നല്ല ചൂട് വടയോ ബജിയോ ഒക്കെ കടയില്‍ നിന്ന് വാങ്ങിക്കഴിക്കുമ്പോള്‍ പലപ്പോഴും അത് പത്രക്കടലാസില്‍ പൊതിഞ്ഞായിരിക്കും കിട്ടുക. ഇതൊന്നും ശ്രദ്ധിക്കാതെ മതിയാവോളം നമ്മളത് കഴിക്കുകയും ചെയ്യും. എന്നാല്‍ ഈ ശീലം അത്ര നന്നല്ലെന്നാണ് ഭക്ഷ്യവകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. 

അതായത്, ഭക്ഷണം പത്രക്കടലാസില്‍ പൊതിഞ്ഞ് കഴിക്കുമ്പോള്‍ ഇതിലെ മഷി ഭക്ഷണത്തില്‍ കലരുന്നു. മാരകമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കാണ് ഇത് കാരണമാവുകയെന്നും ക്യാന്‍സര്‍ ഉണ്ടാക്കുന്ന ഘടകങ്ങള്‍ വരെ ശരീരത്തിലെത്താന്‍ ഇത് ഇടയാക്കുമെന്നും 'ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ' (എഫ് എസ് എസ് എ ഐ) പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. 

പത്രക്കടലാസ് മാത്രമല്ല, അലൂമിനിയം ഫോയിലും അത്ര ആരോഗ്യകരമല്ലെന്നാണ് ഇവര്‍ ഓര്‍മ്മിപ്പിക്കുന്നത്. അസുഖങ്ങളുണ്ടാക്കാന്‍ കഴിവുള്ള പലതരം ബാക്ടീരിയകള്‍ അകത്തെത്താന്‍ ഇത് വഴിയൊരുക്കുമത്രേ! പ്രത്യേകിച്ചും ചൂടുള്ള ഭക്ഷണം വിളമ്പുന്നതാണ് അപകടം. അത് പത്രക്കടലാസിന്റെ കാര്യവും അങ്ങനെ തന്നെ. 

ഇവയ്ക്ക് പകരം സ്റ്റെയിന്‍ലെസ് സ്റ്റീല്‍, ഇലകള്‍, ഉണങ്ങിയ ഇലകള്‍, ചില്ലുപാത്രം- എന്നിവയിലെല്ലാം ചൂട് ഭക്ഷണം വിളമ്പാവുന്നതാണ്. പത്രക്കടലാസില്‍ ഭക്ഷണസാധനങ്ങള്‍ പൊതിഞ്ഞുകൊടുക്കുന്നതും, വിളമ്പുന്നതും ശ്രദ്ധയില്‍ പെട്ടാല്‍ അത് ബന്ധപ്പെട്ട അധികൃതരെ അറിയിച്ചാല്‍ നടപടിയുണ്ടാകുമെന്നും ഭക്ഷ്യവകുപ്പ് അവകാശപ്പെടുന്നു.