സവാള എന്ന് കേൾക്കുമ്പോൾ പലരുടെയും മനസിൽ ആദ്യം ഓടിയെത്തുന്നത് പ്രശസ്ത പാചകക്കാരി ജൂലിയ ചൈൽഡിന്റെ ആ വാക്കുകളായിരിക്കും. “ സവാള ഇല്ലാത്ത ഒരു ലോകം സങ്കൽപ്പിക്കാൻ കഴിയില്ല“. ഇന്ന് സവാളയ്ക്ക് തൊട്ടാൽ പൊള്ളുന്ന വിലയാണല്ലോ. സവാളയുടെ വില ഓരോ ദിവസം കഴിയുന്തോറും കുതിക്കുന്നു..

ഏത് കറി ഉണ്ടാക്കണമെങ്കിലും അതിലെ പ്രധാന ചേരുവ സവാള ആണല്ലോ.  ഏറെ ആരോ​ഗ്യ​ഗുണങ്ങളുള്ള സവാളയ്ക്ക് എന്നും ഡിമാന്റാണ്. സവാള കഴിക്കുന്നുണ്ടെങ്കിലും പലർക്കു അതിന്റെ ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയില്ല. സവാള കഴിച്ചാലുള്ള ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം...

 ഒന്ന്...

സവാളയിൽ ഉള്ള സൾഫർ ഘടകങ്ങൾ രക്തത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്‌ക്കും. മാത്രമല്ല നല്ല കൊളസ്‌ട്രോളിന്റെ തോത് ഉയർത്തിയും ഹൃദയാരോഗ്യം സംരക്ഷിക്കുന്നു.. 

രണ്ട്...

രക്തസമ്മർദ്ദം നിയന്ത്രിക്കാനും സവാള ഉത്തമമാണ്. ക്വർസെറ്റിൻ എന്ന ഘടകത്തിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കാൻ കഴിവുള്ളതിനാൽ പ്രമേഹം നിയന്ത്രിക്കും. 

മൂന്ന്...

വിറ്റാമിൻ സി ധാരാളമുള്ളതിനാൽ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചർമ്മത്തിന്റെ ആരോഗ്യവും സൗന്ദര്യവും വർദ്ധിപ്പിക്കുകയും ചെയ്യും. ഇതിലുള്ള ആന്റി ഓക്സിഡന്റുകളും ചർമ്മത്തിന്റെ ആരോഗ്യം ഉറപ്പാക്കുന്നവയാണ്. ആന്റിഓക്സിഡന്റുകളും ഓർഗാനോ സൾഫർ ഘടകങ്ങളും ചേർന്ന് അർബുദത്തെ പ്രതിരോധിക്കുന്നു എന്നതാണ് മറ്റൊരു സവിശേഷത. 

നാല്...

വിളർച്ച തടയാനും സവാള സഹായിക്കും. ഇതിലുള്ള ഓർഗാനിക് സൾഫൈഡാണ് ഇതിന് സഹായിക്കുന്നത്. ദഹനസംബന്ധമായ പ്രശ്നങ്ങൾ പരിഹരിച്ച് ദഹനം സുഗമമാക്കുന്നതിലും മുന്നിലാണ് സവാള. ദിവസവും സവാള കഴിക്കുന്നതിലൂടെ സന്ധിവേദനയും അകറ്റാം. കാഴ്ചശക്തി മെച്ചപ്പെടുത്താനും സവാളയുടെ ഉപയോഗം സഹായിക്കും.