ആര്‍ത്തവസമയത്ത്‌ വയറ് വേദന, നടുവേദന പോലുള്ള പ്രശ്നങ്ങളുണ്ടാകാറുണ്ട്. ആര്‍ത്തവം തുടങ്ങി ആദ്യത്തെ മൂന്ന്‌ ദിവസം നല്ല പോലെ രക്തസ്രാവം ഉണ്ടാകാറുണ്ട്‌. ആര്‍ത്തവസമയത്തെ വേദന കുറയ്‌ക്കാന്‍ ചിലര്‍ മരുന്നുകള്‍ കഴിക്കാറുണ്ട്‌. അത്‌ കൂടുതല്‍ ദോഷം ചെയ്യുമെന്ന് കാര്യം പലരും ചിന്തിക്കാറില്ല. ചില ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ആര്‍ത്തവസമയത്തെ വേദന ഒരു പരിധി വരെ കുറയ്‌ക്കാനാകും. ആര്‍ത്തവസമയത്ത്‌ അസ്വസ്ഥതകൾ അകറ്റാൻ കഴിക്കേണ്ട പ്രധാനപ്പെട്ട അഞ്ച് ഭക്ഷണങ്ങൾ താഴേ ചേർക്കുന്നു...

ഒന്ന്...

ആര്‍ത്തവസമയങ്ങളില്‍ മിക്ക സ്‌ത്രീകള്‍ക്കും നല്ല പോലെ ക്ഷീണവും ഛര്‍ദ്ദിയും ഉണ്ടാകാറുണ്ട്‌.അതിന്‌ ഏറ്റവും നല്ലതാണ്‌ തണ്ണിമത്തന്‍.തണ്ണിമത്തന്‍ ജ്യൂസായോ അല്ലാതെയോ കഴിക്കുന്നത്‌ ഗുണം ചെയ്യും.

രണ്ട്...

സ്‌ത്രീകള്‍ നിര്‍ബന്ധമായും കഴിക്കേണ്ട ഒന്നാണ്‌ തൈര്‌. തൈരില്‍ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്‌. അത്‌ എല്ലുകള്‍ക്ക്‌ കൂടുതല്‍ നല്ലതാണ്‌. ആര്‍ത്തവസമയത്ത്‌ കാത്സ്യത്തിന്റെ അളവ്‌ കുറയാതിരിക്കാന്‍ തൈര്‌ സഹായിക്കും.

മൂന്ന്...

ആര്‍ത്തവ സമയങ്ങളില്‍ ഡാര്‍ക്ക്‌ ചോക്ലേറ്റ്‌ കഴിക്കാമോ എന്ന് പലര്‍ക്കും സംശയമുണ്ട്‌.ഡാര്‍ക്ക്‌ ചോക്ലേറ്റ്‌ ആര്‍ത്തവസമയങ്ങളില്‍ കഴിക്കുന്നത്‌ ഏറെ നല്ലതാണ്‌.കാരണം ആര്‍ത്തവസമയങ്ങളില്‍ ടെന്‍ഷന്‍ മാറി വളരെ സന്തോഷത്തോടെയിരിക്കാന്‍ ചോക്ലേറ്റ്‌ സഹായിക്കും. 

നാല്...

മാഗ്നീഷ്യം ധാരാളം അടങ്ങിയ ഒന്നാണ്‌ നട്‌സുകള്‍. നട്‌സുകള്‍ പൊതുവേ കഴിക്കാന്‍ പലര്‍ക്കും ഇഷ്ടമാണ്‌.എന്നാല്‍ ആര്‍ത്തവസമയത്ത്‌ നട്‌സ്‌ കൂടുതല്‍ കഴിക്കാന്‍ ശ്രമിക്കുക. ആര്‍ത്തവസമയത്തെ കഠിനമായ വയറ്‌ വേദന, ക്ഷീണം എന്നിവ കുറയ്‌ക്കാന്‍ നട്‌സ്‌ സഹായിക്കും. 

അഞ്ച്...

 ആര്‍ത്തവസമയത്ത്‌ ഓറഞ്ച്‌ കഴിച്ചാലുള്ള ഗുണങ്ങള്‍ ചെറുതല്ല.പൊട്ടാഷ്യം ധാരാളം അടങ്ങിയ ഒന്നാണ്‌ ഓറഞ്ച്‌. ആര്‍ത്തവസമയത്തെ വേദന കുറയ്‌ക്കാനും രക്തസ്രാവത്തെ നിയന്ത്രിക്കാനും ഓറഞ്ച്‌ വളരെയധികം സഹായിക്കുന്നു.