Asianet News MalayalamAsianet News Malayalam

ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ കഴിക്കാം ഈ എട്ട് ഭക്ഷണങ്ങള്‍...

പഴങ്ങൾ, പച്ചക്കറികൾ, നാരുകൾ അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ ധാരാളം കഴിക്കാം. എന്നാൽ മാംസാഹാരം, മധുരം, ഉപ്പ്, എണ്ണ, കൊഴുപ്പടങ്ങിയ ഭക്ഷണം എന്നിവ മിതമായ അളവില്‍ കഴിക്കുന്നതാണ് ക്യാന്‍സര്‍ പ്രതിരോധത്തിന് നല്ലത്. 

Foods that Could Lower Your Risk of Cancer
Author
Thiruvananthapuram, First Published Aug 10, 2021, 10:57 AM IST

അനിയന്ത്രിതമായ കോശവളർച്ച മൂലം ഉണ്ടാകുന്ന അർബുദങ്ങളെ തടയാൻ ചില ഭക്ഷണങ്ങൾക്കാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ആന്റി ഓക്സിഡന്റുകൾ അടങ്ങിയ ഭക്ഷണങ്ങള്‍ ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായിക്കും. 

പഴങ്ങൾ, പച്ചക്കറികൾ, നാരുകൾ അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കാം. എന്നാൽ മാംസാഹാരം, മധുരം, ഉപ്പ്, എണ്ണ, കൊഴുപ്പടങ്ങിയ ഭക്ഷണം എന്നിവ മിതമായ അളവില്‍ കഴിക്കുന്നതാണ് ക്യാന്‍സര്‍ പ്രതിരോധത്തിന് നല്ലത്. ഒപ്പംതന്നെ ചിട്ടയായ വ്യായാമവും അത്യാവശ്യമാണ്.

ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 

ഒന്ന്...

കാബേജ്, കോളിഫ്ലവർ , ബ്രോക്കോളി എന്നിവയിലെ ആന്‍റി ഓക്സിഡന്റുകൾ ക്യാൻസർ പ്രതിരോധത്തിന് സഹായിക്കുമെന്ന് പഠനങ്ങളിൽ തെളിയിക്കപ്പെട്ടതാണ്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

രണ്ട്...

ക്യാരറ്റ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ക്യാരറ്റില്‍ അടങ്ങിയിരിക്കുന്ന ബീറ്റാകരോട്ടിൻ ക്യാൻസറിനെ പ്രതിരോധിക്കും. ഈ ആന്‍റി ഓക്സിഡന്റ് രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുകയും ക്യാന്‍സര്‍ വരാതെ തടയുകയും ചെയ്യും. 

മൂന്ന്...

മഞ്ഞളിന് ക്യാന്‍സര്‍ തടയാൻ കഴിവുണ്ട് എന്നത് നിരവധി ഗവേഷണഫലങ്ങളിലൂടെ തെളിഞ്ഞിട്ടുള്ളതാണ്. മഞ്ഞളിലടങ്ങിയ കുർക്കുമിൻ എന്ന സംയുക്തത്തിന് ആന്റി ഇൻഫ്ലമേറ്ററി, ആന്റി ഓക്സിഡന്റ് ഗുണങ്ങൾ ഉണ്ട്. അനിയന്ത്രിതമായ കോശവളർച്ച തടയാന്‍ കുർകുമിൻ സഹായിക്കും. 

നാല്...

കറുവാപ്പട്ടയിൽ ടാനിൻ, എസൻഷ്യൽ ഓയിൽ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ആന്റി ഓക്സിഡന്റ്, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും ഇവയ്ക്കുണ്ട്. അതിനാല്‍ തന്നെ ഇവയ്ക്ക് ക്യാന്‍സറിനെ പ്രതിരോധിക്കാനാകും.

അഞ്ച്...

കൂണ്‍ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്റി ഓക്സിഡേറ്റീവ്, ആന്റി മൈക്രോബിയൽ ഗുണങ്ങളുള്ള കൂൺ, അലർജി, അർബുദം എന്നിവയെ തടയുന്നു. രോഗപ്രതിരോധ ശക്തി വർധിപ്പിക്കാനും കൂണ്‍ സഹായിക്കും. 

ആറ്...

ദിവസവും ഒരു ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ അകറ്റി നിര്‍ത്താം എന്ന ചൊല്ല് വെറുതെയല്ല. ആപ്പിളിലെ ആന്റി ഓക്‌സിഡന്റുകൾ, ഫൈബർ, മറ്റ് പോഷകങ്ങൾ എന്നിവ മൊത്തത്തിലുള്ള രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. മാത്രമല്ല ക്യാൻസർ സാധ്യതയും കുറയ്ക്കുന്നു.

ഏഴ്...

സ്ട്രോബെറി, റാസ്ബെറി, ബ്ലാക്ക്‌ബെറി, ബ്ലൂബെറി തുടങ്ങിയവ ക്യാൻസറിനെ തടയാൻ സഹായിക്കുന്നു. ആന്റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും ധാതുക്കളും ക്യാൻസർ കോശങ്ങൾക്കെതിരെ പോരാടാൻ സഹായിക്കുന്നു. 

എട്ട്...

തക്കാളിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ക്യാന്‍സര്‍ കോശങ്ങളുടെ വളർച്ചയെ തടയാൻ തക്കാളി സഹായിക്കുന്നു. ലൈക്കോപ്പീൻ ആണ് ഈ ഗുണങ്ങളേകുന്നത്. 

Also Read: ശരണ്യയുടെ ജന്മദിനത്തിന് കാണാനെത്തിയ നന്ദു; ഇപ്പോള്‍ വേദനകളില്ലാത്ത ലോകത്തേയ്ക്ക് നന്ദുവിന് പിന്നാലെ ശരണ്യയും

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios