Asianet News MalayalamAsianet News Malayalam

ആഴ്ചയില്‍ രണ്ടിലധികം തവണ നട്ട്‌സ് കഴിച്ചാല്‍ കിടിലനൊരു മെച്ചമുണ്ട്...

ആഴ്ചയില്‍ രണ്ടോ അതിലധികമോ തവണ നട്ട്‌സ് കഴിക്കുന്നതിലൂടെ ജീവന് തന്നെ ഭീഷണിയായേക്കാവുന്ന ഒരു സുപ്രധാന പ്രശ്‌നത്തെ അതിജീവിക്കാന്‍ നമുക്കാകുമെങ്കിലോ? അതെ അത്തരത്തിലൊരു പഠനറിപ്പോര്‍ട്ട് പാരീസില്‍ വച്ചുനടന്ന 'ഇ എസ് സി കോണ്‍ഗ്രസ് 2019'ല്‍ ആരോഗ്യവിദഗ്ധര്‍ അവതരിപ്പിക്കുകയുണ്ടായി

having nuts more than two times in a week may keep heart healthy
Author
Paris, First Published Sep 2, 2019, 5:34 PM IST

ഫ്രൂട്ട്‌സ്, പച്ചക്കറികള്‍ എന്നിവ ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങളെക്കുറിച്ച് നമുക്കറിയാം. ഇതിനൊപ്പമോ അല്ലെങ്കില്‍ ഇതിന് മുകളിലോ കണക്കാക്കേണ്ട ഒരു വിഭാഗമാണ് നട്ട്‌സ്. പലപ്പോഴും പഴങ്ങളും പച്ചക്കറികളും വേണ്ടത്ര കഴിക്കാന്‍ ശ്രമിക്കുമ്പോഴും നട്ട്‌സ് കഴിക്കാന്‍ നമ്മള്‍ അത്ര തന്നെ ശ്രദ്ധ നല്‍കാറില്ലെന്നതാണ് വാസ്തവം. 

എന്നാല്‍ ആഴ്ചയില്‍ രണ്ടോ അതിലധികമോ തവണ നട്ട്‌സ് കഴിക്കുന്നതിലൂടെ ജീവന് തന്നെ ഭീഷണിയായേക്കാവുന്ന ഒരു സുപ്രധാന പ്രശ്‌നത്തെ അതിജീവിക്കാന്‍ നമുക്കാകുമെങ്കിലോ? അതെ അത്തരത്തിലൊരു പഠനറിപ്പോര്‍ട്ട് പാരീസില്‍ വച്ചുനടന്ന 'ഇ എസ് സി കോണ്‍ഗ്രസ് 2019'ല്‍ ആരോഗ്യവിദഗ്ധര്‍ അവതരിപ്പിക്കുകയുണ്ടായി.

അതായത്, ആഴ്ചയില്‍ രണ്ടോ അതിലധികമോ തവണ നട്ട്‌സ് വിഭാഗത്തില്‍പ്പെടുന്ന- ബദാം, പിസ്ത, ഹേസല്‍നട്ട്‌സ്, വാള്‍നട്ട്‌സ്, വിവിധയിനം സീഡുകള്‍ എന്നിവയെല്ലാം കഴിച്ചാല്‍ ഹൃദയസംബന്ധമായ പല പ്രശ്‌നങ്ങളെയും പ്രതിരോധിക്കാന്‍ നമുക്ക് കഴിയുമെന്നായിരുന്നു പഠനത്തിന്റെ ഉള്ളടക്കം. 

'നട്ട്‌സില്‍ അപൂരിതമായ കൊഴുപ്പാണ് ഏറ്റവുമധികം ഉള്ളത്, അതുപോലെ തന്നെ പ്രോട്ടീന്‍, ധാതുക്കള്‍, വിറ്റാമിനുകള്‍, ഫൈബര്‍, ഫൈറ്റോസ്‌റ്റെറോള്‍, പോളിഫിനോള്‍സ് എന്നിങ്ങനെ ഹൃദയത്തിന് അവശ്യം വേണ്ട പല ഘടകങ്ങളും നട്ട്‌സിലുണ്ട്. മുമ്പും പല പഠനങ്ങളും നട്ട്‌സും ഹൃദയാരോഗ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്...'- പഠനത്തിന് നേതൃത്വം നല്‍കിയ ഇറാനി ഗവേഷകന്‍ നൗഷിന്‍ മുഹമ്മദിഫാദ് പറയുന്നു. 

അയ്യായിരത്തിലധികം വരുന്ന ആളുകളെ പങ്കെടുപ്പിച്ച് വര്‍ഷങ്ങളെടുത്താണ് ഗവേഷക സംഘം പഠനം പൂര്‍ത്തിയാക്കിയത്. പഠനറിപ്പോര്‍ട്ടിന് മറ്റ് രാജ്യങ്ങളില്‍ നിന്ന് വന്ന വിദഗ്ധരായ ഗവേഷകരുടെ പിന്തുണയും പിന്നീട് ലഭിച്ചു.

Follow Us:
Download App:
  • android
  • ios