ഇന്ന് ലോക ബനാന ദിനം(world Banana day).ഈ ദിവസം നേന്ത്രപ്പഴത്തിന്  ചിലത് പറയാനുണ്ട്. ദിവസവും ഓരോ നേന്ത്രപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് ഡോക്ടര്‍മാര്‍ തന്നെ നിര്‍ദേശിക്കുന്നുണ്ട്. ശരീരത്തിനാവശ്യമായ പോഷകങ്ങള്‍, വിറ്റാമിന്‍-സി, വിറ്റാമിന്‍ ബി-6 എന്ന് തുടങ്ങി നമുക്ക് അറിയാത്ത പല ആരോഗ്യപ്രശ്‌നങ്ങളെയും പരിഹരിക്കുന്ന അവശ്യം വേണ്ട ധാതുക്കള്‍, റൈബോഫ്‌ളേവിന്‍, ഫോളേറ്റ്, നിയാസിന്‍- തുടങ്ങി പല ഘടകങ്ങള്‍ കൊണ്ടും സമ്പുഷ്ടമാണ് നേന്ത്രപ്പഴം. ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഉദര സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും നേന്ത്രപ്പഴം ഉത്തമം തന്നെ.

അമിതവണ്ണം പ്രശ്നമാണോ?

നേന്ത്രപ്പഴത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഗുണം ഇത് അമിതവണ്ണം കുറയ്ക്കുന്നതിന് മറ്റേത് ഭക്ഷണത്തെക്കാള്‍ സഹായകമാണെന്നതാണ്. ശരാശരി 90 കലോറി മാത്രമേ ഒരു പഴത്തില്‍ അടങ്ങിയിട്ടുണ്ടാകൂ. അതേസമയം നേരത്തേ സൂചിപ്പിച്ചതുപോലെ ധാരാളം ഫൈബറുകളും അടങ്ങിയിട്ടുണ്ട്. കൊഴുപ്പിന്റെ കാര്യത്തില്‍ വളരെ പിന്നിലുമാണ്. ഇത്രയും മതിയല്ലോ! വണ്ണം കുറയ്ക്കാന്‍ ഇനിയെന്ത് വേണം. 

 

രാവിലെയോ വൈകീട്ടോ ഒക്കെ പ്രധാന മെനുവായിത്തന്നെ നേന്ത്രപ്പഴം കഴിക്കാവുന്നതാണ്. വളരെ പെട്ടെന്ന് വിശപ്പിനെ പിടിച്ചുകെട്ടാന്‍ കഴിവുള്ള ഒരു ഫലം കൂടിയാണിത്. അതിനാല്‍ തന്നെ അമിതമായി കഴിക്കുന്നത് തടയാനും നേന്ത്രപ്പഴം കഴിക്കുന്നത് സഹായിക്കും. ശരീരഭാരം കുറയ്ക്കല്‍ മാത്രമല്ല, മറ്റ് പല ആരോഗ്യകാര്യങ്ങള്‍ക്കും നേന്ത്രപ്പഴം ഉപകരിക്കും. 

കൊളസ്‌ട്രോളിനെ ഭയമാണോ?

ദിവസം ഒരു ഏത്തപ്പ‍ഴം ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ കൊളസ്‌ട്രോളിനെ അകറ്റി നിര്‍ത്താം. ഏത്തപ്പഴത്തില്‍ പെക്റ്റിന്‍ എന്ന ജലത്തില്‍ ലയിക്കുന്ന തരം നാരുകളുണ്ട്. ഇവ ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎലിന്റെ തോതു കുറയ്ക്കുന്നതിനെ സഹായിക്കും. ഒപ്പം നല്ല കൊളസ്‌ട്രോളിന്റെ തോതു നിലനിര്‍ത്തുന്നതിനു സഹായകമാവും.

കൂടാതെ സോഡിയവും കാല്‍സ്യം, മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയഏത്തപ്പഴം ശരീരത്തിലെ ബിപി നിയന്ത്രിക്കുമെന്നും ഗവേഷകര്‍ കണ്ടെത്തുന്നു. അതിനാല്‍ ഹൃദയാഘാതം, സ്‌ട്രോക്ക്, മറ്റു ഹൃദയരോഗങ്ങള്‍ എന്നിവയ്ക്കുളള സാധ്യത കുറയ്ക്കും.

നേന്ത്രപ്പഴത്തിന്‍റെ മറ്റ് ആരോഗ്യ ഗുണങ്ങള്‍...

1. എല്ലിന് ബലം നല്‍കാന്‍ സഹായിക്കുന്നു. 
2.വൃക്ക സംബന്ധമായ പ്രശ്‌നങ്ങളുള്ളവര്‍ക്കും കഴിക്കാന്‍ നല്ലതാണ്. 
3. മലബന്ധത്തെ പ്രതിരോധിക്കും. 
4. സന്ധിവാതത്തെ ചെറുക്കാന്‍ സഹായിക്കുന്നു. 
5. അള്‍സറുള്ളവര്‍ക്ക് ഇത് ഗുണം ചെയ്യും.
6. കണ്ണിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. 
7. പൈല്‍സ് ഉള്ളവര്‍ക്ക് മലബന്ധം ഒഴിവാക്കാന്‍ സഹായകമാണ്.
8. വിളര്‍ച്ച തടയാന്‍ സഹായിക്കുന്നു. 
9. ആര്‍ത്തവകാലത്തെ പ്രശ്‌നങ്ങളെ ചെറുക്കുന്നു.
10. നേന്ത്രപ്പഴം വിഷാദം, മാനസിക പിരിമുറുക്കം തുടങ്ങിയ പ്രശ്നങ്ങളെ അകറ്റാനും സഹായിക്കും.