എണ്ണമയമുള്ള ചർമ്മം സംരക്ഷിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മുഖക്കുരു, ബ്ലാക്ക് ഹെഡ്‌സ്, വൈറ്റ് ഹെഡ്‌സ് പോലുള്ള പ്രശ്നങ്ങൾ എണ്ണമയമുള്ള ചർമ്മക്കാരെയാണ് കൂടുതൽ അലട്ടുന്നത്. സെബേഷ്യസ് ഗ്രന്ഥികള്‍ കൂടുതലായുള്ള സെബം ഉല്‍പ്പാദിപ്പിക്കുന്നത് കൊണ്ടാണ് ചര്‍മ്മം എണ്ണമയമുള്ളതാകുന്നത്. കൂടുതലായി ഉല്‍പ്പാദിപ്പിക്കുന്ന സെബം ചര്‍മ്മോപരിതലത്തില്‍ വന്നടിഞ്ഞ് ചര്‍മ്മത്തെ എണ്ണമയമുള്ളതാക്കുന്നു. 

ഇടയ്ക്കിടെ മുഖം കഴുകുന്നത് നല്ലതാണ്. രാത്രി കിടക്കുന്നതിനു മുൻപും രാവിലെ എഴുന്നേറ്റ ഉടനെയും മുഖം കഴുകുന്നത് അമിതമായ എണ്ണയുടെ ഉല്പാദനത്തെ തടയും. അമിതമായ എണ്ണമയം ചര്‍മ്മത്തില്‍ പൊടിയും അഴുക്കും അടിയുന്നതിന് കാരണമാകുന്നു. എണ്ണമയമുള്ള ചർമ്മമുള്ളവർ വറുത്തതും പൊരിച്ചതുമായ ആഹാരപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക.

അത് പോലെ ഐസ്ക്രീം, ചോക്ലേറ്റ്, ചീസ്, ബട്ടർ, നെയ്യ് പോലുള്ളവ പൂർണമായും ഒഴിവാക്കുക.  കട്ടിയുള്ള ക്രീമും ഓയിലി ഫൗണ്ടേഷനും ഉപയോഗിക്കാതിരിക്കാൻ ശ്രമിക്കുക. എണ്ണമയം അകറ്റാൻ സഹായിക്കുന്ന 10 ഭക്ഷണങ്ങളെ കുറിച്ച് ന്യൂട്രീഷസിസ്റ്റും ഫിസീഷ്യനുമായ ഡോ. പ്രവീൺ വർമ്മ പറയുന്നു...

നട്സ്...

നട്സിൽ ഒമേ​ഗ 3 ഫാറ്റി ആസിഡ് കൂടുതലുള്ളതിനാൽ എണ്ണമയമുള്ള ചർമ്മത്തിലെ മുഖക്കുരു, ബ്ലാക്ക് ഹെഡ്‌സ്, വൈറ്റ് ഹെഡ്‌സ് പോലുള്ള പ്രശ്നങ്ങൾ അകറ്റാൻ സഹായിക്കുന്നു. ദിവസവും പിസ്ത, അണ്ടിപരിപ്പ്, ബദാം പോലുള്ളവ കഴിക്കാൻ ശ്രമിക്കുക.

ഓറഞ്ചും നാരങ്ങയും...

 ഓറഞ്ചിലും നാരങ്ങയിലും വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ മുഖക്കുരു മാറാനും ചർമ്മം കൂടുതൽ തിളക്കമുള്ളതാകാനും സഹായിക്കും. 

പച്ചക്കറികൾ...

എണ്ണമയമുള്ള ചർമ്മമുള്ളവർ പച്ചക്കറികൾ ധാരാളം കഴിക്കാൻ ശ്രമിക്കുക. പച്ചക്കറിയിൽ ധാരാളം ഫെെബർ അടങ്ങിയിട്ടുണ്ട്. ചർമ്മം തിളക്കമുള്ളതാക്കാനും വൃത്തിയുള്ളതാക്കാനും പച്ചക്കറികൾ ​കഴിക്കുന്നത് ​ഗുണം ചെയ്യും.

മുന്തിരി ജ്യൂസ്...
 
 എണ്ണമയമുള്ള ചർമ്മമുള്ളവർ ദിവസവും ഒരു ​ഗ്ലാസ് മുന്തിരി ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. മുന്തിരിയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. നിറം വർധിക്കാനും മുഖക്കുരു അകറ്റാനും വളരെ നല്ലതാണ് മുന്തിരി ജ്യൂസ്.

മീൻ...

എണ്ണമയമുള്ള ചർമ്മമുള്ളവർ മാത്രമല്ല വരണ്ട ചർമ്മമുള്ളവരും ദിവസവും ധാരാളം മീൻ കഴിക്കാൻ ശ്രമിക്കുക. ഒമേ​ഗ 3 ഫാറ്റി ആസിഡ് മീനിൽ ധാരാളം അടങ്ങിയിട്ടുണ്ട്. മുഖക്കുരു, കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് എന്നിവ മാറാൻ മീൻ കഴിക്കുന്നത് ​ഗുണം ചെയ്യും. 

കരിക്കിൻ വെള്ളം...

 എല്ലാ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് കരിക്കിൻ വെള്ളം. എണ്ണമയ ചർമ്മമുള്ളവർ ദിവസവും ഒരു ​ഗ്ലാസ് കരിക്കിൻ വെള്ളം കുടിക്കാൻ ശ്രമിക്കുക. കരിക്കിൻ വെള്ളം ഉപയോ​ഗിച്ച് മുഖം കഴുകുന്നത് മുഖക്കുരു, കണ്ണിന് ചുറ്റുമുള്ള പാട്, മുഖത്തെ ചുളിവുകൾ എന്നിവ മാറാൻ സഹായിക്കും. 

വെള്ളരിക്ക...

  എണ്ണമയമുള്ള ചർമ്മമുള്ളവർ ദിവസവും വെള്ളരിക്ക ജ്യൂസായോ അല്ലാതെയോ കഴിക്കാൻ ശ്രമിക്കുക. വെള്ളരിക്കയുടെ നീര് മുഖത്ത് തേച്ചുപിടിപ്പിക്കുന്നത് മുഖം തിളങ്ങാനും മുഖത്തെ കറുത്ത പാടുകൾ മാറാനും നല്ലതാണ്. 

പഴം...

  പഴത്തിൽ വിറ്റാമിൻ ഇ, പൊട്ടാഷ്യം, ഫോസ്ഫേറ്റ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ദിവസവും ഒാരോ പഴം കഴിക്കുന്നത് ചർമ്മം കൂടുതൽ ആരോ​ഗ്യത്തോടെ സംരക്ഷിക്കാനും ചർമ്മത്തിലെ പൊടിയും അഴുക്കും മാറാനും സഹായിക്കും. 

ലെമൺ ജ്യൂസ്...

എണ്ണമയം അകറ്റാൻ വളരെ നല്ലതാണ് ലെമൺ ജ്യൂസ്. ദിവസവും ഒരു ​ഗ്ലാസ് ലെമൺ ജ്യൂസ് കുടിക്കുകയോ അല്ലെങ്കിൽ നാരങ്ങ നീര് മുഖത്ത് പുരട്ടുകയോ ചെയ്യുന്നത് എണ്ണമയം കുറയ്ക്കാൻ സഹായിക്കും. 

ബ്രോക്കോളി...

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ പച്ചക്കറികളിലൊന്നാണ് ബ്രോക്കോളി. എണ്ണമയം അകറ്റാൻ ഏറ്റവും മികച്ച ഭക്ഷണമാണ് ബ്രോക്കോളി. വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ മുഖക്കുരു വരാതിരിക്കാനും സഹായിക്കും. എണ്ണമയമുള്ള ചർമ്മക്കാർ ഫെെബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് എണ്ണമയം കുറയ്ക്കാനും ബ്ലാക്ക് ഹെഡ്സ്, മുഖക്കുരു പോലുള്ള പ്രശ്നങ്ങളും അകറ്റാനും സഹായിക്കുമെന്ന് ഡോ. പ്രവീൺ വർമ്മ പറയുന്നു.