Asianet News MalayalamAsianet News Malayalam

നെയ്മറുടെ കണ്ണീര്‍; മോഡ്രിച്ചെന്ന പ്രതിഭാസം, മെസിയെന്ന ഇതിഹാസം; ആരാധകര്‍ ഉറങ്ങാത്ത രാവ്

ക്രൊയേഷ്യയുടെ ജീവാത്മാവും പരമാത്മാവുമായി നിറഞ്ഞ് കളിച്ച നായകൻ മോഡ്രിച്ച്, പ്രതിരോധത്തിന്‍റെ നട്ടെല്ലായി നിന്ന ഗ്വാർഡിയോൾ. നല്ല ഗോളടിച്ച് ഗോൾവേട്ടയിൽ പെലെക്കൊപ്പമെത്തിയ നെയ്മർ, ഗോളടിക്കുകയും ഗോളടിപ്പിക്കുകയും ചെയ്ത മെസ്സി. ലാറ്റിനമേരിക്കൻ പ്രതീക്ഷകൾക്ക് ജീവശ്വാസം നൽകിയ മാർട്ടിനെസ്.

Brazil vs Croatia and Argentina vs Netherlands Match Analysis
Author
First Published Dec 10, 2022, 2:14 PM IST

ദോഹ: കാൽപന്തുകളിക്ക് കാൽപനികതയുടെ അഴകും മികവിന്റെ കരുത്തും നൽകിയ , കാൽപന്തുകളിക്ക് പ്രതീക്ഷയുടെ കരുത്തും ചരിത്രവും സ്വപ്നങ്ങളും നൽകിയ ലാറ്റിനമേരിക്കൻ ചാരുതയുടെ ഒരൊറ്റ പ്രതിനിധി മാത്രം ഖത്തറിൽ ബാക്കിയാവുന്നു. അശ്രാന്ത പരിശ്രമത്തിന്‍റെയും പോരാട്ടത്തിന്രെയും പ്രതീകമായ ക്രൊയേഷ്യ ഒരിക്കൽ കൂടി പെനാൽറ്റി ഷൂട്ടൗട്ടിന്‍റെ സമ്മർദം മറികടക്കുന്ന മിടുക്കൻമാരായി. അഞ്ച് വട്ടം ചാമ്പ്യൻമാരായ, ആറാം കിരീടത്തിന് ഇക്കുറി എന്തു കൊണ്ടും യോഗ്യരെന്ന് വിലയിരുത്തപ്പെട്ട ബ്രസീൽ വീണ്ടും മടങ്ങുന്നു. നെയ്മറിന്‍റെ കണ്ണീരും തിയാഗോ സിൽവയുടെ നെടുവീർപ്പുകളും ലോകമെമ്പാടുമുള്ള ആരാധകരുടെ ഹൃദയത്തിലും തീ  കോരിയിടുന്നു.

Brazil vs Croatia and Argentina vs Netherlands Match Analysis

അധികസമയത്തിന്രെ ആദ്യപകുതിയിൽ മികച്ച ടീം വർക്കിനൊടുപ്പിൽ ക്ലിനിക്കൽ പ്രിസിഷനോടെ നെയ്മർ നേടിയ ഗോൾ. സന്തോഷത്തിന് അധികം ആയുസ്സുണ്ടായില്ല. മത്സരം തീരാൻ മിനിറ്റുകൾ ശേഷിക്കെ പെട്കോവിച്ച് മത്സരം നീട്ടിയെടുത്തു. ലീഡ് നേടിയിട്ടും ആക്രമണം തുടരാൻ പ്രതിരോധം ഒരിട മറന്നുപോയതിന് കിട്ടിയ വലിയ ശിക്ഷ. മത്സരത്തിലുടനീളം 11 സേവുകൾ നടത്തി ടീമിന് ആയുസ്സും പ്രതീക്ഷയും നൽകിക്കൊണ്ടിരുന്ന ലിവാക്കോവിച്ച് വീണ്ടും പെനാൽറ്റി ഹീറോ ആയി. ആദ്യം കിക്കെടുത്ത റോഡ്രിഗോയുടെ ഷോട്ട് തടുത്തിട്ട് ആത്വിശ്വാസം ഏറ്റി. പേരിലും പ്രശസ്തിയിലും പരിചയത്തിലും എല്ലാം ഏറെ മുന്നിലുള്ള ബ്രസീൽ ഗോൾ കീപ്പർ അലിസൻ ബെക്കറിന് ഒരൊറ്റ പന്തു പോലും തടയാനായില്ല. കളം നിറഞ്ഞു കളിച്ച നായകൻ ലൂക മോഡ്രിച്ച് ഉൾപെടെ നാലുപേരും പന്ത് കൃത്യമായി വലയിലെത്തിച്ചു. മാർക്വീഞ്ഞോസിന്‍റെ പന്ത് പോസ്റ്റിൽ തട്ടിത്തെറിച്ചതോടെ ബ്രസീലിന്‍റെ കാര്യം തീരുമാനമായി.

അലിസൻ ബെക്കറിന് പറ്റാതിരുന്നത് എമിലിയാനോ മാർട്ടിനെസിന് പറ്റി. വാൻ ദെയ്ക്കിന്റേയും സ്റ്റീവൻ ബെർഗ്യൂസിന്‍റെയും കിക്കുകൾ തടുത്തിട്ട് അർജന്‍റീനയുടെ സെമി പ്രവേശനത്തിൽ ഹീറോ ആയി. ആവേശം നിറഞ്ഞതായിരുന്നു മത്സരം. വാശി മത്സരത്തിൽ പുറത്തെടുത്ത കാർഡുകളിലും കാണാം. ഏറ്റവും അധികം മഞ്ഞക്കാർഡ് കണ്ട മത്സരമായി അത്. മെസ്സിയും സ്കലോനിക്കും വെഹോഴ്സ്റ്റിനും ഒക്കെ കിട്ടി മഞ്ഞക്കാർഡ്. പോരാഞ്ഞ് ഡംഫ്രീസിന് ചുവപ്പുകാർഡും. കളിക്കിടയിലെ ഫൗളുകൾ മാത്രമായിരുന്നില്ല പ്രശ്നം, കളിക്കിടയിലെ വാശി കാര്യമാക്കിയത് പരേഡസ് ആണ്. 89ആം മിനിറ്റിൽ നാഥൻ ആകെയെ ഫൗൾ ചെയ്തു. തീർന്നില്ല. ദേഷ്യവും വാശിയും. പന്ത് ഒരൊറ്റ അടി അടിച്ച്  ഡച്ച് കളിക്കാരിരിക്കുന്ന ഡഗ് ഔട്ടിലേക്ക്. എല്ലാവരും കൂടി ഓടിവന്നു. ആകെ ജഗപൊഗ. നന്നായി വിയർത്തെങ്കിലും സ്പാനിഷ് റഫറി അന്തോണിയോ ലാഹോസ് അത്ര പോരായിരുന്നു എന്ന വിമർശനം ബാക്കി.

Brazil vs Croatia and Argentina vs Netherlands Match Analysis

രണ്ട് ഗോളിന് മുന്നിട്ടു നിൽക്കുകയായിരുന്നു അർജന്‍റീന. മൊലീനയുടെ ആദ്യഗോളിന് വഴിയൊരുക്കിയും പെനാൽറ്റി കൃത്യമായി ഗോളാക്കിയും നായകൻ മെസ്സി നിറഞ്ഞുകളിച്ച മത്സരം. കളിസമയം തീരാനിരിക്കെ പകരക്കാരനായി ഇറങ്ങിയ വെഹോഴ്സ്റ് ഗോളടിച്ചു. ബോക്സിനു പുറത്തുനിന്ന് മറ്റൊരു പകരക്കാരൻ താരം സ്റ്റീവൻ ബെർഗ്യൂസ് ഉയർത്തിവിട്ട തകർപ്പൻ ക്രോസിൽ ആറടി ആറിഞ്ചുകാരൻ വെഹോഴ്സ്റ്റ് ഉയർന്നു ചാടി തലവെച്ചു. മാർട്ടിനെസിന് രക്ഷയുണ്ടായിരുന്നില്ല. ഇഞ്ചുറി ടൈം തീരാനിരിക്കെ, സെക്കൻഡുകൾ ബാക്കിനിൽക്കെ  നെതർലൻഡ്സ് പിന്നെയും ഞെട്ടിച്ചു. ബോക്സിന് അടുത്ത് കിട്ടിയ ഫ്രീകിക്ക് കോപ്മെയ്നേഴ്സ്...

ഉയർത്തിയടിച്ചില്ല. പകരം അർജന്റീനയുടെ പ്രതിരോധനിരയിനിടയിൽ നിന്ന വെഹോഴ്സ്റ്റിന് ഉരുട്ടിയിട്ടു കൊടുത്തു. സമനില ഗോൾ. മത്സരം നീണ്ടു, അധികസമയത്ത് ഗോൾ പിറന്നില്ല. വീണ്ടും പെനാൽറ്റി ഷൂട്ടൗട്ട്.  എൻസോ ഒഴികെയുള്ളവർ അ‍ജന്‍റീനക്കായി തെറ്റില്ലാതെ ഗോളാക്കി. ആ വിടവ് നികത്താൻ മാർട്ടിനെസ് രക്ഷകനായി.ഓറഞ്ച് പടക്ക് പിന്നെയും നിരാശയായി.

ക്രൊയേഷ്യയുടെ ജീവാത്മാവും പരമാത്മാവുമായി നിറഞ്ഞ് കളിച്ച നായകൻ മോഡ്രിച്ച്, പ്രതിരോധത്തിന്‍റെ നട്ടെല്ലായി നിന്ന ഗ്വാർഡിയോൾ. നല്ല ഗോളടിച്ച് ഗോൾവേട്ടയിൽ പെലെക്കൊപ്പമെത്തിയ നെയ്മർ, ഗോളടിക്കുകയും ഗോളടിപ്പിക്കുകയും ചെയ്ത മെസ്സി. ലാറ്റിനമേരിക്കൻ പ്രതീക്ഷകൾക്ക് ജീവശ്വാസം നൽകിയ മാർട്ടിനെസ്. എല്ലാവരും കേമൻമാർ. എന്നാലും തുടർച്ചയായി രണ്ടാം തവണയും ടീമിന്റെ വിജയശിൽപിയായ ലിവാകോവിച്ചിന് ഇന്നത്തെ കുതിരപ്പവൻ.

Brazil vs Croatia and Argentina vs Netherlands Match Analysis

പെനാൽറ്റി ഷൂട്ടൗട്ടിൽ മാത്രമല്ല ഇക്കുറി ലിവാകോവിച്ച് തിളങ്ങിയത്. സമ്മർദത്തിന് വഴങ്ങാതെ, വലിയ ഘോഷങ്ങളില്ലാതെ ലിവാകോവിച്ച് പേരുകേട്ട ബ്രസീൽ ആക്രമണനിരയുടെ  പതിനൊന്ന് ഗോൾശ്രമങ്ങളാണ് ലിവാകോവിച്ച് തടുത്തത്. നെയ്മറുടെയും പക്വെറ്റയുടെയും ഉൾപെടെ ശ്രമങ്ങൾക്ക് വിജയാരവം നൽകാതിരുന്ന ലിവാകോവിച്ച് ഇത്തവണ നടത്തിയത് ഈ ടൂർണമെന്‍റിലെ ഏറ്റവും കൂടുതൽ സേവുകളാണ്. നാട്ടിൽനിന്ന പോരുമ്പോൾ ടീമിലെ കേമൻമാരുടെ പട്ടികയിൽ ഉണ്ടായിരുന്നില്ല ലിവാകോവിച്ച്. പക്ഷേ തിരിച്ചെത്തുക ഹീറോ ആയിട്ടാണ്.

Follow Us:
Download App:
  • android
  • ios