Asianet News MalayalamAsianet News Malayalam

എന്‍സോ ഫെര്‍ണാണ്ടസ് മുതല്‍ റാമോസ് വരെ, ഖത്തറിലെ തലപ്പൊക്കമുള്ള താരോദയങ്ങള്‍

സാകയേക്കാൾ ഒരു വയസ്സിന് മൂപ്പുള്ള ഫിൽ ഫോഡൻ മാഞ്ചസ്റ്റർ സിറ്റിയുടെ താരമാണ്. സിറ്റിയുടെ തലമുതിർന്ന കോച്ച് ഗ്വാർഡിയോള ഫോഡനെ വിശേഷിപ്പിച്ചത് പരിശീലകനായുള്ള ജീവിതത്തിൽ കണ്ട ഏറ്റവും പ്രതിഭാശാലിയായ താരമെന്ന്. ഏത് റോളിലും തിളങ്ങും. ഗോളടിച്ചും ഗോളടിപ്പിച്ചും ഫോഡൻ താനൊരു യുവപ്രതിഭയാണെന്ന് തെളിയിച്ചുകഴിഞ്ഞു.

Young Players who impressed most in Qatar World Cup 2022
Author
First Published Dec 12, 2022, 1:36 PM IST

ദോഹ: മെസി, റൊണാൾഡോ, നെയ്മർ, ലെവൻഡോവ്സ്കി, ബെയ്ൽ, ലുകാകു അങ്ങനെ അങ്ങനെ തലപ്പൊക്കമുള്ള താരത്തിളക്കമുള്ള ഫുട്ബോൾ ലോകത്തെ പുതിയ താരോദയങ്ങൾ, പുതിയ പ്രതീക്ഷകൾ ആരൊക്കെ എന്തൊക്കെ? സമ്പൂർണ ഉത്തരമല്ലെങ്കിലും ചില സൂചനകൾ ഖത്തർ തന്നിരിക്കുന്നു.

Young Players who impressed most in Qatar World Cup 2022

കഴിഞ്ഞ ലോകകപ്പിലെ ഞെട്ടിക്കുന്ന യുവതാരം എംബപ്പെയായിരുന്നു. പെലെയുടെ നേട്ടങ്ങൾക്കൊപ്പം ചേർത്തുനിർത്തി ആഘോഷിക്കപ്പെട്ട പ്രതിഭ. ഇക്കുറിയും എംബപ്പെ ഉണ്ട്. ടീമിന്‍റെ വിജയങ്ങളിലെ നെടുംതൂണുകളിൽ ഒന്നാണ്. ഗോൾ വേട്ടയിൽ മുന്നിലാണ്. ആദ്യമായി ആദ്യമായിട്ടിറങ്ങിയ മത്സരത്തിൽ ഹാട്രിക്, പിന്നെ എണ്ണം പറഞ്ഞ ഒരു അസിസ്റ്റ് വേറെ. ഗോൺസാലോ റാമോസ് വരവ് അറിയിച്ചത് ഗംഭീരമായിട്ട്. മിറോസ്ലാവ് ക്ലോസക്ക് ശേഷം ആദ്യമത്സരത്തിൽലോകകപ്പിൽ ഹാട്രിക് അടിക്കുന്ന താരം. പോർച്ചഗൽ ക്ലബായ ബെൻഫിക്കയുടെ അക്കാദമിയിൽ പതിമൂന്നാംവയസ്സിലെത്തിയ ഇപ്പോൾ ക്ലബിന് വേണ്ടി കളിക്കുന്ന റാമോസ്, പ്രീ ക്വാർട്ടറിൽ സ്വിറ്റ്സർലൻഡിന് എതിരെ ഇറങ്ങിയത് സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പകരമായിട്ട്. കോച്ചിന്റെ വിലയിരുത്തലോടെ തന്നെ വാർത്തകളിലെത്തിയ റാമോസ്, ആ വിലയിരുത്തൽ ശരിയെന്ന് തെളിയിച്ച് പോർച്ചുഗൽ ആരാധകരുടെ പുതിയ പോസ്റ്റർ ബോയ് ആയി, ഫുട്ബോൾപ്രമേകികളുടെ ഇടയിൽ താരമായി.

ഇംഗ്ലണ്ട് ടീമിൽ കുറേ കേമൻ പിള്ളേരുണ്ട്. അവരിൽ പ്രമുഖനാണ് ബെല്ലിങാം, മധ്യനിരയിൽ പറന്നുകളിക്കുന്ന പത്തൊൻപതുകാരൻ. യൂറോ കപ്പിൽ കളിച്ച ഏറ്റവും പ്രായം കുറഞ്ഞ  താരം, ജർമൻലീഗിൽ മികച്ച പുതുമുഖതാരം, ബൊറൂസിയ ഡോർട്മുണ്ടിന്റെ താരമായ ബെല്ലിങാം യൂറോ കപ്പ് ഫൈനലിൽ ദേശീയടീമിനൊപ്പമെത്തി. മൈതാനത്ത് എവിടെയും ബെല്ലിങാം എത്തും. പ്രതിരോധനിരക്കാരെ പറ്റിക്കും, മധ്യനിരയുടെചുക്കാൻ പിടിക്കും. സ്കോറും ചെയ്യും.  സെനഗലിന് എതിരെ പ്രീ ക്വാർട്ടറിൽ നേടിയ ഉഗ്രൻ വിജയത്തിന്റെ ശിൽപി  ബെല്ലിങാം ആണ് . ലോകകപ്പിലെ അരങ്ങേറ്റത്തിൽ ഇറാനെതിരെ ഗോളുമടിച്ചു.

Young Players who impressed most in Qatar World Cup 2022

21കാരനായ ബുകായോ  സാകയും 22 കാരനായ ഫിൽ ഫോഡനും ടീനേജ് വിടാത്ത ബെല്ലിങാമിന് കൂട്ടുകാരാകുന്നു. ആർസണലിന്റെ പ്രിയപ്പെട്ട, കേമനായ കളിക്കാരനാണ് സാക, 2020 മുതൽ ഇംഗ്ലണ്ടിന്റെ ജഴ്സി അണിയുന്നു.  യൂറോ 2020ൽ റണ്ണറപ്പായ ഇംഗ്ലണ്ടിനൊപ്ം കളിച്ചു സാക്ക. അന്ന് ഫൈനലിൽ ഇറ്റലിക്ക് എതിരെ പെനാൽറ്റി ഷൂട്ടൗട്ടിൽ ലക്ഷ്യം തെറ്റിയപ്പോൾ സാക നേരിട്ടത് ക്രൂരമായ വംശീയാധിക്ഷേപമാണ്. അന്നും ചേർത്ത് നിർത്തിയ, പ്രതിരോധിച്ച  കോച്ച് സൗത്ത്ഗേറ്റ് ശരിയെന്ന് തെളിയിച്ചു സാക, താൻ നല്ല കളിക്കാരനാണെന്നും. ആദ്യ ലോകകപ്പിലെത്തുന്ന  സാക ഇതുവരെ മൂന്ന് ഗോളടിച്ചു.
സാകയേക്കാൾ ഒരു വയസ്സിന് മൂപ്പുള്ള ഫിൽ ഫോഡൻ മാഞ്ചസ്റ്റർ സിറ്റിയുടെ താരമാണ്. സിറ്റിയുടെ തലമുതിർന്ന കോച്ച് ഗ്വാർഡിയോള ഫോഡനെ വിശേഷിപ്പിച്ചത് പരിശീലകനായുള്ള ജീവിതത്തിൽ കണ്ട ഏറ്റവും പ്രതിഭാശാലിയായ താരമെന്ന്. ഏത് റോളിലും തിളങ്ങും. ഗോളടിച്ചും ഗോളടിപ്പിച്ചും ഫോഡൻ താനൊരു യുവപ്രതിഭയാണെന്ന് തെളിയിച്ചുകഴിഞ്ഞു.

Young Players who impressed most in Qatar World Cup 2022

പ്രതിഭകൾക്ക് ഒരു കാലത്തും പഞ്ഞമില്ലാത്ത ബ്രസീലിലെ പുതിയ താരോദയമാണ് വിനീസ്യസ് ജൂനിയർ. 22 വയസ്സേ ഉള്ളൂ. ഡ്രിബ്ലിങ്ങിലും വേഗതക്കും കളിയൊരുക്കലിലും കേമൻ. റെയൽ മാഡ്രിഡ് വെറുതെയല്ല പൊന്നുംവിലക്ക് കൊണ്ടുപോയത്. ക്ലബിന് യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കൾ ആക്കിയതിൽ വിനീഷ്യസിനും പങ്കുണ്ട്,  രാജ്യത്തിന് വേണ്ടിയുള്ള ആദ്യ അന്താരഷ്ട്ര ഗോൾ ചിലെക്ക് എതിരെയുള്ള യോഗ്യതാമത്സരത്തിലും ആദ്യത്തെ ലോകകപ്പ് ഗോൾ തെക്കൻ കൊറിയക്ക് എതിരെയും. ഒപ്പമുള്ളവർ അടിച്ച ഒന്നിലധികം ഗോളുകളിലും വിനീസ്യസിന്‍റെ കയ്യൊപ്പമുണ്ട്. പേരിൽ മാത്രമാണ് ജൂനിയർ, കഴിവിൽ അല്ലെന്ന് ചുരുക്കം.
വിനീസ്യസിന്റെ അതേ പ്രായമാണ് ആന്തണിക്കും.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ കാലുറപ്പിച്ച് വരുന്ന താരം. വെനസ്വേക്ക് എതിരായ യോഗ്യതാമത്സരത്തിൽ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ച ആന്തണി ആ മത്സരത്തിൽ തന്നെ ഗോളുമടിച്ചു.  റോഡ്രിഗോ, മാർട്ടിനെല്ലി തുടങ്ങിയ 21 കാരും ബ്രസീൽ ടീമിന്‍റെ യുവമുഖങ്ങളാണ്.  നെതർലൻഡ്സിന്‍റെ കോഡി ഗാക്പോക്ക് 23 വയസ്സേ ആയിട്ടുള്ളു. മൂന്ന് ഗ്രൂപ്പ് മത്സരത്തിലും ടീമിന്രെ ആദ്യ ഗോൾ ഗാക്പോയുടെ വകയായിരുന്നു. 2020 യൂറോയിലായിരുന്നു ദേശീയ ടീമിലെ അരങ്ങേറ്റം. വേഗതയും ഡ്രിബ്ലിങ് സ്കില്ലും ഫിനിഷിങ്ങിലെ മികവും ഗാക്പോയെ ടീമിലെ പ്രിയങ്കരനാക്കുന്നു.

Young Players who impressed most in Qatar World Cup 2022

മറഡോണയുടെയും മെസ്സിയുടെയും കനീഗ്യയുടെയും ബാറ്റിസ്റ്റൂട്ടയുടെയും ഒക്കെ അർജന്റീനയുടെ ടീമിലുണ്ട് പ്രതിഭാസ്പർശമുള്ള ചെറുപ്പക്കാർ. എൻസോ ഫെർണാണ്ടസിന് 21 ആയിട്ടേയുള്ളു. അൽവാരെസിന് 22ഉം.പോർച്ചുഗൽ ക്ലബായ ബെൻഫിക്കയുടെ താരമാണ് എൻസോ. അരങ്ങേറ്റ ലോകകപ്പിൽ മെക്സിക്കോക്ക് എതിരെയുള്ള രണ്ടാം ഗ്രൂപ്പ് മത്സരത്തിൽ മെസിക്ക് പിന്നാലെ രണ്ടാമത്തെ ഗോളടിച്ച എൻസോ, മെസ്സിക്ക് പിന്നാലെ തന്റെ പേര് മറ്റൊരു ചരിത്രകത്താളിലും കുറിച്ചു. ലോകകപ്പിൽ അർജന്റീനക്കായി ഗോളടിക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരം. അൽവാരെസ് കോർത്തിണക്കത്തിനും ഫിനിഷിങ്ങിനും മിടുക്കൻ. മാഞ്ചസ്റ്റർ സിറ്റിയുടെ താരം. അരങ്ങേറ്റ ലോകകപ്പിൽ  പോളണ്ടിനെതിരെ ഗ്രൂപ്പ് മത്സരത്തിലും ഓസ്ടേരിലക്ക് എതിരെ പ്രീ ക്വാർട്ടറിലും ഗോളടിച്ചു. മൈതൈനത്ത് എല്ലായിടത്തും ഓടിയെത്തുന്ന, തന്ത്രങ്ങൾമെനഞ്‍‍ കോർത്തിണക്കോത്തോടെ നടപ്പാക്കുന്ന അൽവാരെസിന് ടീമിലെ ഇരട്ടപ്പേര് ചിലന്തി എന്നാണ്. നിശ്ചയമായും ലോകത്തെ ഏറ്റവും മികച്ച യങ് പ്ലേയർമാരിൽ ഒരാൾ.

Young Players who impressed most in Qatar World Cup 2022

പ്രീക്വാർട്ടറിൽ കാലിടറിയെങ്കിലും അൻസു ഫാറ്റി, പെദ്രി ഗാവി എന്നീ സ്പാനിഷ് കൗമാരക്കാരെ മറക്കാൻ പറ്റില്ല. അവർ പ്രതിഭകളാണ്. വരുംനാളുകളിൽ മിന്നാനുള്ളവർ.അതുപോലെ തന്നെയാണ് ജർമനിയുടെ മുസിയാലയും. സാക്ഷാൽ ലോതർ മത്തേയൂസ്, മുസിലയാലയെ ഉപമിച്ചത് മെസ്സിയോട് എന്ന് ഓർത്താൽ മാത്രം മതി, പത്ത1ന്പതുകാരൻ എത്ര മിടുക്കനാണെന്ന് തിരിച്ചറിയാൻ. നല്ല വേഗം,സുന്ദരമായ ഡ്രിബ്ലിങ്, പാസിങ് മികവ്, മുസിയാല മിടുക്കനാണ്. കാത്തിരിക്കാം, പുത്തൻ താരങ്ങൾ സമ്മാനിക്കുന്ന മുഹൂർത്തങ്ങൾക്കായി, മികവിന്‍റെ പുതിയ നാളുകൾക്കായി.

Follow Us:
Download App:
  • android
  • ios