കൊറോണ വൈറസിന്റെ രൂപത്തില്‍ ഒരു വിഭവം തന്നെ ഉണ്ടാക്കിയിരിക്കുകയാണ് കൊടുവള്ളിയിലെ ഒരു യുവാവ്. വെഡിംഗ് ഫോട്ടോ ഡിസൈനറായ പ്രിയേഷ് ആണ് പണിയില്ലാതിരുന്ന ഇടവേളയില്‍ കൊറോണ
ചിക്കനിലേക്ക് തിരിഞ്ഞത്. 

കൊറോണക്കാലത്ത് പ്രിയേഷും എല്ലാവരെയും പോലെ ബോറടി മാറ്റാന്‍ തുടങ്ങിയത് യൂട്യൂബ് ചാനലിലൂടെയാണ്. വിഷയം ഭക്ഷണം തന്നെ. വ്യത്യസ്ത വിഭവത്തിനായി പിന്നെ ആലോചന. ഒടുവില്‍ കൊറോണ ചിക്കനിലെത്തി. ചിക്കനും മഞ്ഞപ്പൊടിയും മുളകും മല്ലിയിലയും പുതിനയിലയും സവാളയും മൈദയുമുണ്ടെങ്കില്‍ കൊറോണ ചിക്കന്‍ ഉണ്ടാക്കാം.

മഞ്ഞപ്പൊടിയും ഉപ്പുമിട്ട എല്ലില്ലാത്ത ചിക്കന്‍ വേവുന്ന സമയം കൊണ്ട് മസാല നിര്‍മ്മിക്കണം. മല്ലിയിലയും പുതിനയിലയും മുളകും അരച്ചെടുക്കണം. സവാള വെന്ത് വരുന്നതോടെ നേരത്തെ തയ്യാറാക്കിയ മസാല ഇടാം. പിന്നാലെ പൊടിച്ചെടുത്ത ചിക്കനും ചേര്‍ക്കാം.

ചൂടുവെള്ളത്തില്‍ കുഴച്ച മൈദ പരത്തിയെടുക്കുക. ഇനിയാണ് കലാവിരുത്. അതെടുത്ത് കൊറോണ വൈറസിന്റെ രൂപത്തിലേക്ക് മാറ്റുന്നു. വൈറസിനോടുള്ള ദേഷ്യം തിന്നുതീര്‍ക്കുമെന്ന് പ്രിയേഷ്.

ഇഡ്ഡലി കുക്കറില്‍ വേവിച്ചെടുത്ത കൊറോണയ്ക്ക് ഇനി നിറ നല്‍കാം. സോസില്‍ ചാലിക്കുന്നതോടെ കൊറോണ ചിക്കന്‍ റെഡിയായി. കൊറോണ വൈറസിനെ പോലെയല്ല, കുട്ടികള്‍ക്കും 60 കഴിഞ്ഞവര്‍ക്കും പേടിക്കേണ്ടതില്ല. ആര്‍ക്കും കഴിക്കാം ഈ കൊറോണ ചിക്കന്‍.