ജാര്‍ഖണ്ഡിലെ ദുംകയില്‍ ഒരു വിവാഹസദ്യക്കിടെ ഭക്ഷ്യവിഷബാധയുണ്ടായി. അവര്‍ കഴിച്ച ഭക്ഷണത്തില്‍ ഒരു പല്ലി ചത്തുകിടക്കുന്നതായി കണ്ടെത്തുകയും ചെയ്തു. പിന്നെ വൈകാതെ ഓരോരുത്തരായി ഛര്‍ദിയും ക്ഷീണവും വന്ന് വീഴാന്‍ തുടങ്ങി. 

വിവാഹത്തിന് പങ്കെടുക്കാനെത്തിയവരെല്ലാം പരിഭ്രാന്തരായി. സമയം വൈകുംതോറും ശാരീരികാസ്വസ്ഥതകള്‍ മൂലം കൂടുതല്‍ പേര്‍ കുഴഞ്ഞ് വീണുകൊണ്ടിരുന്നു.  വിഷമതകള്‍ നേരിടാത്ത മറ്റ് ആളുകള്‍ ചേര്‍ന്ന് അവശതയിലായവരെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. 

70 പേരെയാണ് അങ്ങനെ ആശുപത്രിയിലെത്തിച്ചത്. വിവാഹസദ്യക്കിടെയുണ്ടായ ഭക്ഷ്യവിഷബാധയെന്ന് കേട്ടപ്പോള്‍ ഡോക്ടര്‍മാരും ആശുപത്രി അധികൃതരുമെല്ലാം ഒന്ന് ഭയന്നു. വലിയൊരു ദുരന്തത്തിലേക്ക് സംഭവം ചെന്നെത്തി നില്‍ക്കുമോയെന്ന് അവര്‍ ആശങ്കപ്പെട്ടു. 

എന്നാല്‍, ഓരോരുത്തരെയും വിശദമായി പരിശോധിച്ച ശേഷം ഡോക്ടര്‍മാര്‍ ചിരിക്കുകയാണ് ചെയ്തത്. എല്ലാവരും അല്‍പമൊന്ന് അമ്പരന്നു. എന്താണ് നടക്കുന്നതെന്ന് അവര്‍ക്കാര്‍ക്കും മനസിലായില്ല. സംഗതിയുടെ കിടപ്പുവശം ഒടുവില്‍ ഡോക്ടര്‍മാര്‍ തന്നെ വിശദീകരിച്ചു. 

സദ്യക്കിടയില്‍ ഭക്ഷണത്തില്‍ കണ്ടെത്തിയ ചത്ത പല്ലിയല്ല, യഥാര്‍ത്ഥ വില്ലന്‍. ശരിക്കുമുള്ള വില്ലന്‍, ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഓരോരുത്തരുടെയും മനസ് തന്നെയായിരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ ചിരിയോടെ പറയുന്നത്. 

സദ്യക്കിടെ ഭക്ഷണത്തില്‍ ചത്ത പല്ലിയെ കണ്ടെത്തി. ഇതോടെ ആളുകളില്‍ പേടിയും പരിഭ്രമവും നിറയാന്‍ തുടങ്ങി. മാനസികമായ ഈ പ്രശ്‌നമാണത്രേ ഛര്‍ദ്ദിയുടേയും ക്ഷീണത്തിന്റേയും രൂപത്തില്‍ ഇവരില്‍ പ്രകടമായത്. നമ്മള്‍ കഴിച്ചുകൊണ്ടിരിക്കുന്ന ഭക്ഷണത്തില്‍ ഇത്തരത്തിലെന്തെങ്കിലും കണ്ടാല്‍ ഓക്കാനം വരുന്നതായി തോന്നാറില്ലേ? അത്രയും സാമാന്യമായ പ്രതികരണം തന്നെയാണ് ഇവിടെയും സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 

പല്ലിയോ അത്തരത്തിലുള്ള ചെറുജീവികളോ ഭക്ഷണത്തില്‍പ്പെട്ടത് കൊണ്ട് നിശ്ചയമായും വിഷം പടരണമെന്നില്ലെന്നും എങ്കിലും ആശുപത്രിയില്‍ പോയി പരിശോധിച്ച് നിജസ്ഥിതി തിരിച്ചറിയുന്നത് തന്നെയാണ് ഉത്തമമെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.