Asianet News MalayalamAsianet News Malayalam

ഇവരാണ് തകര്‍പ്പന്‍ നായികമാര്‍

Women Films
Author
Thiruvananthapuram, First Published Jul 18, 2017, 9:27 PM IST

വെബ് ഡെസ്ക്

സ്‍ത്രീ കേന്ദ്രീകൃതമായ നിരവധി സിനിമകള്‍ മലയാളത്തിലുണ്ടായിട്ടുണ്ട്. നായകന്റെ നിഴലാകാതെ നായികമാര്‍ മികച്ച പ്രകടനം കാഴ്‍ചവച്ച സിനിമകള്‍. അത്തരം മലയാള സിനിമകളെ കുറിച്ചാണ് ഇവിടെ പറയുന്നത്. പട്ടികയില്‍ പെടാത്തവ വായനക്കാര്‍ക്ക് പൂരിപ്പിക്കാം.

മങ്കമ്മ

ടി വി ചന്ദ്രന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്‍ത മങ്കമ്മയില്‍ രേവതിയായിരുന്നു കരുത്തയായ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത്. രേവതിയുടെ എക്കാലത്തേയും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു ഇത്. 1998ലായിരുന്നു ചിത്രം പുറത്തിറങ്ങിയത്.




മണിച്ചിത്രത്താഴ്

മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലും സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപിയും അഭിനയിച്ച ചിത്രമായിരുന്നെങ്കിലും ശോഭനയായിരുന്നു മണിചിത്രത്താഴിന്റെ നെടുംതൂണ്‍. ഗംഗയായും നാഗവല്ലിയായും ശോഭന തകര്‍ത്താടി.  മികച്ച നടിക്കുള്ള സംസ്ഥാന - ദേശീയ അവാര്‍ഡുകള്‍ ശോഭന സ്വന്തമാക്കുകയും ചെയ്‍തു. ഫാസില്‍ സംവിധാനം ചെയ്‍ത ചിത്രം 1993ലാണ് പ്രദര്‍ശനത്തിനെത്തിയത്.




കണ്ണെഴുതി പൊട്ടും തൊട്ട്

ഒരു പെണ്ണിന്റെ പ്രതികാര കഥയായിരുന്നു കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയുടേത്. തന്റെ മാതാപിതാക്കളെ കൊന്ന നടേശന്‍ എന്ന മുതലാളിയെ തകര്‍ക്കാന്‍ വേണ്ടി ശ്രമിക്കുന്ന ഭദ്ര എന്ന പെണ്‍കുട്ടിയുടെ കഥ. ശൃംഗാരവും പ്രതികാരവും പ്രണയവും പകയുമെല്ലാം മാറിമാറി പകര്‍ന്നാടേണ്ടുന്ന ആ വേഷവും മഞ്ജു വാര്യരില്‍ ഭദ്രമായിരുന്നു.  കണ്ണെഴുതി പൊട്ടും തൊട്ടിലെ അഭിനയത്തിന് ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറിയുടെ പ്രത്യേക പരാമര്‍ശവും മഞ്ജു വാര്യര്‍ക്ക് ലഭിച്ചിരുന്നു. 1999ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം ടി കെ രാജീവ് കുമാര്‍ ആണ് സംവിധാനം ചെയ്‍തത്.




കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടി

മങ്കമ്മയ്‍ക്കു മുമ്പേ രേവതി അവതരിപ്പിച്ച പ്രധാന വേഷമായിരുന്നു കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികളിലേത്. ഇതിലും ടൈറ്റില്‍ റോളായിരുന്നു. കാക്കോത്തിയെന്നു പേരുള്ള നാടോടി പെണ്‍കുട്ടിയായി രേവതി മികവ് കാട്ടി. കമല്‍ സംവിധാനം ചെയ്‍ത ചിത്രം 1988ലായിരുന്നു പ്രദര്‍ശനത്തിനെത്തിയത്.




മഴ

മാധവിക്കുട്ടിയുടെ നഷ്‍ടപ്പെട്ട നീലാംബരി എന്ന ചെറുകഥയെ ആസ്‍പദമാക്കി ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്‍ത ചിത്രമാണ് മഴ. ഭദ്ര എന്ന പെണ്‍കുട്ടിയുടേയും ശാസ്‍ത്രികള്‍ എന്ന സംഗീതഞ്ജന്റേയും പ്രണയകഥയായിരുന്നു ചിത്രം പറഞ്ഞിരുന്നത്.  ഇരുവരുടേയും പ്രണയ നഷ്‍ടത്തിന്റെ കഥ. ഭദ്ര എന്ന കഥാപാത്രമായി സംയുക്തവര്‍മ്മ വിസ്‍മയിപ്പിച്ചു. 2000ത്തിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.




നന്ദനം

ശ്രീകൃഷ്‍ണ ഭക്തയായ ബാലാമണിയുടെ കഥയാണ് നന്ദനം പറഞ്ഞത്. ശ്രീകൃഷ്‍ണനോട് അത്രമേല്‍ ഭക്തിയുള്ള ബാലാമണിക്ക് സഹായമായി എപ്പോഴും ഭഗവാന്‍ വരുന്നു. നിഷ്‍കളങ്കയായ ബാലാമണിക്ക് മുന്നില്‍ ശ്രീകൃഷ്‍ണന്‍ മറ്റൊരാളുടെ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നു. ബാലാമണി ജോലി ചെയ്യുന്ന തറവാട്ടിലെ ഇളംമുറക്കാരനായ മനുവുമായി അവളുടെ വിവാഹം കഴിയുന്നു. ഇവരുടെ പ്രണയത്തിനിടയ്‍ക്ക് ഉണ്ടാകുന്ന പ്രതിബന്ധങ്ങളെല്ലാം മാറ്റുന്നത് ശ്രീകൃഷ്‍ണനാണെന്ന് ബാലാമണിക്ക് മനസ്സിലാകുകയും ചെയ്യുന്നു. നിഷ്‍കളങ്കയായ പെണ്‍കുട്ടിയായും ശ്രീകൃഷ്‍ണനെ അതിരറ്റ് ആരാധിക്കുകയും ചെയ്യുന്ന ബാലാമണിയായി അരങ്ങുതകര്‍ത്തത് നവ്യാ നായരാണ്. മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും ബാലാമണിയിലൂടെ നവ്യാ നായര്‍ക്ക് ലഭിച്ചു.




22 ഫീമെയില്‍ കോട്ടയം

ഒരു പെണ്‍കുട്ടിയുടെ പ്രതികാരത്തിന്റെ കഥയാണ് 22 ഫീമെയില്‍ കോട്ടയം പറയുന്നത്. തന്നെ ചതിച്ചവരോട് പ്രതികാരം ചെയ്യുന്ന ടെസ്സയുടെ കഥ. കാമുകന്റെ ലിംഗം ഛേദിച്ചാണ് ടെസ്സ പ്രതികാരം ചെയ്യുന്നത്. റിമ കല്ലിങ്കലാണ് ടെസ്സയായി അഭിനയിച്ചിരിക്കുന്നത്. മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും ചിത്രത്തിലൂടെ റിമാ കല്ലിങ്കലിനു ലഭിച്ചു.

Follow Us:
Download App:
  • android
  • ios