വേനൽക്കാലത്ത് ശരീരം തണുപ്പിക്കാൻ സഹായിക്കുന്ന രുചികരമായ മൂന്ന് തരം പാനീയങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. 

ഈ ചൂടുകാലത്ത് എത്ര വെള്ളം കുടിച്ചാലും ദാഹം മാറില്ല. ശരീരത്തിലെ വിഷാംശം പുറന്തള്ളാൻ വെള്ളം കുടിക്കുന്നത് സഹായിക്കും. വേനൽക്കാലത്ത് ശരീരം തണുപ്പിക്കാൻ സഹായിക്കുന്ന രുചികരമായ മൂന്ന് തരം പാനീയങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. 

1. സംഭാരം...

വേണ്ട ചേരുവകൾ..

തൈര് 1 കപ്പ്
മുളക് 2 എണ്ണം (രണ്ടായി കീറിയത്)
ഇഞ്ചി ഒരു ചെറിയ കഷണം (ചതച്ചത്)
കറിവേപ്പില ഒരു തണ്ട്
ചുവന്നുള്ളി 5, 6 എണ്ണം(ചതച്ചത്)
ഉപ്പ് ആവശ്യത്തിന്

 തയാറാക്കുന്ന വിധം...

ആദ്യം തൈര് ആവശ്യത്തിന് വെള്ളം ഒഴിച്ച് ഇളക്കി ഒരു തവി കൊണ്ട് ഉടച്ച് നേര്‍പ്പിച്ചെടുക്കുക. 

മുളക്, ചുവന്നുള്ളി, ഇഞ്ചി ഇവ തൈര് നേര്‍പ്പിച്ചതിലിട്ട് കറിവേപ്പിലയും കീറിയിട്ട് ആവശ്യത്തിന് ഉപ്പും ചേര്‍ത്തിളക്കുക. 

ഐസ് ക്യൂബുകളിട്ട് വിളമ്പാം. 

2. റോസ് മില്‍ക്ക്...

വേണ്ട ചേരുവകൾ...

റോസ് സിറപ്പ് 3 ടേബിള്‍ സ്പൂണ്‍
പഞ്ചസാര 1/2 ടേബിള്‍ സ്പൂണ്‍
പാല്‍ 2 കപ്പ്
റോസ് വാട്ടര്‍ ഒരു ടീസ്പൂണ്‍ 
റോസ് പെറ്റല്‍സ് 3 എണ്ണം
കിയാസീഡ്‌സ് 1 സ്പൂൺ

തയാറാക്കുന്ന വിധം...

ആദ്യം കിയാസീഡ്‌സ് വെള്ളം ഒഴിച്ച് കുതിർക്കാൻ വയ്ക്കുക. ശേഷം പാലില്‍ റോസ് സിറപ്പ് ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക.

 ഇതിലേക്ക് പഞ്ചസാര ചേര്‍ത്തിളക്കി റോസ് വാട്ടറും ചേര്‍ക്കാം. ശേഷം കുതിര്‍ത്തുവച്ചിരിക്കുന്ന കിയാസീഡ്‌സും ചേര്‍ത്തിളക്കുക. 

ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ചശേഷം ഇതൊരു ഗ്ലാസിലേക്ക് പകര്‍ത്തി റോസ് പെറ്റല്‍സ് കൊണ്ട് അലങ്കരിച്ച് വിളമ്പാം. 

3. മിന്റ് ലൈം...

ആവശ്യമുള്ള സാധനങ്ങള്‍...

നാരങ്ങാനീര് 2 എണ്ണം
പുതിനയില 8 എണ്ണം
ഐസ്‌ക്യൂബ്സ് ഒരു പിടി
വെള്ളം ഒരു കപ്പ്
പഞ്ചസാര 2 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം ...

ഒരു മിക്സിയുടെ ജാറില്‍ നാരങ്ങാനീര്, വെള്ളം, പഞ്ചസാര എന്നിവയെടുത്ത് അടിച്ചെടുക്കുക. 

ശേഷം ഐസ്‌ക്യൂബും പുതിനയിലയും ഇട്ട് ഒന്നുകൂടി കറക്കിയെടുക്കാം. ഇത് ഒരു ഗ്ലാസിലേക്ക് പകര്‍ന്ന് വിളമ്പാം.