പനാജി: ഗോവയില്‍ സന്ദര്‍ശനത്തിനെത്തുന്ന വിനോദസഞ്ചാരികളോട്‌ 'കാഷ്യൂ ഫെനി' കഴിക്കണമെന്ന്‌ ടൂറിസം മന്ത്രി മനോഹര്‍ അജ്‌ഗാവോങ്കര്‍. മറ്റ്‌ ലഹരിപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കി ഗോവയുടെ തനത്‌ മദ്യമായ 'കാഷ്യൂ ഫെനി' കഴിക്കാനാണ്‌ മന്ത്രിയുടെ നിര്‍ദേശം.

വിനോദസഞ്ചാരികള്‍ ധാരാളമായി എത്തുന്ന ഗോവയില്‍ അടുത്തിടെയായി ലഹരിമരുന്നുകളുടെ ഉപയോഗം വ്യാപകമായതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇത്തരത്തിലുള്ള കാര്യങ്ങള്‍ അനുവദിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.

'ഗോവയിലെത്തുന്ന ടൂറിസ്‌റ്റുകളെ സന്തോഷപൂര്‍വ്വം സ്വീകരിക്കേണ്ടത്‌ ഞങ്ങളുടെ ഉത്തരവാദിത്തമാണ്‌. അതേസമയം സംസ്ഥാനത്തിന്റെ പേര്‌ കളങ്കപ്പെടുത്തുന്നത്‌ പോലുള്ള വിഷയങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. ബീച്ചുകളിലെ തുറസ്സായ മദ്യപാനം യഥാര്‍ത്ഥത്തില്‍ നിയമപരമായി അനുവദിക്കപ്പെട്ടിട്ടുള്ളതല്ല. അവിടങ്ങളിലിരുന്ന്‌ മദ്യപിച്ച്‌, കുപ്പികള്‍ വലിച്ചെറിയുന്നവര്‍ നിരവധിയാണ്‌. എന്നാല്‍ ഇത്‌ ശ്രദ്ധയില്‍പ്പെട്ടാല്‍ ശക്തമായ നടപടിയെടുക്കും'- മന്ത്രി പറഞ്ഞു.

ബീച്ചുകളില്‍ പരസ്യമായി മദ്യപിക്കുന്നവര്‍ക്ക്‌ ഇനി മുതല്‍ 2,000 രൂപ ഫൈന്‍ ഈടാക്കാനാണ്‌ സര്‍ക്കാരിന്റെ തീരുമാനം. സംഘമായാണ്‌ മദ്യപാനമെങ്കില്‍ ഫൈന്‍ തുക 10,000 രൂപയായിരിക്കും. ലഹരിപദാര്‍ത്ഥങ്ങള്‍ സുലഭമാണെന്ന പ്രചരണത്തെ തുടര്‍ന്ന്‌ ഗോവയില്‍ കൂട്ടമായി വിനോദസഞ്ചാരികളെത്തുന്ന സാഹചര്യത്തിലാണ്‌ സംസ്ഥാന സര്‍ക്കാര്‍ പുതിയ തീരുമാനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്‌.