ഭക്ഷണം നിയന്ത്രിച്ചിട്ടും കൊളസ്ട്രോൾ കുറയുന്നില്ലെന്ന് ചിലർ പറയാറുണ്ട്. പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ കഴിച്ച് തന്നെ കൊളസ്ട്രോൾ കുറയ്ക്കാനാകും. ആവശ്യമായതിലുമധികം കൊളസ്ട്രോൾ ശരീരത്തിൽ സംഭരിക്കപ്പെടുമ്പോഴാണ് പ്രശ്നം സൃഷ്ടിക്കപ്പെടുന്നത്. കൊളസ്ട്രോൾ രണ്ട് തരത്തിലുണ്ട്. ചീത്ത കൊളസ്ട്രോളും നല്ല കൊളസ്ട്രോളും. ചീത്ത കൊളസ്ട്രോൾ പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുക. ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ താഴേ ചേർക്കുന്നു...

ഓറഞ്ച് ജ്യൂസ്...

ദിവസവും ഒരു ​ഗ്ലാസ് ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുമെന്ന് കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിൽ പറയുന്നു. ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ സഹായിക്കുന്ന ഘടകങ്ങൾ ഓറഞ്ചിലുണ്ടെന്നാണ് വിദ​ഗ്ധർ പറയുന്നത്. 

നട്സ് ...

നിലക്കടല, വാല്‍നട്ട്, പിസ്ത, വെണ്ണപ്പഴം, ബദാം, എന്നിവ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളാണ്. ദിവസം നാലോ അഞ്ചോ ഇവ കഴിക്കാം. ഇതില്‍ ധാരാളം ഫൈബറും വിറ്റാമിൻ ഇ യും അടങ്ങിയിട്ടുണ്ട്. ദിവസവും രണ്ട് പിടി നട്സ് കഴിച്ചാൽ അഞ്ച് ശതമാനത്തോളം എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാനാകുമെന്ന് ഹാവാർഡ് മെഡിക്കൽ സ്കൂളിലെ ​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. 

ഓട്സ്...

ഓട്‌സില്‍ ധാരാളം സോല്യുബിള്‍ ഫൈബറാണ് അടങ്ങിയിരിക്കുന്നത്. ഇവ കൊളസ്‌ട്രോളിനെതിരെ പ്രതിരോധിക്കാന്‍ സഹായിക്കും. സോല്യുബിള്‍ ഫൈബര്‍ ബൈല്‍ ആസിഡുകളുമായി ചേര്‍ന്ന് കൊളസ്‌ട്രോളിനെ ഇല്ലാതാക്കും. ബീന്‍സ്, ആപ്പിള്‍, ക്യാരറ്റ് എന്നിവയിലും സോല്യുബിള്‍ ഫൈബര്‍ അടങ്ങിയിട്ടുണ്ട്.

ആപ്പിൾ...

ആപ്പിളില്‍ അടങ്ങിയിരിക്കുന്ന ഫൈബറും ആന്‌റി ഓക്‌സിഡന്‌റുകളും ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

ഇലക്കറികൾ...

കൊളസ്ട്രോൾ കുറയ്ക്കാൻ ഏറ്റവും മികച്ചതാണ് ഇലക്കറികൾ. എല്ലാതരം ഇലക്കറികളും കഴിക്കാവുന്നതാണ്. ചീര, മുരിങ്ങയില എന്നിവ ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാൻ സഹായിക്കുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്.