കൊച്ചി: സംവിധായകനും നടനുമായ ലാലിനും മകന്‍ ജീന്‍ പോള്‍ ലാലിനുമെതിരെ വനിതാ സംഘടനയായ വിമണ്‍ ഇന്‍ സിനിമ കളക്ടീവ്. തങ്ങളുടെ സഹപ്രവര്‍ത്തകയെ ബോഡി ഷെയിമിങ്ങ് നടത്തി ബ്ലാക്ക് മെയില്‍ ചെയ്യാനുള്ള ശ്രമം അങ്ങേയറ്റം ഹീനവും നിന്ദ്യവുമാണെന്ന് വിമണ്‍ ഇന്‍ സിനിമ കളക്ടീവ് പ്രതികരിച്ചു.

 പ്രതിഷേധിച്ച നടിക്ക് പ്രതിഫലം കൊടുക്കേണ്ടതില്ല എന്നു തീരുമാനിക്കുന്നതും അതു പരസ്യമായി പറയാനുള്ള ധാര്‍ഷ്ട്യം കാണിക്കുന്നതും ഈ മേഖലയിലെ ഫ്യൂഡല്‍ സ്വഭാവമല്ലാതെ മറ്റൊന്നുമല്ലെന്നും അവര്‍ തുറന്നടിച്ചു. യുവ നടിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ സംവിധായകന്‍ ജീന്‍ പോള്‍ ലാല്‍ അടക്കം നാലുപേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു. ഹണീ ബീ ടുവിന്റെ സെറ്റില്‍ വച്ച് സംവിധായകന്‍ ജീന്‍ പോള്‍ ലാലും നടന്‍ ശ്രീനാഥ് ശ്രീനാഥ് ഭാസിയും ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും പ്രതിഫലം നല്‍കിയില്ലെന്നുമായിരുന്നു യുവനടിയുടെ പരാതി. 

സിനിമയില്‍ തന്റെ അനുവാദമില്ലാതെ ബോഡി ഡബിള്‍ (ഡ്യൂപ്പിനെ) ഉപയോഗിച്ചു എന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ നടിയുടെ പരാതി വ്യാജമാണെന്നും അപമര്യാദയായി പെരുമാറിയതുകൊണ്ടാണ് നടിയെ സിനിമയില്‍ നിന്നും പറഞ്ഞുവിട്ടതെന്ന് സിനിമയുടെ നിര്‍മാതാവായ ലാല്‍ വ്യക്തമാക്കിയിരുന്നു നടിയ്ക്ക് പ്രതിഫലം നല്‍കേണ്ടെന്നു പറഞ്ഞതും താനാണെന്നും ലാല്‍ വെളിപ്പെടുത്തി. ഇതിനെതിരെയാണ് വിമണ്‍ ഇന്‍ സിനിമ കളക്ടീവ് രൂക്ഷ വിമര്‍ശനം നടത്തിയത്.

ഈ മേഖലയിലെ ഫ്യൂഡല്‍ സ്വഭാവത്തിന്റെ മറ്റൊരു വശമാണ് സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിനെതിരെ മറ്റൊരു നടി ഫയല്‍ ചെയ്ത പരാതി. ഞങ്ങളുടെ സഹപ്രവര്‍ത്തകയെ ബോഡി ഷെയിമിങ്ങ് നടത്തി ബ്ലാക്ക് മെയില്‍ ചെയ്യാനുള്ള ശ്രമം അങ്ങേയറ്റം ഹീനവും നിന്ദ്യവുമാണ്. മേല്‍ സൂചിപ്പിച്ച രണ്ടു പരാതികളും ഈ മേഖലയിലെ തൊഴില്‍ പെരുമാറ്റച്ചട്ടങ്ങളുടെയും ലിംഗ നീതി ഇല്ലായ്മയുടെയും അഭാവത്തെയാണ് ചൂണ്ടി കാണിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.