ശരീരത്തിൽ വെള്ളം കുറയുന്നത് നിരവധി ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കും. ദിവസവും 12 ​ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണമെന്നാണ് വിദ​ഗ്ധർ പറയുന്നത്. 

ആഹാരത്തിലെ പോഷകങ്ങളെ ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുക, ശരീരത്തിന്‍റെ താപനില നിയന്ത്രിക്കുക, മാലിന്യങ്ങള്‍ നീക്കുക, നാഡികളുടെ പ്രവര്‍ത്തനം, ശ്വസനം, വിസര്‍ജനം തുടങ്ങിയ നിരവധി ശാരീരികപ്രവര്‍ത്തനങ്ങള്‍ക്ക് വെള്ളം അനിവാര്യമായ പങ്ക് വഹിക്കുന്നുണ്ട്. ആരോ​ഗ്യത്തിന് തണുത്ത വെള്ളത്തെക്കാൾ നല്ലതാണ് ചൂടുവെള്ളം ആണെന്ന് മെഡിക്കല്‍ ഡെയിലിയും പറയുന്നു. 

പ്രതിരോധശേഷി കൂട്ടാൻ വളരെ നല്ലതാണ് ചൂടുവെള്ളമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. ആഹാരശേഷം തണുത്ത വെള്ളം കുടിക്കുമ്പോള്‍ കൊഴുപ്പടങ്ങിയ പദാര്‍ഥങ്ങള്‍ കട്ടിയാകുന്നുവെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഇത് ശരിയായ ദഹനപ്രക്രിയെ തടസപ്പെടുത്തും. എന്നാല്‍ തണുത്ത വെള്ളത്തിന് പകരം ആഹാരത്തിന് ശേഷം ചെറുചൂടുവെള്ളം കുടിക്കുന്നത് ഇത്തരത്തിലുള്ള അപകടസ്ഥിതി ഒഴിവാക്കാന്‍ സഹായിക്കും. 

ശരീരത്തില്‍ ജലാംശം കുറഞ്ഞാല്‍ അതിന്‍റെ ഫലമായി മലബന്ധം ഉണ്ടാകാം. വെറും വയറ്റിൽ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുന്നത് മലബന്ധം ഇല്ലാതാക്കും. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ചായയോ കാപ്പിയോ കുടിക്കുന്നതിന് പകരം തേന്‍ അല്ലെങ്കില്‍ നാരങ്ങാനീര് ചേര്‍ത്ത ചെറുചൂടുവെള്ളം കുടിക്കുക. ശരീരഭാരം കുറയ്ക്കാന്‍ ഇതു സഹായിക്കും. ശരീരത്തില്‍ അടിഞ്ഞുകൂടിയ കൊഴുപ്പ് അലിയിക്കാന്‍ ചൂടുവെള്ളം കുടിക്കുന്നത് വളരെയധികം പ്രയോജനപ്പെടും. 

ഭക്ഷണം കഴിക്കുന്നതിന് അരമണിക്കൂര്‍ മുന്‍പ് രണ്ട് ഗ്ലാസ് ചൂടുവെള്ളം കുടിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനാകും. ഇത് ഭക്ഷണത്തിലൂടെ കൂടുതല്‍ കലോറി ശരീരത്തിലെത്തുന്നത് നിയന്ത്രിക്കാനും അമിത ശരീരഭാരം ഒഴിവാക്കാനും സഹായിക്കും. ചൂടുവെള്ളം കുടിക്കുമ്പോള്‍ അന്നനാളത്തിലും ശ്വാസകോശങ്ങളിലും രൂപപ്പെട്ടിരിക്കുന്ന കഫം ഇളകി പോകുകയും ഇത് സുഗമമായ ശ്വസനത്തിന് സഹായിക്കുകയും ചെയ്യും. 

അടിവയറ്റിലെ പേശികള്‍ വലിഞ്ഞു മുറുകുന്നതുപോലെയുള്ള വേദന ആര്‍ത്തവകാലത്ത് സാധാരണമാണ്. ചെറുചൂടുവെള്ളം കുടിക്കുന്നത് പേശികളുടെ അയവിനു സഹായിക്കുന്നു. അതിലൂടെ ആര്‍ത്തവകാലത്തെ വേദനയ്ക്ക് ആശ്വാസം ലഭിക്കും. കൂടാതെ ചര്‍മ്മ സൗന്ദര്യത്തിനും ആരോഗ്യത്തിനും ചൂടുവെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. ശരീരത്തില്‍ രക്തയോട്ടം കൂട്ടാനും ശരീരഭാരം കുറയ്ക്കാനും നല്ല ഉറക്കം ലഭിക്കാനും ഇത് നല്ലതാണ്.