പ്രേക്ഷകപ്രീതിയും നിരൂപകശ്രദ്ധയും ഒരുപോലെ നേടിയ ഈ.മ.യൗവിന് ശേഷം

സിനിമ എന്ന മാധ്യമത്തിലൂടെ ഇക്കിളിപ്പെടുത്തലുകള്‍ മാത്രമല്ല പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നതെന്ന് ഈ.മ.യൗവിന്‍റെ തിരക്കഥാകൃത്തും നോവലിസ്റ്റുമായ പി.എഫ്.മാത്യൂസ്. "ആളുകള്‍ക്ക് അവരുടെ ജീവിതത്തിലെ സത്യത്തെക്കുറിച്ച് ഷോക്കിംഗ് ആയ ഒരു വെളിപ്പെടല്‍ കൂടി ആവശ്യമാണ്. ഈ.മ.യൗവിലൂടെ സംഭവിച്ചിരിക്കുന്നതും അതാണ്", ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. 

ചില കടകളില്‍ നിന്ന് മസാലദോശ മാത്രമേ കിട്ടൂ എന്ന് പറയുന്നത് പോലെയുള്ള സംവിധായകരുണ്ട്. ഒരു പ്രത്യേകതരം സിനിമകള്‍ മാത്രം ചെയ്യുന്നവര്‍. എന്നാല്‍ ലിജോ ഉള്‍പ്പെടെയുള്ള സംവിധായകരുടെ തലമുറ വ്യത്യസ്തരാണ്. സിനിമ എന്ന മീഡിയം എന്താണെന്ന് ഉള്‍ക്കൊണ്ട് സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ് അവര്‍. അവരെ സംബന്ധിച്ച് ഒരു സാഹിത്യരൂപമല്ല സിനിമ. പി.എഫ്.മാത്യൂസ് പറയുന്നു.

എഴുതിയ കഥാപാത്രങ്ങളെ ലിജോ കൂടുതല്‍ മിഴിവോടെ അവതരിപ്പിച്ചുവെന്നും താന്‍ എഴുതിയ വാക്കുകളോട് ആദ്യമായി നീതി പുലര്‍ത്തിയ സിനിമയാണ് ഈ.മ.യൗവെന്നും മാത്യൂസ്. ലിജോയുമായി ചേര്‍ന്ന് ഒന്നോ രണ്ടോ സിനിമകള്‍ കൂടി ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും അതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നും പി.എഫ്.മാത്യൂസ്.