ദിവസത്തിലൊരിക്കലെങ്കിലും ചോറ് കഴിച്ചില്ലെങ്കില്‍ വയറും മനസും സുഖമാകാത്ത എത്രയോ മനുഷ്യരുണ്ട്. എന്നാല്‍ പതിവുകള്‍ക്കൊക്കെ മുകളില്‍ 'ഫിറ്റ്‌നസ്' എന്ന വെല്ലുവിളി ഉയര്‍ന്നു. ചോറ് എത്രയും കുറയ്ക്കുന്നുവോ അത്രയും നല്ലത് എന്ന കാഴ്ചപ്പാടായി 

എത്രയോ കാലങ്ങളായി നമ്മള്‍ ശീലിച്ചുവന്ന ഭക്ഷണമാണ് അരിഭക്ഷണം. ഇതില്‍ തന്നെ 'ചോറ്' ആണ് നമ്മുടെ പ്രധാന വിഭവം. ദിവസത്തിലൊരിക്കലെങ്കിലും ചോറ് കഴിച്ചില്ലെങ്കില്‍ വയറും മനസും സുഖമാകാത്ത എത്രയോ മനുഷ്യരുണ്ട്.

എന്നാല്‍ പതിവുകള്‍ക്കൊക്കെ മുകളില്‍ 'ഫിറ്റ്‌നസ്' എന്ന വെല്ലുവിളി ഉയര്‍ന്നു. ചോറ് എത്രയും കുറയ്ക്കുന്നുവോ അത്രയും നല്ലത് എന്ന കാഴ്ചപ്പാടായി. ഇതിനെ അനുകൂലിക്കുന്ന വലിയ വിഭാഗമായി ചെറുപ്പക്കാരിലേറെയും മാറിക്കഴിഞ്ഞു. 

യഥാര്‍ത്ഥത്തില്‍ ചോറ് കഴിക്കുന്നത് വണ്ണം കൂട്ടാന്‍ ഇടയാക്കുമോ? ഇല്ല- എന്നാണ് ജപ്പാനിലെ ഒരുകൂട്ടം ഗവേഷകര്‍ പറയുന്നത്. വെറുതെയല്ല 136 രാജ്യങ്ങളില്‍ നിന്നുള്ള മനുഷ്യരുടെ ജീവിതരീതികളെ അടിസ്ഥാനപ്പെടുത്തി, അവര്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ മറുപടി. 

അരി, പ്രധാനപ്പെട്ട ഭക്ഷ്യധാന്യമായി കണക്കാക്കുന്ന മിക്ക ഏഷ്യന്‍ രാജ്യങ്ങളിലെയും അവസ്ഥകള്‍ വിലയിരുത്തുമ്പോള്‍ ചോറ് ശരീരവണ്ണം കൂട്ടുന്ന ഭക്ഷണമല്ല എന്നാണ് മനസ്സിലാക്കാനാകുന്നതെന്ന് പഠനം പറയുന്നു. 

'ചോറ് പ്രധാനപ്പെട്ട ഭക്ഷണമായിട്ടുള്ള രാജ്യങ്ങളെയും അങ്ങനെയല്ലാത്ത രാജ്യങ്ങളെയും താരതമ്യം ചെയ്യുമ്പോള്‍ അമിതവണ്ണം കൂടുതല്‍ കാണുന്നത് രണ്ടാമത് പറഞ്ഞ തരം രാജ്യങ്ങളിലാണ്. അതായത് ചോറല്ല, അമിതവണ്ണത്തിന് കാരണമാകുന്നത് എന്ന് സാരം. മാത്രമല്ല ചോറ് കഴിക്കുന്നത്, ദീര്‍ഘനേരത്തേക്ക് വിശപ്പ് വരാതിരിക്കാനും ഇടയില്‍ എന്തെങ്കിലുമൊക്കെ കഴിച്ചോണ്ടിരിക്കുന്ന ശീലമില്ലാതാക്കാനും സഹായിക്കും.'- പഠനസംഘത്തിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ ടൊമോക്കോ ഇയാമി പറയുന്നു. 

ലണ്ടനിലുള്ള 'നാഷണല്‍ ഒബിസ്റ്റി ഫോറം' ചെയര്‍മാന്‍ ടാം ഫ്രൈയും ഈ പഠനത്തെ ന്യായീകരിച്ച് രംഗത്തുവന്നിട്ടുണ്ട്. 

അരിഭക്ഷണം അമിതവണ്ണത്തിന് കാരണമാകില്ലയെന്ന് മാത്രമല്ല, വണ്ണം കുറയ്ക്കാനും അരിഭക്ഷണം സഹായിക്കുമെന്നാണ് പഠനം അവകാശപ്പെടുന്നത്. മിതമായ രീതിയില്‍ അരിഭക്ഷണം കഴിക്കുക എന്നതാണ് ഇതിന് വേണ്ടി ചെയ്യേണ്ടതെന്ന് ഇവര്‍ നിര്‍ദേശിക്കുന്നു. അമിതമായി അരിഭക്ഷണം കഴിക്കുന്നത് തീര്‍ച്ചയായും തിരിച്ചടിയാണെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.