Asianet News MalayalamAsianet News Malayalam

ശക്തമായ ചൂട്; ടെറസിൽ ഉണക്കാൻ വച്ച നാളികേരം കത്തിക്കരിഞ്ഞു

വീടിന്‍റെ ടെറസിൽ ഉണക്കാൻ വച്ച നാളികേരം ശക്തമായ ചൂടിൽ കത്തിക്കരിഞ്ഞു.

climate change affects people life coconut burned
Author
Thiruvananthapuram, First Published Mar 26, 2019, 3:59 PM IST

വടക്കാഞ്ചേരി: വീടിന്‍റെ ടെറസിൽ ഉണക്കാൻ വച്ച നാളികേരം ശക്തമായ ചൂടിൽ കത്തിക്കരിഞ്ഞു. കരുമത്ര ആമലത്ത് കൃഷ്ണകുമാർ കഴിഞ്ഞ ദിവസം രാവിലെ ഉണക്കാന്‍ വച്ച നാളികേരമാണ് വൈകുന്നേരമായപ്പോഴേക്ക് കത്തിക്കരിഞ്ഞത്. 

സംസ്ഥാനത്ത് സൂര്യാഘാത മുന്നറിയിപ്പ് ഇപ്പോഴും തുടരുന്നു. വയനാട്, ഇടുക്കി ഒഴികെയുളള 12 ജില്ലകളിലും മൂന്ന് ദിവസത്തേക്ക് കൂടി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. താപനില ഉയരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നിറിയിപ്പ്. 

ആലപ്പുഴ, കോട്ടയം, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ മൂന്ന് മുതല്‍ നാല് ഡിഗ്രി വരെ താപനില ഉയരുമെന്നും കാലാവസ്ഥാ വിദഗ്ദധര്‍ അറിയിച്ചു. മറ്റ് എട്ട് ജില്ലകളില്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ട്. എല്‍നീനോ പ്രതിഭാസത്തിന്‍റെ സ്വാധീനം തുടരുന്നതിനാല്‍ വേനല്‍മഴയ്ക്ക് സാധ്യത കുറവാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാവിലെ 11 മണി മുതല്‍ ഉച്ചതിരിഞ്ഞ് മൂന്ന് മണിവരെ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം. 

ആരോഗ്യ വകുപ്പിന്‍റെ ജാഗ്രത നിര്‍ദേശങ്ങള്‍

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സൂര്യഘാതം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് ഒരിക്കല്‍ കൂടി ജാഗ്രത നിര്‍ദേശം പുറപ്പെടുവിക്കുന്നത്.

സൂര്യാഘാതവും ആരോഗ്യ പ്രശ്‌നങ്ങളും

അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകും. ഇതുമൂലം ശരീരത്തിലുണ്ടാകുന്ന താപം പുറത്തേയ്ക്ക് കളയുന്നതിന് തടസം നേരിടുകയും ഇത് ശരീരത്തിന്‍റെ പല നിര്‍ണായക പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുകയും ചെയ്യും. ഇത്തരം ഒരവസ്ഥയാണ് സൂര്യാഘാതം. വളരെ ഉയര്‍ന്ന ശരീരതാപം, വറ്റിവരണ്ട ചുവന്ന ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍ തുടങ്ങിയവയും ഇതേതുടര്‍ന്നുള്ള അബോധാവസ്ഥയും ഉണ്ടായേക്കാം. ഇങ്ങനെയുണ്ടായാല്‍ ഉടന്‍ തന്നെ ഡോക്ടറുടെ സേവനം തേടേണ്ടതാണ്. 

സൂര്യാഘാതം/താപശരീരശോഷണം ഉണ്ടാകുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങള്‍

സൂര്യാഘാതം ഏറ്റതായി സംശയം തോന്നിയാല്‍ വെയിലുളള സ്ഥലത്ത് നിന്ന് തണുത്ത സ്ഥലത്തേയ്ക്ക് മാറി വിശ്രമിക്കണം. ധരിച്ചിരിക്കുന്ന കട്ടികൂടിയ വസ്ത്രങ്ങള്‍ നീക്കം ചെയ്യുക. തണുത്ത വെള്ളം കൊണ്ട് ശരീരം തുടയ്ക്കുക. ഫാന്‍, എ സി എന്നിവയുടെ സഹായത്താല്‍ ശരീരം തണുപ്പിക്കുക. ധാരാളം പാനീയങ്ങള്‍ കുടിക്കാന്‍ നല്‍കണം. ഫലങ്ങളും സലാഡുകളും കഴിക്കുക. ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ, ബോധക്ഷയം ഉണ്ടാകുകയോ ചെയ്താല്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പു വരുത്തണം. മുതിര്‍ന്ന പൗരന്മാര്‍ (65 വയസിനു മുകളില്‍), കുഞ്ഞുങ്ങള്‍ (4 വയസ്സിനു താഴെയുള്ളവര്‍), ഗുരുതരമായ രോഗം ഉളളവര്‍, വെയിലത്ത് ജോലി ചെയ്യുന്നവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

പ്രതിരോധ മാര്‍ഗങ്ങള്‍

വേനല്‍ക്കാലത്ത് പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോള്‍ ദാഹം തോന്നിയില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കുക. വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളില്‍ ഉച്ചയ്ക്ക് 11 മണി മുതല്‍ മൂന്ന് മണിവരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കുക. കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക. വെയിലത്ത് സഞ്ചരിക്കുമ്പോള്‍ കുടയോ മറ്റോ ചൂടുക. കാറ്റ് കടന്ന് ചൂട് പുറത്ത് പോകത്തക്ക രീതിയില്‍ വീടിന്‍റെ വാതിലുകളും ജനലുകളും തുറന്നിടുക. കട്ടി കുറഞ്ഞതും വെളുത്തതോ, ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക. വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന കാറിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കുക.

സൂര്യതാപം കൊണ്ടുള്ള മറ്റ് ചില പ്രശ്‌നങ്ങള്‍

കൂടുതല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്നവരില്‍ നേരിട്ട് വെയില്‍ ഏല്‍ക്കുന്ന ശരീരഭാഗങ്ങള്‍ സൂര്യതാപമേറ്റ് ചുവന്ന് തടിക്കുകയും വേദനയും പൊളളലും ഉണ്ടാകുകയും ചെയ്യാം. ഇവര്‍ ഡോക്ടറെ കണ്ട് ഉടനടി ചികിത്സ തേടേണ്ടതാണ്. പൊള്ളിയ ഭാഗത്ത് കുമിളകള്‍ ഉണ്ടെങ്കില്‍ പൊട്ടിക്കരുത്. അന്തരീക്ഷത്തിലെ ചൂടു കൂടുമ്പോള്‍ ശരീരം കൂടുതലായി വിയര്‍ക്കുകയും ജലവും ലവണങ്ങളും നഷ്ടപ്പെട്ട് പേശി വലിവ് അനുഭവപ്പെടുകയും ചെയ്യും. 

ഉപ്പിട്ട കഞ്ഞിവെളളം, നാരങ്ങാവെളളം, കരിക്കിന്‍വെള്ളം തുടങ്ങിയവ ധാരാളമായി കുടിച്ച് വിശ്രമിക്കുകയും ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടില്ലെങ്കില്‍ അടുത്തുളള ആശുപത്രിയില്‍ ചികിത്സ തേടേണ്ടതുമാണ്. ചൂടുകാലത്ത് കൂടുതലായി ഉണ്ടാകുന്ന വിയര്‍പ്പിനെ തുടര്‍ന്ന് ശരീരം ചൊറിഞ്ഞ് തിണര്‍ക്കുന്നതിനെയാണ് ഹീറ്റ് റാഷ് എന്ന് പറയുന്നത്. കുട്ടികളെയാണ് ഇത് കൂടുതല്‍ ബാധിക്കുന്നത്. ഇങ്ങനെയുള്ളവര്‍ അധികം വെയില്‍ ഏല്‍ക്കാതിരിക്കുകയും തിണര്‍പ്പ് ബാധിച്ച ശരീരഭാഗങ്ങള്‍ എപ്പോഴും ഈര്‍പ്പരഹിതമായി സൂക്ഷിക്കുകയും വേണം. 

അപകട സാധ്യത കൂടിയവര്‍

പ്രായമായവര്‍, ശിശുക്കള്‍, കുട്ടികള്‍, പ്രമേഹം, വൃക്കരോഗങ്ങള്‍, ഹൃദ്രോഗം ഉള്ളവര്‍ എന്നിവര്‍ക്ക് ചെറിയ രീതിയില്‍ സൂര്യാഘാതമേറ്റാല്‍ പോലും ഗുരുതരമായ സങ്കീര്‍ണതകള്‍ ഉണ്ടാകാം. വെയിലത്ത് പണി എടുക്കുന്നവര്‍, വെളളം കുറച്ച് കുടിക്കുന്നവര്‍, പോഷകാഹാര കുറവ് ഉളളവര്‍, തെരുവുകളിലും തുറസായ സ്ഥലങ്ങളിലും താത്ക്കാലിക പാര്‍പ്പിടങ്ങളിലും താമസിക്കുന്നവര്‍, കൂടുതല്‍ സമയവും പുറത്ത് ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികള്‍, മദ്യപാനികള്‍ എന്നിവരും അപകട സാധ്യത കൂടിയവരില്‍ ഉള്‍പ്പെടുന്നു. സൂര്യാഘാതത്തിന്‍റെ ലക്ഷണങ്ങള്‍ പ്രകടമാകുന്നെങ്കില്‍ ഉടന്‍ തന്നെ ചികിത്സ തേടേണ്ടതാണ്.
സൂര്യാഘാതം മൂലം കുഴഞ്ഞുവീണാല്‍ അവര്‍ക്ക് അടിയന്തിര ചികിത്സ നല്‍കേണ്ടതാണ്.

Follow Us:
Download App:
  • android
  • ios