'യുവതാരങ്ങള്‍ മലയാളം അറിയാത്തവര്‍'   നേരത്തേ തന്റെ കവിതകള്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു

മലയാളസിനിമയിലെ യുവതാരങ്ങളില്‍ പലര്‍ക്കും തിരക്കഥ മംഗ്ലീഷില്‍ എഴുതി നല്‍കേണ്ട അവസ്ഥയാണെന്ന് കവിയും അഭിനേതാവുമായ ബാലചന്ദ്രന്‍ ചുള്ളിക്കാട്. മലയാളം അറിയാത്തവരാണ് മലയാളത്തിലെ യുവ താരരാജാക്കന്മാരെന്നും ഇവരുടെ കൈകളിലാണ് ഇന്ന് മലയാളസിനിമയെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം ബിടിഎച്ച് ഹോട്ടലില്‍ ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്റെ ആദരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു ചുള്ളിക്കാട്. 60 വയസ്സ് പിന്നിട്ട അദ്ദേഹത്തെയും സപ്തതി ആഘോഷിക്കുന്ന കവി എസ്.രമേശന്‍ നായരെയും ചടങ്ങില്‍ ആദരിച്ചു.

തന്റെ കവിതകള്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കരുതെന്ന് ചുള്ളിക്കാട് നേരത്തേ ഉയര്‍ത്തിയ ആവശ്യം സാംസ്‌കാരിക രംഗത്ത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. പാഠപുസ്തകങ്ങളില്‍ നിന്ന് തന്റെ കവിതകള്‍ ഒഴിവാക്കണമെന്നും രചനകളില്‍ ഗവേഷണം അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. വിദ്യാഭ്യാസമേഖലയിലെ തെറ്റായ പ്രവണതകളില്‍ പ്രതിഷേധിച്ചായിരുന്നു ചുള്ളിക്കാടിന്റെ തീരുമാനം.