'കിംഗ് ഖാന്‍' എന്ന വിളിപ്പേര് ഷാരൂഖിന് ബോളിവുഡ് ചാര്‍ത്തിക്കൊടുത്തത് ബോക്‌സ്ഓഫീസില്‍ നേടിയ വന്‍ വിജയങ്ങളുടെ കൂടി പേരിലായിരുന്നു. എന്നാല്‍ ഒരു മികച്ച വിജയം അദ്ദേഹത്തിന് ലഭിച്ചിട്ട് വര്‍ഷങ്ങളാവുന്നു. കൃത്യമായി പറഞ്ഞാല്‍ 2013ല്‍ പുറത്തെത്തിയ ചെന്നൈ എക്‌സ്പ്രസിന് ശേഷം ഒരു സോളോ ഹിറ്റ് ഷാരൂഖിന് ലഭിച്ചിട്ടില്ല. 2014ല്‍ വന്ന ഹാപ്പി ന്യൂ ഇയര്‍ വിജയമായിരുന്നെങ്കിലും ചിത്രത്തില്‍ അഭിഷേക് ബച്ചനും ദീപിക പദുകോണും ജാക്കി ഷ്രോഫുമൊക്കെ ഒപ്പമുണ്ടായിരുന്നു. പിന്നാലെയെത്തിയ ദില്‍വാലെ, ഫാന്‍, റയീസ്, ജബ് ഹാരി മെറ്റ് സെജാല്‍ എന്നീ ചിത്രങ്ങള്‍ക്കൊന്നും പ്രതീക്ഷിച്ച വിജയം നേടാനായില്ല. ഏറ്റവുമൊടുവില്‍ ക്രിസ്മസ് റിലീസായെത്തിയ സീറോ എത്തരത്തില്‍ സ്വീകരിക്കപ്പെടുന്നു എന്നത് ഷാരൂഖിനെ സംബന്ധിച്ച് ഏറെ പ്രധാനമാണ്. വെള്ളിയാഴ്ച തീയേറ്ററുകളിലെത്തിയ ചിത്രത്തിന്റെ ആദ്യ ഞായറാഴ്ചയായ ഇന്നത്തെ കളക്ഷനും ചിത്രത്തെ സംബന്ധിച്ച് അതിപ്രധാനം.

എന്നാല്‍ റിലീസിന് മുന്‍പ് ഉയര്‍ത്തിയ പ്രതീക്ഷയ്‌ക്കൊത്തുള്ള കളക്ഷന്‍ ചിത്രത്തിന് ആദ്യ രണ്ട് ദിനങ്ങളില്‍ ലഭിച്ചില്ല എന്നതാണ് വാസ്തവം. 20.14 കോടി മാത്രമായിരുന്നു സീറോയുടെ റിലീസ്ദിന കളക്ഷന്‍. ബോളിവുഡിലെ ഒരു സൂപ്പര്‍സ്റ്റാര്‍ സിനിമയെ സംബന്ധിച്ച് എടുത്തുപറയത്തക്ക തുകയൊന്നുമല്ല ഇത്. ആദ്യ അവധിദിനമായ ശനിയാഴ്ച കളക്ഷനില്‍ നിര്‍ണായകമായിരുന്നു. പക്ഷേ വെള്ളിയാഴ്ചത്തേക്കാള്‍ കുറഞ്ഞ കളക്ഷനാണ് ശനിയാഴ്ച ലഭിച്ചത്. 18.22 കോടി. അതിനാല്‍ത്തന്നെ ഇന്നത്തെ ബോക്‌സ്ഓഫീസ് പ്രകടനം ഏറെ നിര്‍ണായകമാണ്. ചിത്രത്തിന്റെ ജയപരാജയങ്ങളെ സ്വാധീനിക്കാന്‍ ശേഷിയുള്ള ഞായറാഴ്ച കളക്ഷനുവേണ്ടി കാത്തിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.

ഷാരൂഖ് ഖാന്‍ മൂന്നടി പൊക്കമുള്ള കഥാപാത്രമായാണ് 'സീറോ'യില്‍ എത്തുന്നത്. തനു വെഡ്സ് മനു: റിട്ടേണ്‍സിന് ശേഷം ആനന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഷാരൂഖ് കഥാപാത്രത്തിന്റെ പേര് ബൗവാ സിംഗ് എന്നാണ്. കത്രീന കൈഫ്, അനുഷ്‌ക ശര്‍മ്മ എന്നിവരാണ് ചിത്രത്തില്‍ പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു സിനിമാതാരത്തെ ഡേറ്റ് ചെയ്യണമെന്ന ആഗ്രഹവുമായി നടക്കുന്ന ആളാണ് ചിത്രത്തിലെ നായകന്‍.