കെജിഎഫ് എന്ന ഒരോറ്റ ചിത്രത്തിലൂടെ തെന്നിന്ത്യയിലടക്കം ആരാധകരെ സൃഷ്ടിച്ച താരമാണ് യഷ് എന്ന നവീന്‍ കുമാര്‍ ഗൗഡ. തെലുങ്ക് താരം അല്ലു അർജുൻ മലയാളികളുടെ മനസ്സിൽ ചേക്കേറിയ അതേ വേ​ഗത്തിലാണ് യഷ‌ും മലയാളികളുടെ മനസ്സ് കീഴടക്കിയത്. പ്രഭാസ്, മഹേശ് ബാബു, വെങ്കിടേഷ്, നാ​ഗാർജുന, നാനി തുടങ്ങിയ തെലുങ്ക് താരങ്ങളെ മലയാളികൾ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നെങ്കിലും ആ​ദ്യമായാണ് ഒരു കന്നഡ സിനിമാ താരത്തെ മലയാളികൾ നേഞ്ചോട് ചേർക്കുന്നത്.  

സദസ്സുകളിൽ മലയാളം പറഞ്ഞാണ് അല്ലു അർജുൻ  മലയാളക്കര കീഴടക്കിയത്. അതേ ടെക്നിക്ക് പയറ്റി മലയാളി പ്രേഷകരുടെ ആരാധനപാത്രമായി മാറിയിരിക്കുകയാണ് യഷും. മമ്മൂട്ടി നായകനാവുന്ന വൈഎസ്ആർ ബയോപിക് ചിത്രം ‘യാത്ര’യുടെ മലയാളം  ട്രെയിലർ ലോഞ്ചിനായി കേരളത്തിലെത്തിയതായിരുന്നു യഷ്. “കൊച്ചി സുഖമാണോ? ” എന്നു ചോദിച്ച് തന്റെ പ്രസംഗം തുടങ്ങിയ യഷ് മലയാളത്തിൽ സംസാരിക്കണമെന്ന് തന്റെ ആഗ്രഹവും സദസ്സുമായി പങ്കുവെച്ചു.

എന്നാൽ മലയാളം സംസാരിക്കാൻ എളുപ്പമല്ലെന്നും അതിനാൽ ഇം​ഗ്ലീഷ് ഭാഷയിൽ സംസാരിക്കാമെന്നും യഷ് പറഞ്ഞു. അതിനിടയിലാണ് മമ്മൂട്ടിയുടെ എവർ​ഗ്രീൻ സൂപ്പർ ഹിറ്റ് ഡയലോട് പറഞ്ഞ് യഷ് സദസ്സിന്റെ കൈയ്യടി ഏറ്റുവാങ്ങിയത്. മലയാളഭാഷ മനസ്സിലാക്കാനും പഠിക്കാനും  സെൻസ് വേണം, സെൻസിബിലിറ്റി വേണം, സെൻസിറ്റിവിറ്റി വേണം എന്നായിരുന്നു യഷ് പറഞ്ഞത്. 

മമ്മൂട്ടി നായകനായെത്തിയ സൂപ്പർ ​ഹിറ്റ് ചിത്രം കിം​ഗിലെ മാസ് ഡയലോ​ഗായിരുന്നു യഷ് ആരാധകരുമായി പങ്കുവച്ചത്. ഡയലോ​ഗിനൊപ്പം പുറകിൽനിന്ന് മുടി തട്ടിമാറ്റുന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ സ്റ്റൈലും യഷ് അതേപടി അനുകരിക്കുകയായിരുന്നു. മമ്മൂട്ടിക്കൊപ്പം മധുരരാജയില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജഗപതി ബാബു, യാത്രയുടെ സംവിധായകന്‍ മഹി വി രാഘവ് എന്നിവരൊക്കെ ചടങ്ങില്‍ പങ്കെടുത്തു.

നീണ്ട 26 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി തെലുങ്കില്‍ അഭിനയിക്കുന്ന ചിത്രമാണ് യാത്ര. മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയ ജീവിതം പറയുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് വൈഎസ്ആര്‍. 2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്താന്‍ സഹായിച്ച, വൈഎസ്ആര്‍ നയിച്ച 1475 കി മീ പദയാത്ര ചിത്രത്തിന്റെ പ്രധാന ഭാഗമാണ്. 70എംഎം എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ വിജയ് ഛില്ല, ശശി ദേവിറെഡ്ഡി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും മഹി വി രാഘവ് ആണ്. സത്യന്‍ സൂര്യന്‍ ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ് എഡിറ്റിംഗ്. ഫെബ്രുവരി എട്ടിന് ചിത്രം തിയേറ്ററുകളിലെത്തും. 

തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലായി റിലീസിനെത്തുന്ന ചിത്രത്തിന്റെ എല്ലാ പതിപ്പുകളിലും തന്റെ കഥാപാത്രത്തിന് ഡബ്ബ് ചെയ്തിരിക്കുന്നത് മമ്മൂട്ടി തന്നെയാണ്. ജഗപതി റാവു, റാവു രമേഷ്, സുഹാസിനി മണി രത്‌നം എന്നിവരും ‘യാത്ര’യില്‍ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു.