ഏറ്റവും പോഷകസമൃദ്ധമായ ഒന്നാണ് ബദാം എന്നത് പ്രത്യേകം പറയേണ്ടതില്ല. സ്ഥിരമായി ബദാം കഴിക്കുന്നതുകൊണ്ട് ഒട്ടനവധി ആരോഗ്യഗുണങ്ങള്‍ ലഭിക്കും. മാനസികാരോഗ്യത്തിനും ശാരീരികാരോഗ്യത്തിനും എറെ ഉത്തമമാണ് ബദാം. ഇവിടെയിതാ, ദിവസവും ബദാം കഴിക്കുന്നതുകൊണ്ട് ലഭിക്കുന്ന ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

ബദാമില്‍ ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും നാരുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും അമിത വിശപ്പ് കുറയ്ക്കുന്നതിനും ബദാം സഹായിക്കും.

രണ്ട്...

വിറ്റാമിന്‍ ഇയുടെ കലവറയാണ് ബദാം. ചര്‍മ്മസംരക്ഷണത്തില്‍ വിറ്റാമിന്‍ ഇ ഏറെ പ്രധാനമാണ്. പ്രായമേറുമ്പോള്‍ ചര്‍മ്മത്തില്‍ ചുളിവുകള്‍ ഉണ്ടാകാതിരിക്കാനും ചര്‍മ്മത്തിന്റെ തിളക്കവും മൃദുത്വവും വര്‍ദ്ദിപ്പിക്കാനും ബദാം സഹായിക്കും.

മൂന്ന്...

ഹൃദയാരോഗ്യത്തിന് ഏറെ ഉത്തമമാണ് ബദാം. ബദാമില്‍ പൂരിത കൊഴുപ്പ്, മഗ്നീഷ്യം, പൊട്ടാസ്യം, മാംസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയൊക്കെ രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്‌ക്കാന്‍ സഹായിക്കുന്നവയാണ്.

നാല്...

ബദാമില്‍ ഏറെ നാരുകള്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ദഹനപ്രക്രിയ അനായാസമാക്കാന്‍ സഹായിക്കുന്നവയാണ് ബദാം. ദിവസവും ബദാം കഴിക്കുന്നത്, ദഹനസംബന്ധമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ്.

അഞ്ച്...

ബദാമില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ഇ, പൊട്ടാസ്യം എന്നിവ തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ദിവസവും ബദാം കഴിക്കുന്നത് ഓര്‍മ്മശക്തി കൂട്ടാന്‍ സഹായിക്കും.

ആറ്...

ബദാമില്‍ മാംഗനീസ്, റൈബോഫ്ലാവിന്‍, കോപ്പര്‍ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഊര്‍ജ്ജത്തിന്റെ അളവ് കൂട്ടാന്‍ സഹായിക്കും. ദിവസവും ബദാം കഴിക്കുന്നത് ശാരീരികക്ഷമത വര്‍ദ്ദിപ്പിക്കാന്‍ ഏറ്റവും നല്ല വഴിയാണ്. ബദാമില്‍ അടങ്ങിയിട്ടുള്ള പ്രോട്ടീനുകള്‍ പേശികള്‍ക്ക് കരുത്ത് കൂട്ടുമെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.

ഏഴ്...

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിച്ച് പ്രമേഹത്തെ വരുതിയിലാക്കാനുള്ള കഴിവ് ബദാമിനുണ്ട്. സ്ഥിരമായി ബദാം കഴിച്ചാല്‍ പ്രമേഹരോഗികളില്‍ വളരെ പെട്ടെന്ന് ഷുഗര്‍ കൂടുന്നത് ഒഴിവാക്കാനാകും.