തിരുവനന്തപുരം: കേരളത്തില്‍ തരംഗമാവുകയാണ് ഫുല്‍ജാര്‍ സോഡ. റംസാന്‍ നോമ്പിന് അടുപ്പിച്ചാണ് ഇപ്പോള്‍ കേരളത്തില്‍ ഈ പാനീയം പെട്ടന്ന് വൈറലായത്. നോമ്പുതുറയുടെ വേദികളിലും ഇവനാണ് ഇപ്പോൾ താരം. ഉപ്പും മുളകുമിട്ട പരമ്പരാഗത സോഡാ വെള്ളത്തിന്‍റെ കിടിലന്‍ മേക്ക് ഓവറാണ്  ഫുല്‍ജാര്‍ സോഡ.  കുലുക്കി സര്‍ബത്തിന്‍റെ മറ്റൊരു പതിപ്പായും ഇത് കാണാം. ഇതിലെ ചേരുവകളും ഇത് ഗ്ലാസില്‍ ഒഴിച്ച് സോഡ ചേര്‍ക്കുന്ന രീതിയും അല്പം വ്യത്യസ്തമാണെന്ന് മാത്രം. ഫേസ്ബുക്ക്  ഉള്‍പ്പെടെയുള്ള സോഷ്യല്‍മീഡിയയിലും ഫുല്‍ജാര്‍ സോഡ വൈറലായി. ദിവസവും ഒട്ടേറേപേരാണ് ഫുല്‍ജാര്‍ സോഡയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുന്നത്.

സോഡയിലേക്ക് നാരങ്ങ, ഇഞ്ചി, മുളക്, മധുര സിറപ്പ് എന്നിവയുടെ കൂട്ട് ചേർക്കുന്നതാണ് ഫുൽജാർ സോഡ. സോഡയിലേക്ക് ഇതിന്റെ മിശ്രിതം ചേർക്കുമ്പോൾ തന്നെ നുരഞ്ഞ് പുറത്തേക്കൊഴുകുന്ന ഈ പാനീയം എത്രയും വേഗത്തിൽ സേവിച്ചാൽ ഇതിന്‍റെ ശരിക്കുള്ള രുചി ലഭിക്കും.  15 രൂപ മുതൽ 30 രൂപ വരെ വിവിധ കടകൾ ഫുല്‍ജന്‍ സോഡയ്ക്ക് ഈടാക്കുന്നത്. 

ഒരു ചെറുനാരങ്ങ, ഇഞ്ചി, കാന്താരി മുളക്‌, ഉപ്പ്‌,കസ്‌കസ്‌, സര്‍ബത്ത് വെള്ളം, സോഡ എന്നിവയാണ് ഫുൽജാർ സോഡ തയ്യാറാക്കാന്‍ വേണ്ടത്. ഇനി ഇത് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.  ചെറിയ ഗ്ലാസിൽ രണ്ട്‌ കഷണം നാരങ്ങ പിഴിഞ്ഞ ശേഷം. ഇഞ്ചി, കാന്താരി മുളക് എന്നില ചതച്ച് ചേര്‍ക്കുക. കുറച്ച്‌ ഉപ്പ്‌ ചേർത്ത ശേഷം കസ്‌ കസ്‌ ചേർക്കുക. അതിലേക്ക് സര്‍ബത്ത് വെള്ളം ഒഴിക്കുക. പിന്നീട് ഈ ചെറിയ ഗ്ലാസ് മുക്കാല്‍ ഭാഗത്തോളം സോഡ ഒഴിച്ച ഗ്ലാസിലേക്ക് താഴ്ത്തുക. ഫുൽജാർ സോഡ ഇനി കുടിക്കാം.