മോഹന്‍ലാലിന്‍റെ റണ്‍ ബേബി റണ്ണിന് തണുത്ത പ്രതികരണം. തിയറ്ററുകളില്‍ ആളുകളില്ലാതായതോടെ ട്രോളുകളും നിറഞ്ഞു. ജോഷിയുടെ സംവിധാനത്തില്‍ 2012ല്‍ പുറത്തെത്തിയ ചിത്രമാണ് റണ്‍ ബേബി റണ്‍.
കഴിഞ്ഞ കുറച്ച് കാലമായി സിനിമാ മേഖലയിൽ കണ്ടുവരുന്ന ട്രെന്റാണ് റീ റിലീസുകൾ. മുൻ കാലങ്ങളിൽ റിലീസ് ചെയ്ത് വൻ ശ്രദ്ധനേടിയതും പരാജയപ്പെട്ടതും എന്നാൽ പ്രേക്ഷക സ്വീകാര്യത നേടിയതുമായ സിനിമകളായിരിക്കും റീ റിലീസായി വീണ്ടും തിയറ്ററിൽ എത്തുന്നത്. മലയാളത്തിലടക്കം ഈ ട്രെന്റ് നടക്കുന്നുണ്ട്. ഈ വർഷവും അതിന് മാറ്റമൊന്നും ഇല്ല. 2026ലെ ആദ്യ മലയാളം റീ റിലീസിന് തുടക്കമിട്ടത് മോഹൻലാൽ ആണ്. റൺ ബേബി റൺ ആണ് വീണ്ടും തിയറ്ററിൽ എത്തിയിരിക്കുന്നത്.
ഇന്നായിരുന്നു റൺ ബേബി റൺ തിയറ്ററുകളിൽ എത്തിയത്. എന്നാൽ പല തിയറ്ററുകളിലും ആളുകൾ സിനിമ കാണാൻ എത്തിയിട്ടില്ലെന്നാണ് ബുക്ക് മൈ ഷോയിൽ നിന്നും വ്യക്തമാകുന്നത്. സീറ്റുകളെല്ലാം കാലിയാണ്. പിന്നാലെ വിമർശനവും ട്രോളുകളുമായി സോഷ്യൽ മീഡിയ ഉപയോക്താക്കൾ രംഗത്തെത്തി. എന്തിനായിരുന്നു ഇപ്പോഴൊരു റീ റിലീസ് എന്നാണ് ഇവർ ചോദിക്കുന്നത്. മോഹൻലാലിന്റെ വേറെ എത്രയോ റിപ്പീറ്റ് വാച്ചബിളായ സിനിമകളുണ്ടെന്നും അതിൽ ഏതെങ്കിലും റിലീസ് ചെയ്യാമായിരുന്നല്ലോ എന്നും ഇവർ ചോദിക്കുന്നുണ്ട്. 'ആദ്യദിനം 780 രൂപ കിട്ടും', എന്നാണ് പരിഹസിച്ച് കൊണ്ട് ചിലർ പോസ്റ്റിട്ടിരിക്കുന്നത്.
നേരത്തെ സ്ഫടികം, ദേവദൂതൻ, ഛോട്ടാ മുംബൈ, മണിച്ചിത്രത്താഴ്, രാവണപ്രഭു തുടങ്ങിയ മോഹൻലാൽ സിനിമകൾ റീ റിലീസ് ചെയ്തിരുന്നു. ഇവയിൽ പലതും മികച്ച കളനും നേടി. ഉദയനാണ് താരം റീ റിലീസ് ചെയ്യാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ. മലയാളത്തിൽ നിന്നും ഏറ്റവും ഒടുവിൽ റീ റിലീസ് ചെയ്ത ചിത്രം സമ്മർ ഇൻ ബത്ലഹേം ആണ്.

മോഹൻലാലിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം വൃഷഭയാണ്. വൻ ഹൈപ്പിൽ എത്തിയ ചിത്രത്തിന് പക്ഷേ വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചിരുന്നില്ല. ദിലീപിനൊപ്പം മോഹൻലാൽ അഭിനയിച്ച ഭഭബ എന്ന ചിത്രം ഒടിടിയിൽ എത്തിയിട്ടുണ്ട്. ഇതിന് പിന്നാലെ വിമർശനങ്ങളും ട്രോളുകളും ഉയരുന്നുണ്ട്.



