Asianet News MalayalamAsianet News Malayalam

'അസമയത്ത് സംഭവിച്ചു', പോസ്റ്റ്‍മോർട്ടത്തിന് പിന്നാലെ ഗ്രാന്‍ഡ് വാലിന്‍റെ മരണ കാരണം വ്യക്തമാക്കി ഭാര്യ

വര്‍ഷങ്ങളായി നേരിടുന്ന ഒന്നായിരുന്നുവെന്നും അസമയത്ത് സംഭവിച്ചുവെന്നുമാണ് പോസ്റ്റ്‍മോർട്ടത്തിലെ കണ്ടെത്തലിനേക്കുറിച്ച് സെലിന്‍ ഗ്രൌണ്ടര്‍ വിശദമാക്കുന്നത്.

Grant Wahl suffered an aortic aneurysm that ruptured says wife after autopsy
Author
First Published Dec 14, 2022, 9:39 PM IST

ഖത്തര്‍ ലോകകപ്പ് റിപ്പോര്‍ട്ടിംഗിനിടെ വിഖ്യാത കായിക ലേഖകന്‍ മരിച്ചത് അപൂര്‍വ്വ രോഗം മൂലമെന്ന് ഭാര്യ. ലുസൈല്‍ സ്റ്റേഡിയത്തിലെ മത്സരത്തിനിടെ മാധ്യമപ്രവര്‍ത്തകരുടെ മുറിയില്‍ കുഴഞ്ഞുവീണ ഗ്രാന്‍ഡ് വാലിന്‍റെ മരണത്തിന് ഇടയാക്കിയത് രക്തക്കുഴലുകള്‍ക്ക് സംഭവിക്കുന്ന വീക്കം മൂലമെന്നാണ് ഭാര്യ അന്തര്‍ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്. 2001ല്‍ ഗ്രാന്‍ഡ് വാലിനെ വിവാഹം ചെയ്ത ഡോക്ടര്‍ കൂടിയായ സെലിന്‍ ഗ്രൌണ്ടറാണ് പോസ്റ്റ് മോര്‍ട്ടത്തിലെ കണ്ടെത്തലുകളേക്കുറിച്ച് വിശദമാക്കിയത്.

ഡിസംബര്‍ 14 ന് രാവിലെ ന്യൂയോര്‍ക്ക് സിറ്റി മെഡിക്കല്‍ എക്സാമിനറുടെ ഓഫീസില്‍ വച്ചായിരുന്നു മൃതദേഹ പരിശോധന നടന്നത്. വര്‍ഷങ്ങളായി നേരിടുന്ന ഒന്നായിരുന്നുവെന്നും അസമയത്ത് സംഭവിച്ചുവെന്നുമാണ് പോസ്റ്റുമോര്‍ട്ടത്തിലെ കണ്ടെത്തലിനേക്കുറിച്ച് സെലിന്‍ ഗ്രൌണ്ടര്‍ വിശദമാക്കുന്നത്.  ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്‍റീന-നെതര്‍ലന്‍ഡ്‌സ് ക്വാര്‍ട്ടര്‍ മത്സരം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് അമേരിക്കന്‍ ഫുട്ബോള്‍ എഴുത്തുകാരനായ ഗ്രാന്‍ഡ് വാല്‍ കുഴഞ്ഞുവീണത്. മത്സരത്തിലെ എക്‌സ്‌ട്രാ ടൈം ആരംഭിക്കുമ്പോള്‍ പ്രസ് ബോക്‌സില്‍ കുഴഞ്ഞുവീണ വാലിന് പ്രഥമ ശുശ്രൂഷ നല്‍കുകയും പിന്നാലെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്‌തെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല.

കായിക മാധ്യമപ്രവര്‍ത്തന കരിയറിലെ എട്ടാം ലോകകപ്പിനായാണ് ഗ്രാന്‍ഡ് വാല്‍ ഖത്തറിലെത്തിയത്.ദിവസങ്ങളായി ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നതായി തന്‍റെ വെബ്‌സൈറ്റില്‍ ഗ്രാന്‍ഡ് മുമ്പ് എഴുതിയിരുന്നു. ഖത്തറിലെത്തിയ ശേഷം ഗ്രാന്‍ഡ് മെഡിക്കല്‍ സഹായം തേടിയിരുന്നു. 1996 മുതല്‍ കായിക റിപ്പോര്‍ട്ടിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാന്‍ഡ് വാലിന് സ്വന്തമായി വെബ്‌സൈറ്റുണ്ട്.

2012 മുതല്‍ 2019 വരെ ഫോക്‌സ് സ്പോര്‍ട്‌സിനായി മത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മരണത്തിന് ഒരു ദിവസം മുമ്പായിരുന്നു ഗ്രാന്‍ഡ് വാലിന്‍റെ 48-ാം ജന്‍മദിനം. ഫിഫ വാര്‍ഷിക പുരസ്‌കാര ചടങ്ങില്‍ വോട്ടവകാശമുള്ള മാധ്യമപ്രവര്‍ത്തകന്‍ കൂടിയായിരുന്നു ഗ്രാന്‍ഡ് വാല്‍. എട്ടോ അതിലധികമോ ലോകകപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്‌തവര്‍ക്കുള്ള അംഗീകാരമായി അടുത്തിടെ ഫിഫ ഇദേഹത്തെ ആദരിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios