രക്തസമ്മർദ്ദം ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. രക്തസമ്മർദ്ദം മൂലം ഹൃദയാഘാതം, സ്‌ട്രോക്ക്, വൃക്കരോഗം, മറവിരോഗം, അന്ധത, ലൈംഗികശേഷിക്കുറവ് ഇങ്ങനെ നിരവധി പ്രശ്നങ്ങളാണ് പലർക്കും പിടിപെടുന്നത്. രക്തസമ്മർദ്ദം ഇന്ന് ചെറുപ്പക്കാരിലും കൂടുതലായി കണ്ട് വരുന്നു. 

ടെന്‍ഷന്‍, അമിതവണ്ണം, ഉറക്കക്കുറവ് ഇങ്ങനെ നിരവധി കാരണങ്ങൾ കൊണ്ടാണ് രക്തസമ്മര്‍ദ്ദം ഉണ്ടാകുന്നത്. ശരിയായ രീതിയില്‍ ഭക്ഷണശീലം ചിട്ടപ്പെടുത്തുന്നതിലൂടെ ഇതില്‍ നിന്നും രക്ഷനേടാനാവും. ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഏറ്റവും മികച്ച ഭക്ഷണമാണ് നട്സ്. 

ദിവസവും ഒരു പിടി നട്സ് കഴിക്കുന്നത് രക്തസമ്മർദ്ദം മാത്രമല്ല ടെെപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാനാകുമെന്നാണ് പഠനം പറയുന്നത്. യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിലെ ഒരു സംഘം ​ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന നട്സുകൾ ഏതൊക്കെയാണെന്ന് നോക്കാം.....

ബദാം...

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ബദാം. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ ഏറ്റവും മികച്ചതാണ് ബദാം. പ്രമേഹരോ​ഗികൾ ദിവസവും നാലോ അഞ്ചോ ബദാം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. പ്രമേഹം മാത്രമല്ല ഉയർന്ന രക്തസമ്മർദ്ദം നിയ അകറ്റാനും ബദാം നല്ലതാണ്. രാത്രി കിടക്കുന്നതിന് മുമ്പ് നാലോ അഞ്ചോ ബദാം ചൂടുവെള്ളത്തിൽ കുതിർക്കാൻ ഇടുക. രാവിലെ തൊലി കളഞ്ഞ ശേഷം ബദാം കഴിക്കാം. 

വാൾനട്ട്...

വാള്‍നട്ട് കഴിക്കുന്നതു കൊണ്ട് നിരവധി ഗുണങ്ങള്‍ ഉണ്ട്. നട്ട്സുകളുടെ രാജാവ് എന്നാണ് വാള്‍നട്ട് അറിയപ്പെടുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാൻ ഏറ്റവും നല്ലതാണ് വാൾനട്ട്. വാള്‍നട്ടില്‍ അടങ്ങിയിരിക്കുന്ന ആൽഫാ ലീനോ ലെനിക് ആസിഡുകൾ ക്യാന്‍സര്‍, പ്രമേഹം, ഹൃദ്രോഗം എന്നിവ തടയും.  ഓരോ ഗ്രാം ആൽഫാ ലീനോ ലെനിക് ആസിഡ് ഹൃദ്രോഗം വരാനുളള സാധ്യത 10 ശതമാനമാക്കി കുറയ്ക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. 

പിസ്ത...

പ്രോട്ടീന്റെ കലവറയാണ് പിസ്ത. നാലോ അഞ്ചോ പിസ്ത കഴിക്കുന്നത് പ്രമേഹരോ​ഗികളിൽ ക്ഷീണം അകറ്റുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. പിസ്തയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ബി രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കും. മസ്തിഷ്‌കത്തിന്റെ പ്രവർത്തനം ശക്തമാക്കും. ഇതിലെ വൈറ്റമിൻ ബി രോഗപ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു.