ആരോഗ്യവും ഭംഗിയുമുളള തലമുടി ആഗ്രഹിക്കാത്ത സ്ത്രീകള്‍ കുറവാണ്. എന്നാല്‍ താരനും മുടികൊഴിച്ചിലും കാരണം വിഷമിക്കുന്നവരാണ് പലരും. പല കാരണങ്ങള്‍ കൊണ്ടാകാം മുടികൊഴിച്ചിലുണ്ടാകുന്നത്. മുടി ആരോ​​ഗ്യത്തോടെ തഴച്ച് വളരാൻ ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണം തന്നെയാണ്. വിറ്റാമിനുകളും പ്രോട്ടീനുകളും അടങ്ങിയ ഭക്ഷണങ്ങളാണ് ഇതിനായി പ്രധാനമായി കഴിക്കേണ്ടത്. മുടി വളരാൻ ഇലക്കറികൾ, പയർ വർ​ഗങ്ങൾ, പച്ചക്കറികൾ എന്നിവ ഭക്ഷണത്തിൽ ധാരാളം ഉൾപ്പെടുത്തുക. 

തലമുടിയില്‍ എണ്ണ തങ്ങിനില്‍ക്കുന്നതും തലമുടിയുടെ ആരോഗ്യത്തെ ബാധിക്കാം. തല കുളിക്കുന്ന ദിവസങ്ങളില്‍ എണ്ണ ഉപയോഗിക്കുന്നതില്‍ പ്രശ്നമില്ല എന്നാല്‍
ഷാംമ്പു ഉപയോഗിച്ച് അവ കഴുകികളയണമെന്നാണ് ഹെയര്‍ സ്റ്റൈലിസ്റ്റായ അംബികാപിളള പറയുന്നത്.

എണ്ണ തലയില്‍ പുരട്ടാതെ തന്നെ ചിലര്‍ക്ക് തലമുടിയില്‍ എപ്പോഴും എണ്ണമയമാണ്. ഒരു പാര്‍ട്ടിക്ക് പോകുമ്പോള്‍ തലമുടിയില്‍ എണ്ണ ഒഴുകുന്നത് അഭംഗിയാണെന്ന് പറയേണ്ടതില്ലല്ലോ. ഡയറ്റ് ഒന്ന് ശ്രദ്ധിച്ചാല്‍ ഈ പ്രശ്നവും പരിഹരിക്കാവുന്നതേയുളളൂ. 

നിങ്ങളുടെ തലമുടിയെ എണ്ണമയമുളളതാക്കുന്ന ചില ഭക്ഷണങ്ങള്‍ ഏന്തെല്ലാമാണെന്ന് നോക്കാം. 

ഒന്ന്...

എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ ശരീരത്തില്‍ കൂടുതലായി എണ്ണ അടിഞ്ഞുകൂടാനുളള സാധ്യതയുണ്ട്. ശരീരത്തില്‍ ഉല്‍പാദിപ്പിക്കുന്ന എണ്ണ നിങ്ങളുടെ ചര്‍മ്മത്തെയും പൊതിയും , തലയോട്ടിയെയും. ഇതുമൂലം തലമുടിയില്‍ അമിതമായി എണ്ണമയം ഉണ്ടാകും. അതിനാല്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ കഴിക്കുന്നതിന്‍റെ അളവ് കുറയ്ക്കുന്നത് നല്ലതാണ്. 

രണ്ട്...

ക്ഷീരോല്‍പന്നങ്ങള്‍  അഥവാ  പാലുത്‌പന്നങ്ങള്‍ ശരീരത്തില്‍ എണ്ണ കൂടുതലായി ഉല്‍പാദിപ്പിക്കാന്‍ വഴിയൊരുക്കും. പ്രത്യേകിച്ച് പാല്‍ , ബട്ടര്‍ , ചീസ് എന്നിവ തലമുടിയെ എണ്ണമയമുളളതാക്കും. 

മൂന്ന്...

പഞ്ചസാരയുടെ അളവ് ശരീരത്തില്‍ കൂടിയാലും കുറഞ്ഞാലും പ്രശ്നമാണ്. പഞ്ചസാരയുടെ അളവ് കൂടുമ്പോല്‍ സ്വാഭാവികമായി ശരീരത്തില്‍ എണ്ണ ഉള്‍പാദനം നടക്കുന്നു. അതുമൂലം തലമുടിയിലും എണ്ണമയം ഉണ്ടാകുന്നു. 

നാല്...

ഉപ്പ് ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് തലമുടിയില്‍ താരന്‍ ഉണ്ടാക്കും. അതുകൊണ്ടാണ് വറുത്തതും പൊരിച്ചതും കഴിക്കരുത് എന്നും പറയുന്നത്. ഇവയില്‍ ഉപ്പ് ധാരാളമായി അടങ്ങിയിട്ടുണ്ട്. 

മുടി ബലമുള്ളതാക്കാനും ആരോ​ഗ്യത്തോടെ തഴച്ച് വളരാനും സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നാണ് ഇനി പറയാന്‍ പോകുന്നത്. 

1. വിറ്റാമിൻ, പ്രോട്ടീൻ, ഒമേ​ഗ 6 ഫാറ്റി ആസിഡ് എന്നിവ ധാരാളം അടങ്ങിയ ഭക്ഷണമാണ് മുട്ട. തലമുടി ആരോ​​ഗ്യത്തോടെ വളരാൻ ഏറ്റവും നല്ല ഭക്ഷണമാണ് മുട്ട. ദിവസവും ഭക്ഷണത്തിൽ ഓരോ മുട്ട വീതം ഉൾപ്പെടുത്താം.. മുട്ടയുടെ വെള്ള തലയിൽ പുരട്ടുന്നത്  മുടിയ്ക്ക് ബലം കിട്ടാൻ സഹായിക്കും. 

2. ബദാമില്‍ അടങ്ങിയിട്ടുള്ള ഉയര്‍ന്ന അളവിലുള്ള ബയോട്ടിന്‍ തലമുടി വളരാന്‍ സഹായിക്കും. 

3. വിറ്റാമിൻ എ ധാരാളം അടങ്ങിയിട്ടുള്ള ക്യാരറ്റ് തലമുടി തഴച്ച് വളരാൻ സഹായിക്കുന്നു. 

4. ശരീരത്തിലെ ഉഷ്‌മാവ് വര്‍ധിച്ചുനില്‍ക്കുന്നത് പലപ്പോഴും മുടികൊഴിച്ചിലിനും കഷണ്ടിക്കും കാരണമാകും. വെള്ളരിക്ക സ്ഥിരമായി കഴിച്ചാല്‍ ശരീരത്തിലെ ഉഷ്‌മാവ് നന്നായി കുറയ്ക്കാനാകും.