Asianet News MalayalamAsianet News Malayalam

ലോകകപ്പില്‍ വമ്പന്‍ അട്ടിമറി:ജയിച്ചിട്ടും ജര്‍മനി പുറത്ത്, സ്പെയിനിനെ വീഴ്ത്തി ജപ്പാന്‍ പ്രീ ക്വാര്‍ട്ടറില്‍

സ്പെയിനും ജര്‍മനിയും ഉള്‍പ്പെട്ട ഗ്രൂപ്പില്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ജപ്പാന്‍ പ്രീ ക്വാര്‍ട്ടറിലെത്തിയത് ഏഷ്യക്കും അഭിമാനനേട്ടമായി. ഇതാദ്യമായാണ് ജപ്പാന്‍ തുടര്‍ച്ചയായ ലോകകപ്പുകളില്‍ പ്രീ ക്വാര്‍ട്ടറിലെത്തുന്നത്.

FIFA World Cup 2022: Germany out in group stage, Japans stuns Spain
Author
First Published Dec 2, 2022, 2:39 AM IST

ദോഹ: ഖത്തര്‍ ലോകകപ്പില്‍ വീണ്ടും വമ്പന്‍ അട്ടിമറി. കോസ്റ്റോറിക്കയെ 4-2ന് തോല്‍പ്പിച്ചിട്ടും മുന്‍ ലോക ചാമ്പ്യന്‍മാരായ ജര്‍മനി പ്രീ ക്വാര്‍ട്ടര്‍ കാണാതെ ആദ്യ റൗണ്ടില്‍ പുറത്തായപ്പോള്‍ സ്പെയിനിനെ അട്ടിമറിച്ച(2-1) ജപ്പാന്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി പ്രീ ക്വാര്‍ട്ടറിലെത്തി. ജപ്പാനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയെങ്കിലും മികച്ച ഗോള്‍ വ്യത്യാസത്തിന്‍റെ കരുത്തില്‍ സ്പെയിന്‍ ഗ്രൂപ്പില്‍ രണ്ടാമന്‍മാരായി പ്രീ ക്വാര്‍ട്ടറിലെത്തി.

 പ്രീ ക്വാര്‍ട്ടറിലെത്താന്‍ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ കോസ്റ്റോറിക്കക്കെതിരെ ജയം അനിവാര്യമായിരുന്ന ജര്‍മനി ജയം നേടിയെങ്കിലും(4-2) ജപ്പാന്‍റെ അട്ടിമറിയോടെ തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലും ഗ്രൂപ്പ് ഘട്ടം കടക്കാതെ പുറത്തായി. ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിലായിരുന്ന ജര്‍മനിക്കെതിരെ രണ്ടാം പകുതിയില്‍ രണ്ട് ഗോളടിച്ച് കോസ്റ്റോറിക്ക അട്ടിമറിക്കുമെന്ന് തോന്നിച്ചെങ്കിലും മൂന്ന് ഗോള്‍ കൂടി മടക്കി ജര്‍മനി വിജയം പിടിച്ചെടുത്തു.

സ്പെയിനും ജര്‍മനിയും ഉള്‍പ്പെട്ട ഗ്രൂപ്പില്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ജപ്പാന്‍ പ്രീ ക്വാര്‍ട്ടറിലെത്തിയത് ഏഷ്യക്കും അഭിമാനനേട്ടമായി. ഇതാദ്യമായാണ് ജപ്പാന്‍ തുടര്‍ച്ചയായ ലോകകപ്പുകളില്‍ പ്രീ ക്വാര്‍ട്ടറിലെത്തുന്നത്. തോറ്റെങ്കിലും കോസ്റ്റോറിക്കയെ 7-0ന് തോല്‍പ്പിച്ചതിന്‍റെ മികച്ച ഗോള്‍ വ്യത്യാസത്തിലാണ് രണ്ടാം സ്ഥാനക്കാരായി സ്പെയിന്‍ പ്രീ ക്വാര്‍ട്ടറിലെത്തിയത്. ഒരു ഘട്ടത്തില്‍ ജര്‍മനിക്കെതിരെ കോസ്റ്റോറിക്ക 2-1 ലീഡെടുത്തപ്പോള്‍ സ്പെയിനും പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്താവുന്ന ഘട്ടത്തിലായെങ്കിലും ജര്‍മനി വൈകാതെ സമനില ഗോള്‍ നേടിയത് സ്പെയിനിന് രക്ഷയായി.   

ജയിച്ചിട്ടും ജര്‍മനിയുടെ വഴി മുടക്കി ജപ്പാന്‍

FIFA World Cup 2022: Germany out in group stage, Japans stuns Spain

സ്പെയിന്‍ 7-0ന് തകര്‍ത്തുവിട്ട കോസ്റ്റോറിക്കക്കെതിരെ വമ്പന്‍ ജയം ലക്ഷ്യമിട്ടാണ് ജര്‍മനി ഗ്രൗണ്ടിലിറങ്ങിയത്. പത്താം മിനിറ്റില്‍ തന്നെ സെര്‍ജ് ഗ്നാബ്രി ജര്‍മനിക്ക് ലീഡ് നല്ഡ‍കിയപ്പോള്‍ ഗോള്‍മഴയാണ് ആരാധകര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ ആദ്യ പകുതിയില്‍ ജര്‍മനിയെ പിന്നീട് ഗോളടിക്കാന്‍ അനുവദിക്കാതിരുന്ന കോസ്റ്റോറിക്ക രണ്ടാം പകുതിയില്‍ 58-ാം മിനിറ്റില്‍ യെല്‍സിന്‍ ജേഡയിലൂടെ സമനില ഗോള്‍ നേടി ജര്‍മനിയെ ഞെട്ടിച്ചു. സമനില ഗോള്‍ നേടിയതോടെ വിജയഗോളിനായി പിന്നീട് കോസ്റ്റോറിക്കയുടെ ശ്രമം. അതിലവര്‍ വിജയം കാണുകയും ചെയ്തു. 70-ാം മിനിറ്റില്‍ യുവാന്‍ പാബ്ലോ വര്‍ഗാസ് കോസ്റ്റോറിക്കയെ മുന്നിലെത്തിച്ചതോടെ ജര്‍മനി മാത്രമല്ല സ്പെയിനും ഞെട്ടി. കാരണം കോസ്റ്റോറിക്ക ജയിച്ചാല്‍ സ്പെയിനും പ്രീ ക്വാര്‍ട്ടറിലെത്താതെ പുറത്താവുമായിരുന്നു.

എന്നാല്‍ മൂന്ന് മിനിറ്റിനകം കയ് ഹാവെര്‍ട്സ് സമനില ഗോള്‍ നേടി ജര്‍മനിയെ ഒപ്പമെത്തിച്ചു. കളി തീരാന്‍ അഞ്ച് മിനിറ്റ് ബാക്കിയിരിക്കെ ഹാവെര്‍ട്സിന്‍റെ രണ്ടാം ഗോളില്‍ ജര്‍മനി ജയം ഉറപ്പിച്ചു. 89-ാം മിനിറ്റില്‍ നിക്ലാസ് ഫുള്‍ക്രുഗ് ഒരു ഗോള്‍ കൂടി കോസ്റ്റോറിക്കന്‍ വലയിലെത്തിച്ച് ജയം ആധികാരികമാക്കിയെങ്കിലും ആ ജയത്തിനും ജര്‍മനിയെ പ്രീ ക്വാര്‍ട്ടറിലെത്തിക്കാനായില്ല.

ജപ്പാന്‍ വീര്യത്തില്‍ സ്പെയിന്‍ വീണു

FIFA World Cup 2022: Germany out in group stage, Japans stuns Spain

ഗ്രൂപ്പ് ഇയിലെ മറ്റൊരു വീറുറ്റ പോരാട്ടത്തില്‍ ജപ്പാന്‍ സ്പെയിനിനെ വീഴ്ത്തി. ആദ്യ പകുതിയില്‍ 1-0ന് മുന്നിലായിരുന്ന സ്പെയിനിനെ രണ്ടാം പകുതിയിസ്‍ രണ്ട് മിനിറ്റിന്‍റെ ഇടവേളയില്‍ രണ്ട് ഗോളടിച്ചാണ് ജപ്പാന്‍ വീഴ്ത്തിയത്. ആദ്യ പകുതിയില്‍ 11-ാം മിനിറ്റില്‍ ആല്‍വാരോ മൊറാട്ടയിലൂടെ സ്പെയിന്‍ മുന്നിലെത്തി. എന്നാല്‍ ആദ്യ പകുതിയില്‍ പന്തടക്കത്തിലും പാസിംഗിലും മൃഗീയ ആധിപത്യം പുലര്‍ത്തിയിട്ടും സ്പെയിനിനെ വീണ്ടും ഗോളടിക്കാന്‍ ജപ്പാന്‍ അനുവദിച്ചില്ല. ആദ്യ പകുതിയില്‍ സ്പെയിന്‍ 500ലേറെ പാസുകള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ജപ്പാന്‍ നൂറില്‍ താഴെ പാസുകള്‍ മാത്രമാണ് പൂര്‍ത്തിയാക്കിയത്.

എന്നാല്‍ രണ്ടാം പകുതിയില്‍ മറ്റൊരു ജപ്പാനെയാണ് കണ്ടത്. ജര്‍മനിക്കെതിരെ സമനില ഗോള്‍ നേടിയ റിറ്റ്സു ഡോവന്‍ 49-ാം മിനിറ്റില്‍ മനോഹരമായൊരു വോളിയിലൂടെ ജപ്പാന്‍റെ സമനില ഗോള്‍ നേടി. തൊട്ടു പിന്നാലെ ഒരു മിനിറ്റിനകം ജപ്പാന്‍ ലീഡെടുത്തു. വിവാദപരമായൊരു തീരുമാനത്തില്‍ ഔട്ടായ പന്തിലാണ് ഓ ടനാക ജപ്പാനെ മുന്നിലെത്തിച്ച ഗോള്‍ നേടിയതെന്ന് സംശയമുയര്‍ന്നെങ്കിലും വാര്‍ ചെക്കില്‍ ജപ്പാന് ഗോള്‍ അനുവദിച്ചു. ഇതോടെ തോല്‍വി ഒഴിവാക്കാന്‍ സ്പെയിന്‍ നിരന്തരം ജപ്പാന്‍ ഗോള്‍മുഖം ആക്രമിച്ചെങ്കിലും ജപ്പാന്‍ പ്രതിരോധം ബസ് പാര്‍ക്കിംഗുമായി പിടിച്ചു നിന്നു.ജപ്പാന്‍ ഗോള്‍ കീപ്പര്‍ ഷൂച്ചി ഗോണ്ടയുടെ മിന്നും സേവുകളും അവരുടെ രക്ഷക്കെത്തി.

Follow Us:
Download App:
  • android
  • ios