ജോണ്‍ വീണത് എങ്ങനെയാണെന്നോ മരണത്തിന് പിന്നിലെ ദുരൂഹത നീക്കാനോ തൊഴിലുടമ തയ്യാറായിട്ടില്ലെന്നാണ് കുടുംബത്തിന്‍റെ ആരോപണം

ഖത്തറിലെ ലോകകപ്പ് ഫുട്ബോള്‍ മത്സര സ്റ്റേഡിയത്തിലെ സുരക്ഷാ ജീവനക്കാരന് ദാരുണാന്ത്യം. കെനിയന്‍ സ്വദേശിയായ സുരക്ഷാ ജീവനക്കാരനാണ് ഡ്യൂട്ടിക്കിടെ ലുസൈല്‍ സ്റ്റേഡിയത്തിലെ എട്ടാം നിലയില്‍ നിന്ന് വീണ് മരിച്ചത്. കുടിയേറ്റ തൊഴിലാളിയായ ജോണ്‍ നു കിബുവെയാണ് മരിച്ചത്. ശനിയാഴ്ചയായിരുന്നു ഡ്യൂട്ടിക്കിടെ ഇയാള്‍ എട്ടാം നിലയില്‍ നിന്ന് താഴെ വീണത്. 24വയസാണ് ജോണിന് പ്രായം. മരണ വിവരം ജോണിന്‍റെ തൊഴിലുടമ ഉറ്റവരെ അറിയിച്ചിട്ടുണ്ട്.

അവന് നീതി നടപ്പിലാക്കാനുള്ള പോരാട്ടത്തിനുള്ള പണം തങ്ങളുടെ പക്കലില്ല എന്നാല്‍ എന്താണ് സംഭവിച്ചതെന്ന് അറിയണമെന്ന് ആഗ്രഹമുണ്ടെന്നാണ് ജോണിന്‍റെ സഹോദരി ആന്‍വാജിറു സിഎന്‍എന്നിനോട് പ്രതികരിച്ചത്. ജോണിന്‍റെ മരണം സംബന്ധിച്ച് സിഎന്‍എന്‍ നടത്തിയ അന്വേഷണത്തില്‍ ഇയാളെ ദോഹയിലെ ഹമദ് ജനറല്‍ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചതിന്‍റെ രേഖകള്‍ ലഭിച്ചിരുന്നു. ഇതില്‍ വിശദമാക്കുന്നതിന്‍റെ അടിസ്ഥാനത്തില്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റും മുഖത്ത് പൊട്ടലുകളോടെയും ഇടുപ്പെല്ലില്‍ പൊട്ടലുമായാണ് ജോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മെഡിക്കല്‍ സംഘത്തിന്‍റെ എല്ലാ പരിശ്രമങ്ങള്‍ക്ക് ശേഷവും ജോണ്‍ മരിച്ചതായാണ് ലോകകപ്പ് സംഘാടകര്‍ പ്രസ്താവനയില്‍ പറയുന്നത്. ഡിസംബര്‍ 13 ചൊവ്വാഴ്ചയാണ് ജോണ്‍ മരിച്ചതെന്നും പ്രസ്താവന വിശദമാക്കുന്നു. ഏററവുമടുത്ത ബന്ധുക്കളെ വിവരം അറിയിച്ചതായും കുടുംബത്തിന്‍റെ ദുഖത്തില്‍ അവരോടൊപ്പം ചേരുന്നതായും പ്രസ്താവന വിശദമാക്കുന്നു. വീഴ്ചയില്‍ ജോണിന് ഗുരുതര പരിക്കേറ്റെന്ന് നേരത്തെയും സംഘാടകര്‍ വിശദമാക്കിയിരുന്നു. ജോണ്‍ സ്റ്റേഡിയത്തില്‍ നിന്ന് വീഴാനിടയായ സാഹചര്യത്തേക്കുറിച്ച് അന്വേഷണം നടത്തുമെന്ന് സംഘാടകര്‍ വിശദമാക്കി. എന്നാല്‍ ജോണിന്‍റെ തൊഴിലുടമയ്ക്കെതിരെ രൂക്ഷമായ ആരോപണങ്ങളാണ് ജോണിന്‍റെ കുടുംബം ഉയര്‍ത്തുന്നത്.

ജോണ്‍ വീണത് എങ്ങനെയാണെന്നോ മരണത്തിന് പിന്നിലെ ദുരൂഹത നീക്കാനോ തൊഴിലുടമ തയ്യാറായിട്ടില്ലെന്നാണ് ആരോപണം. കഴിഞ്ഞ വനംബറിലാണ് ജോണ്‍ ഖത്തറിലെത്തുന്നത്. അല്‍ സ്രായിയ സെക്യൂരിറ്റി സര്‍വ്വീസുമായുള്ള കരാറിനെ തുടര്‍ന്നായിരുന്നു ഇത്. ലോകകപ്പ് മത്സരം ആരംഭിച്ച ശേഷം ഗള്‍ഫ് രാജ്യത്ത് മരിക്കുന്ന രണ്ടാമത്തെ കുടിയേറ്റ തൊഴിലാളിയാണ് ജോണ്‍. നേരത്തെ ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങള്‍ക്കിടെ മറ്റൊരു കുടിയേറ്റ തൊഴിലാളി സൌദി അറേബ്യ ടീം ഉപയോഗിച്ചിരുന്ന റിസോര്‍ട്ടിലുണ്ടായ അപകടത്തില്‍ മരിച്ചിരുന്നു.