പോഷക​ഗുണങ്ങൾ ധാരാളം അടങ്ങിയ ഒന്നാണ് പാൽ. പാലിൽ കുട്ടികളുടെ വളർച്ചയ്ക്ക് ആവശ്യമായ കാത്സ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, അയഡിൻ, വൈറ്റമിനുകളായ ബി2, ബി 12 എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. 
രാവിലെ ഒരു ഗ്ലാസ്സ് പാലു കുടിച്ചാൽ ഉൻമേഷവും ഊർജ്ജവും നിലനിൽക്കും. എന്നാൽ രാത്രിയിൽ പാലു കുടിച്ചാലോ?.

ചെറുചൂടുള്ള ഒരു ഗ്ലാസ്സ് പാൽ രാത്രിയിൽ കുടിക്കുന്നത് ആരോഗ്യത്തിന് വളരെ മികച്ചതാണ്.  ദഹനം ശരിയായ രീതിയിൽ നടക്കാൻ രാത്രിയിൽ പാൽകുടിക്കുന്നത് സഹായിക്കും. മാത്രമല്ല മലബന്ധം പ്രശ്നം അകറ്റാനും സഹായിക്കുന്നു. ഉറക്കപ്രശ്നങ്ങൾ പരിഹരിക്കാനും പാൽ മികച്ചതുതന്നെ. പാലിലുള്ള അമിനോആസിഡായ ട്രൈപ്റ്റോഫാൻ ഉറക്കം സുഗമമാക്കാൻ സഹായിക്കും. 

ട്രൈപ്റ്റോഫാൻ സെറോടോണിൻ ആയി മാറി സന്തോഷവും ഉൻമേഷവും പ്രദാനം ചെയ്യുന്നുമുണ്ട്. ഈ സെറോടോണിൻ ഉറക്കത്തിനു സഹായിക്കുന്ന മെലാടോണിൻ ആയി മാറിയാണ് സുഖനിദ്ര പ്രദാനം ചെയ്യുന്നത്. പാലിൽ വിറ്റാമിൻ ഡി ധാരാളമായി അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ എല്ലുകളുടെ ബലത്തിനും ആരോ​ഗ്യത്തിനും വളരെ മികച്ചതാണ്. എപ്പോഴും രാത്രി കിടക്കുന്നതിന് ഒരു മണിക്കൂർ മുമ്പേ പാൽ കുടിക്കാൻ ശ്രദ്ധിക്കുക.