ധോണി ഇന്ത്യന്‍ ആര്‍മിക്കായി ഒരു പോസ്റ്റ് പോലും ഇട്ടിട്ടില്ലെന്നും, പഹല്‍ഗാം ഭീകരാക്രമണത്തെ കുറിച്ചോ ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ചോ ഒന്നും ഇതുവരെ പറഞ്ഞിട്ടില്ലെന്നും വരെ നീളുന്നു എക്‌സിലെ വിമര്‍ശനങ്ങള്‍
റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ എംഎസ് ധോണി സിഗരറ്റ് വലിക്കുന്നതായുള്ള ഒരു ചിത്രം രൂക്ഷ വിമര്‍ശനങ്ങളോടെ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെടുകയാണ്. ധോണിയുടെ ഭാര്യ സാക്ഷി സിംഗ് ബിയര്‍ കയ്യില്‍ പിടിച്ചിരിക്കുന്നതായും ഫോട്ടോയില്‍ കാണാം. ഈ ഫോട്ടോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ വൈറലാണ്. ധോണിക്കും ഭാര്യക്കും എതിരെ രൂക്ഷ വിമര്‍ശനങ്ങളോടെയാണ് ചിത്രം എക്‌സില്‍ നിരവധി പേര്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. ധോണിയെയും സാക്ഷി സിംഗിനെയും കടന്നാക്രമിച്ചുകൊണ്ടുള്ള ഈ ഫോട്ടോയുടെ സത്യാവസ്ഥ എന്താണ് എന്ന് ഫാക്‌ട് ചെക്കിലൂടെ പരിശോധിക്കാം.
പ്രചാരണം
‘എംഎസ് ധോണി നല്ല മനുഷ്യനല്ല’- എന്നാണ് ചിത്രം പങ്കിട്ടുകൊണ്ടുള്ള എക്‌സ് പോസ്റ്റിലെ പ്രധാന പരിഹാസം. ധോണി ഇന്ത്യന്‍ ആര്‍മിക്കായി ഒരു പോസ്റ്റ് പോലും ഇട്ടിട്ടില്ലെന്നും, പഹല്‍ഗാം ഭീകരാക്രമണത്തെ കുറിച്ചോ ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ചോ ഒന്നും ഇതുവരെ പറഞ്ഞിട്ടില്ലെന്നും വരെ നീളുന്നു ചിത്രത്തിനൊപ്പം എക്‌സ് ഉപയോക്താക്കളുടെ വിമര്‍ശനങ്ങള്‍. അതേസമയം, ധോണി ലഹരിയെ പ്രോത്‌സാഹിപ്പിക്കുന്നതായും എക്‌സ് പോസ്റ്റില്‍ വിമര്‍ശിക്കുന്നുണ്ട്.

വസ്‌തുതാ പരിശോധന
എന്താണ്, എം എഎസ് ധോണി സിഗരറ്റ് വലിക്കുന്നതും സാക്ഷി സിംഗ് ബിയറുമായി പോസ് ചെയ്യുന്നതുമായ ചിത്രത്തിന്‍റെ വസ്‌തുത? ധോണിയും സാക്ഷിയും ചേര്‍ന്നുള്ള ഈ ചിത്രം എഐ ഉപയോഗിച്ച് രൂപമാറ്റം വരുത്തിയതാണ്. എഐ ഡിറ്റക്ഷന്‍ ടൂളുകള്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ ഇക്കാര്യം വ്യക്തമായി. മാത്രമല്ല, വൈറല്‍ ചിത്രത്തിന്‍റെ റിവേഴ്‌സ് ഇമേജ് സെര്‍ച്ച് നടത്തിയപ്പോള്‍ പ്രസ്‌തുത ഫോട്ടോയുടെ ഒറിജിനല്‍ കണ്ടെത്താനുമായി. ധോണിയുടെയും സാക്ഷിയുടെയും ഫോട്ടോയുടെ ഒറിജിനല്‍ ചുവടെ ചേര്‍ക്കുന്നു. യഥാര്‍ഥ ചിത്രത്തില്‍ ധോണിയുടെ ചുണ്ടില്‍ സിഗരറ്റുമില്ല, സാക്ഷിയുടെ കയ്യില്‍ ബിയറുമില്ല. ധോണിക്കും സാക്ഷിക്കും എതിരെ നടക്കുന്നത് വ്യാജ പ്രചാരണമാണെന്ന് വ്യക്തം.
നിഗമനം
ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം എം എസ് ധോണിയുടെയും ഭാര്യ സാക്ഷി സിംഗിന്‍റെയും പ്രചരിക്കുന്ന ഫോട്ടോ എഐ ഉപയോഗിച്ച് രൂപമാറ്റം വരുത്തിയതാണ്. ഈ വ്യാജ ചിത്രം ഉപയോഗിച്ചാണ് ധോണിക്കും ഭാര്യക്കുമെതിരെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപ പ്രചാരണം വ്യാപകമായി നടക്കുന്നത്.



