകടനത്തിലൂടെ വ്യത്യസ്തത നല്‍കാന്‍ താന്‍ ശ്രമിച്ചിട്ടുണ്ടെന്നായിരുന്നു ടൊവീനോയുടെ മറുപടി.
