നഗ്ഗെറ്റ് കഴിച്ചവര്‍ക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്നം അനുഭവപ്പെട്ടാല്‍ ചികിത്സ തേടണമെന്ന് നിര്‍ദേശമുണ്ട്. 

വിപണിയില്‍ നിന്ന് 13,680 കിലോ ചിക്കന്‍ നഗ്ഗെറ്റ് പിന്‍വലിച്ച് അമേരിക്കന്‍ കമ്പനിയായ ടൈസണ്‍. ചിക്കന്‍ നഗ്ഗെറ്റില്‍ ലോഹ കഷ്ണങ്ങള്‍ കണ്ടെത്തിയെന്ന പരാതിയെ തുടര്‍ന്നാണ് തീരുമാനം. ദിനോസറിന്‍റെ ആകൃതിയിലുള്ള ചിക്കറ്റ് നെഗ്ഗെറ്റുകളാണ് തിരിച്ചുവിളിച്ചത്.

ടൈസന്‍റെ ചിക്കന്‍ നഗ്ഗെറ്റ് കഴിച്ച് വായില്‍ ചെറിയ പരിക്ക് സംഭവിച്ചെന്ന റിപ്പോര്‍ട്ട് ലഭിച്ചതായി യുഎസ് ഫുഡ് സേഫ്റ്റി ആൻഡ് ഇൻസ്പെക്ഷൻ സർവീസ് (എഫ് എസ് ഐ എസ്) അറിയിച്ചു. ഈ നഗ്ഗെറ്റ് കഴിച്ചവര്‍ക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്നം അനുഭവപ്പെട്ടാല്‍ ചികിത്സ തേടണമെന്ന് നിര്‍ദേശമുണ്ട്. 

2024 സെപ്തംബര്‍ 4 വരെ കാലാവധിയുള്ള (എക്സ്പയറി ഡേറ്റ്) ചിക്കന്‍ നഗ്ഗെറ്റുകളാണ് തിരിച്ചുവിളിച്ചത്. പരാതി വന്ന സാഹചര്യത്തില്‍ ജാഗ്രതയുടെ ഭാഗമായാണ് ചിക്കന്‍ നഗ്ഗെറ്റുകള്‍ വിപണിയില്‍ നിന്ന് തിരിച്ചെടുക്കുന്നതെന്ന് കമ്പനി പ്രതികരിച്ചു. അമേരിക്കയിലെ ഒരു കേന്ദ്രത്തിൽ ഉത്പാദിപ്പിച്ച് വിവിധ സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യുന്ന നഗ്ഗെറ്റുകളാണ് കമ്പനി തിരിച്ചെടുത്തത്. ഈ വര്‍ഷം സെപ്തംബര്‍ അഞ്ചിന് ഉത്പാദിപ്പിച്ച ബാച്ചാണ് തിരിച്ചുവിളിച്ചത്.

Health Tips: തലച്ചോറിന്‍റെ ആരോഗ്യത്തിനായി കഴിക്കേണ്ട ആറ് പഴങ്ങള്‍...

അമേരിക്കയിലെ ഏറ്റവും വലിയ മാംസ ഉത്പാദക കമ്പനിയായ ടൈസന് ഇതാദ്യമായല്ല ഉത്പന്നം തിരിച്ചുവിളിക്കേണ്ടി വരുന്നത്. കഴിഞ്ഞ വർഷം നവംബറിൽ കണ്ണാടി കഷ്ണം ലഭിച്ചതോടെ കമ്പനി ബീഫ് തിരിച്ചുവിളിച്ചിരുന്നു. ചിക്കനുള്ളില്‍ നിന്ന് നീല റബ്ബറിന്റെ കഷണങ്ങൾ കണ്ടെത്തിയ സംഭവം 2019ൽ ഉണ്ടായി. വിവിധ സംഭവങ്ങള്‍ക്ക് പിന്നാലെ 2022ൽ ഡിമാൻഡ് കുറഞ്ഞതോടെ ടൈസൺ യുഎസിലെ നിരവധി ചിക്കൻ സംസ്കരണ പ്ലാന്റുകൾ അടച്ചുപൂട്ടുകയും ചെയ്തു.

എന്നാൽ ബീഫിന്റെയും പന്നിയിറച്ചിയുടെയും വില കോഴിയിറച്ചിയുടെ വിലയേക്കാൾ ഉയർന്നതോടെ പല ഉപഭോക്താക്കളും കോഴിയിറച്ചിയിലേക്ക് മാറി. തുടര്‍ന്ന് കോഴിയിറച്ചിയുടെ ഡിമാന്‍ഡ് ഉയര്‍ന്നു. ഇതോടെ ടൈസണ്‍ ചിക്കന്‍ സംസ്കരണ കമ്പനികള്‍ പ്രതീക്ഷയിലായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം