Asianet News MalayalamAsianet News Malayalam

ഡിസ്‌കസ് ത്രോ: പുരുഷന്‍മാരുടെ ദേശീയ റെക്കോര്‍ഡിനേക്കാള്‍ മികച്ച ദൂരവുമായി വനിതാ താരം! സത്യമോ?

'കമാല്‍പ്രീത് കൗര്‍ ദേശീയ റെക്കോര്‍ഡ് തകര്‍ത്തു, പുരുഷന്‍മാരുടെ റെക്കോര്‍ഡിനേക്കാള്‍ മികച്ചത്'- എന്നായിരുന്നു ഇന്‍സ്റ്റഗ്രാം പോസ്റ്റ്. 

Truth behind Kamalpreet Kaur breaks discus throw national record by Vikas Gowda
Author
Patiala, First Published Jun 22, 2021, 5:04 PM IST

പട്യാല: വനിതകളുടെ ഡിസ്‌കസ് ത്രോയില്‍ പഞ്ചാബില്‍ നിന്നുള്ള കമാല്‍പ്രീത് കൗര്‍ കഴിഞ്ഞ ദിവസം സ്വന്തം ദേശീയ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചിരുന്നു. മുന്‍ നേട്ടമായ 65.06 മീറ്ററാണ് 66.59 മീറ്ററായി കമാല്‍പ്രീത് മാറ്റിയെഴുതിയത്. ഇതോടെ പുരുഷന്‍മാരുടെ മികച്ച ദൂരവും മറികടന്നോ കമാല്‍പ്രീത് കൗര്‍? വനിത താരമായ കമാല്‍പ്രീത് ഡിസ്‌കസ് ത്രോയില്‍ പുരുഷന്‍മാരുടേതിനേക്കാള്‍ മികച്ച ദൂരം കണ്ടെത്തി എന്ന വാര്‍ത്തയ്‌ക്ക് പിന്നിലെ വസ്‌തുത അറിയാം. 

പ്രചാരണം

'കമാല്‍പ്രീത് കൗര്‍ ദേശീയ റെക്കോര്‍ഡ് തകര്‍ത്തു, പുരുഷന്‍മാരുടെ റെക്കോര്‍ഡിനേക്കാള്‍ മികച്ചത്'- ദ് ബ്രിഡ്‌ജ് എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന്‍റേതായിരുന്നു ഈ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ഇന്ത്യന്‍ വനിത താരം പുരുഷന്‍മാരുടെ റെക്കോര്‍ഡ് തകര്‍ത്തു എന്ന തരത്തില്‍ ഇതോടെ പോസ്റ്റ് വ്യാപകമായി സാമൂഹ്യമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യപ്പെടുകയും ചെയ്‌തു. 

പോസ്റ്റ് കണ്ട് തെറ്റിദ്ധരിക്കല്ലേ...

Truth behind Kamalpreet Kaur breaks discus throw national record by Vikas Gowda

ഇന്ത്യക്കാരില്‍ ഏറ്റവും കൂടുതല്‍ ദൂരം ഡിസ്‌ക് എത്തിച്ചത് കമാല്‍പ്രീത് കൗറാണ് എന്ന് ഒറ്റനോട്ടത്തില്‍ തോന്നാം. എന്നാല്‍ ആ നിഗമനത്തില്‍ വസ്‌തുതാപരമായി ചില പിഴവുകളുണ്ട്. 

ശ്രദ്ധിക്കാനുണ്ട് രണ്ട് കാര്യങ്ങള്‍

1. മറ്റ് ട്രാക്ക് ആന്‍‍ഡ് ഫീല്‍ഡ് ഇനങ്ങള്‍ പോലെ പുരുഷ, വനിത താരങ്ങള്‍ ഡിസ്‌കസ് ത്രോയിലും മത്സരിക്കുന്നത് രണ്ട് വിഭാഗങ്ങളിലായാണ്

അതിനാല്‍ ഇരു വിഭാഗങ്ങളിലേയും റെക്കോര്‍ഡുകള്‍ കൂട്ടിക്കുഴയ്‌ക്കാനോ താരതമ്യം ചെയ്യാനോ കഴിയില്ല. പുരുഷ താരങ്ങളില്‍ 66.28 മീറ്റര്‍ ദൂരം എറിഞ്ഞ വികാസ് ഗൗഡയുടെ പേരിലാണ് സിഡ്‌കസ് ത്രോയിലെ ദേശീയ റെക്കോര്‍ഡ്. വനിതകളില്‍ കമാല്‍പ്രീത് കൗര്‍ ഇപ്പോള്‍ പിന്നിട്ടിരിക്കുന്ന ദൂരം 66.59 മീറ്ററും. വികാസിനേക്കാള്‍ ദൂരം കമാല്‍പ്രീത് പിന്നിട്ടതായി തോന്നാമെങ്കിലും പുരുഷ-വനിത താരങ്ങള്‍ ഉപയോഗിക്കുന്ന ഡിസ്‌ക്കുകള്‍ തമ്മിലുള്ള ഭാര വ്യത്യാസം കൂടി പരിഗണിക്കേണ്ടതുണ്ട്. 

2. പുരുഷന്‍മാരും വനിതകളും ഉപയോഗിക്കുന്ന ഡിസ്‌ക്കിന്‍റെ ഭാരവും വ്യാസവും വ്യത്യാസം

രണ്ട് കിലോ ഭാരവും 22 സെ.മീ വ്യാസവുമുള്ള ഡിസ്‌ക്കാണ് പുരുഷന്‍മാരുടെ മത്സരങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. അതേസമയം വനിതകള്‍ക്ക് ഒരു കിലോ ഭാരവും 18 സെ.മി വ്യാസവുമുള്ള ഡിസ്‌ക്കും. പ്രൊഫഷണല്‍ മത്സരങ്ങള്‍ക്കും ഒളിംപിക് വേദികളിലും ഉപയോഗിക്കുന്നത് ഈ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ഡിസ്‌ക്കുകളാണ്. പുരുഷന്‍മാരും വനിതകളും മത്സരിക്കുന്നത് ഒരേതരം ഡിസ്‌ക്കുകള്‍ കൊണ്ടല്ല എന്ന് ചുരുക്കം. 

നിഗമനം

വനിതകളുടെ ഡിസ്‌കസ് ത്രോയില്‍ കമാല്‍പ്രീത് കൗര്‍ സ്ഥാപിച്ചിരിക്കുന്ന പുതിയ റെക്കോര്‍ഡ് പുരുഷ താരം വികാസ് ഗൗഡയുടെ ദേശീയ റെക്കോര്‍ഡിനേക്കാള്‍ മികച്ചതാണ് എന്ന ഇന്‍സ്റ്റഗ്രാം പോസ്റ്റ് തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്ന് വ്യക്തമാണ്. 

കൊവാക്‌സിനില്‍ പശുക്കിടാവിന്‍റെ സിറം? വസ്‌തുത വിശദമാക്കി കേന്ദ്ര സര്‍ക്കാര്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios