മുടി ആരോ​​ഗ്യത്തോടെ തഴച്ച് വളരാൻ ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണം തന്നെയാണ്. വിറ്റാമിനുകളും പ്രോട്ടീനുകളും അടങ്ങിയ ഭക്ഷണങ്ങളാണ് ഇതിനായി പ്രധാനമായി കഴിക്കേണ്ടത്.മുടി വളരാൻ ഇലക്കറികൾ, പയർ വർ​ഗങ്ങൾ, പച്ചക്കറികൾ എന്നിവ ഭക്ഷണത്തിൽ ധാരാളം ഉൾപ്പെടുത്തുക. മുടി ബലമുള്ളതാക്കാനും ആരോ​ഗ്യത്തോടെ തഴച്ച് വളരാനും സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്...

ഒന്ന്...

മുടിയ്ക്ക് പ്രധാനമായി വേണ്ടത് പ്രോട്ടീനാണ്. മുട്ടയിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ദിവസവും ഓരോ മുട്ട വീതം കഴിക്കുന്നത് മുടി ആരോ​ഗ്യത്തോടെ വളരാൻ സഹായിക്കും. മുട്ടയുടെ വെള്ളയും അൽപം വെളിച്ചെണ്ണയും ചേർത്ത് തലയിൽ പുരട്ടിയാൽ മുടികൊഴിച്ചിൽ തടയാനാകും. ആഴ്ച്ചയിൽ മൂന്നോ നാലോ തവണ മുട്ട കൊണ്ടുള്ള ഹെയർ പാക്ക് തലയിൽ പുരട്ടാവുന്നതാണ്. തലയ്ക്ക് തണുപ്പ് കിട്ടാനും മുട്ടയുടെ വെള്ള സഹായിക്കുന്നു. 

രണ്ട്...

മുടി ആരോ​ഗ്യത്തോടെ തഴച്ച് വളരാൻ ഏറ്റവും മികച്ചതാണ് ഇലക്കറികൾ. ചീര, മുരങ്ങയില പോലുള്ളവ ഭക്ഷണത്തിൽ ധാരാളം ഉൾപ്പെടുത്തുക. ഇരുമ്പിന്‍റെ അംശം കുറയുമ്പോൾ മുടികൊഴിച്ചിലിന് കാരണമാകുന്നു. മുടികൊഴിച്ചിൽ അകറ്റാൻ പാലക് ചീര ധാരാളം കഴിക്കാവുന്നതാണ്. 

മൂന്ന്...

ദിവസവും ഒന്നോ രണ്ടോ നട്സ് കഴിക്കുന്നത് ആരോ​ഗ്യത്തിന് മാത്രമല്ല മുടി തഴച്ച് വളരാനും വളരെ സഹായകമാണ്. പിസ്ത, ബദാം, അണ്ടിപരിപ്പ് പോലുള്ളവ മുടി ആരോ​​ഗ്യത്തോടെ വളരാൻ സഹായിക്കുന്നു. മുടികൊഴിച്ചിലിന് മാത്രമല്ല ഹൃദയസംബന്ധമായ അസുഖങ്ങൾ അകറ്റാനും നട്സ് കഴിക്കുന്നത് ഏറെ ​ഗുണം ചെയ്യും.

നാല്...

മുടി ബലമുള്ളതാക്കാനും ആരോ​​ഗ്യത്തോടെ തഴച്ച് വളരാനും വളരെ നല്ലതാണ് ക്യാരറ്റ്. ദിവസവും ഓരോ ക്യാരറ്റ് വച്ച് കഴിക്കുന്നത് മുടികൊഴിച്ചിൽ അകറ്റാനും മുടി വളരാനും സഹായിക്കുന്നു. മുടി വളർച്ചക്ക് പ്രധാനമായി വേണ്ട വിറ്റാമിനുകൾ ക്യാരറ്റിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ക്യാരറ്റ് ജ്യൂസായോ അല്ലാതെയോ കഴിക്കാം.

അഞ്ച്...

വിറ്റാമിൻ ഇ ധാരാളം അടങ്ങിയ പഴമാണ് അവോക്കാഡോ. മുടിയുടെ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് അവോക്കാഡോ. രക്തയോട്ടം വർധിപ്പിക്കാനും പിഎച്ച് ലെവൽ നിയന്ത്രിക്കാനും അവോക്കാഡോ സഹായിക്കും.