ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍, അന്നജം കുറഞ്ഞതും ഫൈബറും പ്രോട്ടീനും കൂടുതല്‍ അടങ്ങിയതുമായ ഭക്ഷണങ്ങളാണ് പ്രമേഹ രോഗികള്‍ കഴിക്കേണ്ടത്.

രക്തത്തില്‍ പഞ്ചസാരയുടടെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം. കൃത്യമായി ചികിത്സിച്ച്, രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിച്ചാല്‍ ഒരു പരിധിവരെ പ്രമേഹം മൂലം ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകളെ നിയന്ത്രിക്കാനാവും. പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വളരെ പണ്ടു തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഇന്നും ഇത് സംബന്ധിച്ച് പല പഠനങ്ങളും നടക്കുന്നുണ്ട്. 

ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍, അന്നജം കുറഞ്ഞതും ഫൈബറും പ്രോട്ടീനും കൂടുതല്‍ അടങ്ങിയതുമായ ഭക്ഷണങ്ങളാണ് പ്രമേഹ രോഗികള്‍ കഴിക്കേണ്ടത്. പ്രമേഹ രോഗികൾക്ക് ഏറ്റവും സംശയമുള്ളത് ഭക്ഷണകാര്യത്തിലാണ്. അക്കൂട്ടത്തില്‍ ഉയരുന്ന ഒരു ചോദ്യമാണ് പഞ്ചസാരയുടെ അടുത്ത ബന്ധുവായ ശർക്കര പ്രമേഹ രോഗികള്‍ക്ക് കഴിക്കാമോ എന്നത്.

പഞ്ചസാരയ്ക്ക് പകരം പലരും ഉപയോഗിക്കുന്ന ഒരു പ്രകൃതിദത്ത മധുരമാണ് ശര്‍ക്കര. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും, രക്തം ശുദ്ധീകരിക്കാനും ദഹനപ്രക്രിയ എളുപ്പമാക്കാനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനുമൊക്കെ ശര്‍കക്ര മികച്ചത്. കൂടാതെ ധാതുക്കളുടെയും അയണിന്റെയും കലവറയായ ഇവ വിളര്‍ച്ച അകറ്റാന്‍ സഹായിക്കും. 

എന്നാല്‍ പ്രമേഹ രോഗികള്‍ ശര്‍ക്കര അധികം കഴിക്കാതിരിക്കുന്നതാണ് നല്ലത് എന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍ ആണല്ലോ പ്രമേഹ രോഗികള്‍ കഴിക്കേണ്ടത്. എന്നാല്‍ ശര്‍ക്കരയുടെ ഗ്ലൈസെമിക് ഇൻഡക്സ് നില വളരെ കൂടുതലാണ്. അതിനാല്‍ ഇവ പ്രമേഹ രോഗികള്‍ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. പഞ്ചസാരയെക്കാള്‍ ഭേദം ആണെങ്കിലും ഇവയും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടും. 

ഇതുപോലെ തന്നെ പഞ്ചസാരയ്ക്ക് പകരമായി പലപ്പോഴും നാം തേന്‍ ഉപയോഗിക്കാറുണ്ട്. തേനില്‍ 80 ശതമാനം പ്രകൃതിദത്ത പഞ്ചസാരയും 18 ശതമാനം വെള്ളവും 2 ശതമാനം ധാതുക്കള്‍, വിറ്റാമിന്‍, പ്രോട്ടീന്‍ എന്നിവയും അടങ്ങിയിരിക്കുന്നു. തേനിന്റെ 70 ശതമാനം പ്രകൃതിദത്ത ഘടകങ്ങള്‍ നിര്‍മിക്കുന്നത് ഫ്രക്ടോസും ഗ്ലൂക്കോസും ആണ്. ഫ്രക്ടോസ് (40%), ഗ്ലൂക്കോസ് (30%), വെള്ളം, ധാതുക്കളായ ഇരുമ്പ്, കാത്സ്യം, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവയും ചേര്‍ന്നതാണ് തേന്‍. കലോറിയും ഇവയില്‍ അടങ്ങിയിട്ടുണ്ട്. 

അതിനാല്‍ പ്രമേഹ രോഗികള്‍ തേനും അധികം കഴിക്കാതിരിക്കുന്നതാണ് നല്ലത് എന്നാണ് വിദഗ്ധര്‍ പറയുന്നത്. പഞ്ചസാരയെ പോലെ തന്നെ തേനും രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവില്‍ വ്യത്യാസമുണ്ടാക്കാം. തേനിന്‍റെ ഗ്ലൈസെമിക് ഇൻഡക്സ് നില 60 മുതല്‍ 65 ആണ്. അതിനാല്‍ തേനിന്‍റെ ഉപയോഗം അളവില്‍ കൂടാതെ നോക്കാന്‍ പ്രമേഹ രോഗികള്‍ ശ്രദ്ധിക്കണം. 

Also Read: സ്വിഗ്ഗിയില്‍ നിന്ന് സാനിറ്ററി പാഡ് ഓര്‍ഡര്‍ ചെയ്ത് യുവതി; പാക്കറ്റിനൊപ്പം ചോക്ലേറ്റ് കുക്കീസും; കുറിപ്പ്