തിരക്ക് പിടിച്ച ജീവിതത്തില്‍ ഭക്ഷണം ഉണ്ടാക്കിക്കഴിക്കാനുള്ള സമയമോ, ചിലപ്പോഴൊക്കെ മാനസികാവസ്ഥയോ ഉണ്ടാകാത്തത് മൂലമായിരിക്കും നമ്മളിങ്ങനെ 'റെഡി ടു കുക്ക്' ഭക്ഷണസംസ്‌കാരത്തിലേക്ക് മാറുന്നത്. ഇതൊന്നും ഒഴിവാക്കിക്കൊണ്ട് നഗരജീവിതം നമുക്ക് സാധ്യമല്ലതാനും. എങ്കിലും ഇവയിലെല്ലാം ഒളിച്ചിരിക്കുന്ന അപകടങ്ങളെ നമ്മള്‍ തിരിച്ചറിയാതെ പോകരുത്

ഷോപ്പിംഗിന് വേണ്ടി മിക്ക കുടുംബങ്ങളും ഏതെങ്കിലും സൂപ്പര്‍ മാര്‍ക്കറ്റുകളെയാണ് പ്രധാനമായും ആശ്രയിക്കാറ്. ഒരു കുടക്കീഴില്‍ തന്നെ വീട്ടിലേക്ക് വേണ്ട എല്ലാ സാധനങ്ങളും ലഭിക്കുമെങ്കില്‍ പിന്നെ അതല്ലേ നല്ലത് എന്നാണ് എല്ലാവരുടെയും ചിന്ത. ഇതെല്ലാം നല്ലതുതന്നെ. എന്നാല്‍ അവശ്യസാധനങ്ങളെഴുതിയ ലിസ്റ്റില്‍ ഇല്ലാത്ത പലതും മനസ് കവരുന്നതിന് അനുസരിച്ച് കുട്ടയിലേക്ക് വാരിയിടുന്നവരും കുറവല്ല. 

ഇങ്ങനെ വാരിയെടുക്കുന്ന സാധനങ്ങളില്‍ മിക്കതും 'റെഡി ടു കുക്ക്', അല്ലെങ്കില്‍ 'റെഡി ടു ഈറ്റ്' ഭക്ഷണസാധനങ്ങളായിരിക്കും. ചപ്പാത്തിയോ, ഇടിയപ്പമോ, അല്ലെങ്കില്‍ പലഹാരങ്ങളുണ്ടാക്കാനുള്ള മാവോ ഒക്കെയാകാം ഇത്. അതല്ലെങ്കില്‍ എന്തെങ്കിലും പാക്കറ്റ് ഫുഡ്, ഫ്രോസണ്‍ ഫുഡ്, ഡെസര്‍ട്ടുകള്‍, ബേക്കറി- ഇങ്ങനെ പോകും ഈ ലിസ്റ്റ്. 

തിരക്ക് പിടിച്ച ജീവിതത്തില്‍ ഭക്ഷണം ഉണ്ടാക്കിക്കഴിക്കാനുള്ള സമയമോ, ചിലപ്പോഴൊക്കെ മാനസികാവസ്ഥയോ ഉണ്ടാകാത്തത് മൂലമായിരിക്കും നമ്മളിങ്ങനെ 'റെഡി ടു കുക്ക്' ഭക്ഷണസംസ്‌കാരത്തിലേക്ക് മാറുന്നത്. ഇതൊന്നും ഒഴിവാക്കിക്കൊണ്ട് നഗരജീവിതം നമുക്ക് സാധ്യമല്ലതാനും. എങ്കിലും ഇവയിലെല്ലാം ഒളിച്ചിരിക്കുന്ന അപകടങ്ങളെ നമ്മള്‍ തിരിച്ചറിയാതെ പോകരുത്. 

നേരത്തെ സൂചിപ്പിച്ചത് പോലുള്ള ഭക്ഷണസാധനങ്ങളിലെല്ലാം തന്നെ ഏറിയും കുറഞ്ഞും ചില 'അഡിറ്റീവ്‌സ്' ചേര്‍ക്കാറുണ്ട്. 'അഡീറ്റീവ്‌സ്' എന്നാല്‍ ഒന്നുകില്‍ രുചിക്ക് വേണ്ടി, അല്ലെങ്കില്‍ മണത്തിന് വേണ്ടി, അല്ലെങ്കില്‍ കൂടുതല്‍ നാള്‍ കേടാകാതിരിക്കാന്‍ വേണ്ടിയെല്ലാം ഭക്ഷണത്തില്‍ ചേര്‍ക്കുന്ന 'എക്‌സ്ട്രാ' സാധനങ്ങളാണ്. പ്രസിര്‍വേറ്റീവ്‌സ്, ആഡഡ് കളര്‍ - എന്നിവയെല്ലാം ഇക്കൂട്ടത്തില്‍ ചേര്‍ക്കാവുന്നവയാണ്. 

പ്രധാനമായും പാക്കേജ്ഡ് ഫുഡ്, ഫ്രോസണ്‍ ഫുഡ്, ഡെസര്‍ട്ടുകള്‍, ബേക്കറി എന്നിവയിലെല്ലാമാണ് ഇവ കാണപ്പെടാറ്. ചിലപ്പോഴൊക്കെ അച്ചാറുകളില്‍ വരെ ഇവ കാണാറുണ്ട്. ഈ 'അഡിറ്റീവ്‌സ്' പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകാറുണ്ട്. എന്നാല്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെ വരെ ക്രമേണ തകരാറിലാക്കാന്‍ ഇവ കാരണമാകുമെന്ന് നിങ്ങള്‍ക്കറിയാമോ?

'ജേണല്‍ ഓഫ് ഹൈപ്പര്‍ടെന്‍ഷന്‍' എന്ന ആരോഗ്യപ്രസിദ്ധീകരണത്തിലാണ് ഇത് സംബന്ധിച്ച് നടന്ന പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നത്. അതായത് 'അഡിറ്റീവ്‌സ്' സ്ഥിരമായി ശരീരത്തിലെത്തുന്നത് ഹൃദയധമനികള്‍ കട്ടി പിടിക്കാന്‍ കാരണമാകുന്നു. ഇത് ക്രമേണ ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തകരാറിലാക്കും. 

എല്ലാവരിലും ഒരുപോലെ ഈ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയോ പുരോഗമിക്കുകയോ ചെയ്യില്ല. ഓരോരുത്തരുടെയും ആരോഗ്യാവസ്ഥയ്ക്കും പ്രായത്തിനും അനുസരിച്ചാണ് ഇതിന്റെയും കിടപ്പ്. എന്നാല്‍ ചിലരിലെങ്കിലും ഇത് മരണകാരണം കൂടിയാകുന്നുണ്ട് എന്നാണ് പഠനം അവകാശപ്പെടുന്നത്. അതിനാല്‍ തന്നെ ഇത്തരത്തിലുള്ള ഭക്ഷണസാധനങ്ങള്‍ പരിമിതമായ രീതിയില്‍ മാത്രം ഉപയോഗിക്കുകയോ, കഴിയുമെങ്കില്‍ ഒഴിവാക്കുകയോ ചെയ്യുകയാണ് നല്ലതെന്ന് ആരോദ്യവിദഗ്ധര്‍ ഉപദേശിക്കുന്നു. ഇവയുടെ സ്ഥിരമായ ഉപയോഗം എന്തായാലും ക്രമേണ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നമ്മളെയെത്തിക്കുമെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.