ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം നോമ്പുതുറ വിഭവങ്ങൾ. ഇന്ന് ബിന്ദു അജിത് തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

ഞണ്ട് കൊണ്ടുള്ള വിഭവങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടി നല്ല കൊതിയൂറും ഞണ്ട് ഫ്രൈ മസാല തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
ഞണ്ട് - 1 കിലോ
സവാള - 3 എണ്ണം
തക്കാളി - 2 എണ്ണം
പച്ചമുളക് - 4 എണ്ണം
ഇഞ്ചി - 1 കഷ്ണം
കുരുമുളക് -1 ടേബിള്‍സ്പൂണ്‍
പെരുംജീരകം -1 ടേബിള്‍സ്പൂണ്‍
വെളുത്തുള്ളി - 10- 15 അല്ലി
ചെറിയ ഉള്ളി - 7 എണ്ണം
മല്ലിയില - ആവശ്യത്തിന്
കറിവേപ്പില - ആവശ്യത്തിന്
മസാലപൊടികൾ
മഞ്ഞൾ പൊടി - 1/4 ടീസ്പൂണ്‍
മുളക് പൊടി -2 ടേബിള്‍സ്പൂണ്‍
മല്ലിപൊടി -1 ടേബിള്‍സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി, പച്ചമുളക്, മല്ലിയില, കുരുമുളക്, പെരുംജീരകം എന്നിവയെല്ലാം കൂടി മിക്സിയുടെ ജാറിലിട്ട് ചതച്ചെടുത്തു ഒരു ബൗളിലേയ്ക്ക് ഇട്ട് കൊടുക്കാം. ഇനി അതിലേക്ക് എടുത്തു വെച്ചിരിക്കുന്ന പൊടികൾ എല്ലാം ചേർക്കണം. ശേഷം വെളിച്ചെണ്ണയും കുറച്ചു വെള്ളവും ചേർത്ത് മസാല തയ്യാറാക്കാം. ഇനി ഇതിൽ നിന്നും കുറച്ചു മസാല മാറ്റി വെക്കാം (സവാള വഴറ്റുമ്പോൾ ചേർക്കാൻ വേണ്ടി). ബാക്കി മസാലയിൽ ഞണ്ട് നന്നായി മിക്സ് ചെയ്തു അര മണിക്കൂർ വെക്കാം.ഇനി പാൻ ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിക്കുക. വെളിച്ചെണ്ണ ചൂടായതിനു ശേഷം ഞണ്ട് ഫ്രൈ ചെയ്തെടുക്കാം. ഇനി അതേ എണ്ണയിൽ തന്നെ സവാള ചേർത്ത് വഴറ്റാം. കുറച്ചു കറിവേപ്പിലയും ഉപ്പും കൂടി ചേർക്കാം. പിന്നെ മാറ്റി വെച്ച മസാല കൂടി ചേർത്ത് വഴറ്റാം. മസാലയുടെ പച്ച മണം എല്ലാം മാറി നന്നായി വഴറ്റിയതിനു ശേഷം ഫ്രൈ ചെയ്ത ഞണ്ട് ചേർക്കാം. ഇനി എല്ലാം നന്നായി യോജിപ്പിച്ചു കുറച്ചു മല്ലിയിലയും കറിവേപ്പിലയും ചേർക്കാം. ഗ്രേവി വേണമെങ്കിൽ ചൂടുവെള്ളം ചേർത്ത് മിക്സ് ചെയ്യാം.

Also read: റമദാന്‍ സ്പെഷ്യല്‍ ചിക്കന്‍ ചേര്‍ത്ത നോമ്പ് കഞ്ഞി തയ്യാറാക്കാം; റെസിപ്പി
