മത്തന്‍ കൊണ്ട് നമ്മള്‍ പല തരം കറികളുണ്ടാക്കാറുണ്ട്. എന്നാല്‍ മത്തന്‍ കുരു, പലപ്പോഴും വിത്തിനായി മാത്രമാണ് ഉപയോഗിക്കാറ്. വിത്തിടാന്‍ മാത്രമല്ല, ചുമ്മാ കഴിക്കാനും വളരെ നല്ലതാണ് മത്തന്‍ കുരു. വൃത്തിയാക്കിയ ശേഷം ഉപ്പ് പുരട്ടി നന്നായി ഉണക്കിയെടുത്താല്‍ ദിവസങ്ങളോളം ഇത് സൂക്ഷിച്ചുവയ്ക്കാം. 

വെറുതെ കഴിക്കാം എന്നതിന് പുറമെ ഇതിന് വിവിധ ആരോഗ്യ ഗുണങ്ങളുണ്ട്. അതുകൂടി കണക്കിലെടുത്ത് ഇപ്പോള്‍ പലരും മത്തന്‍ കുരു കളയാതെ സൂക്ഷിച്ചുവയ്ക്കാറുണ്ട്. എന്തിനധികം വില കൊടുത്ത് ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ നിന്നും മറ്റുമായി മത്തന്‍ കുരു വാങ്ങിക്കഴിക്കുന്നവര്‍ തന്നെ ഏറെയാണ്. 

ഇതിന്റെ പ്രധാനപ്പെട്ട അഞ്ച് ഗുണങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്. 

ഒന്ന്...

മത്തന്‍ കുരുവിലടങ്ങിയിരിക്കുന്ന മഗ്നീഷ്യം എല്ലുകളുടെ ബലത്തിന് അവശ്യം വേണ്ട ഘടകമാണ്. 

 

 

അതിനാല്‍ മത്തന്‍ കുരു കഴിക്കുന്നതോടെ എല്ലുകളെ ബലപ്പെടുത്താനും എല്ല് തേയ്മാനത്തെ പ്രതിരോധിക്കാനും കഴിയും.

രണ്ട്...

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറ്ക്കാനും ഇതിന് കഴിവുണ്ട്. അടുത്തിടെ നടന്ന ഒരു പഠനത്തിലാണ് ഇത്തരമൊരു കണ്ടെകത്തല്‍ നടന്നത്. ഫ്‌ളാക്‌സ് സീഡുകളും മത്തന്‍ കുരുവും രക്തത്തിലെ ഷുഗര്‍ കുറയ്ക്കുമെന്നായിരുന്നു പഠനഫലം. 

മൂന്ന്...

ധാരാളം ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമായതിനാല്‍ മത്തന്‍ കുരു ഹൃദയാരോഗ്യത്തിനും ഉത്തമം ആണ്. ഇതിന് പുറമെ മഗ്നീഷ്യം, സിങ്ക്, ഫാറ്റി ആസിഡുകള്‍ എന്നിവയും ഹൃദയാരോഗ്യത്തിന് ഉത്തമം തന്നെയാണ്. ഇവയും മത്തന്‍ കുരുവിലടങ്ങിയിരിക്കുന്നു. 

നാല്...

വണ്ണം കുറയ്ക്കാന്‍ ശ്രമം നടത്തുന്നവര്‍ക്ക് ധൈര്യമായി കഴിക്കാവുന്ന ഒരു സ്‌നാക്ക് ആണിത്. 

 

 

കാരണം, ഇതില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. പെട്ടെന്ന് വിശപ്പ് ശമിച്ചതായി തോന്നാനും ദഹനപ്രവര്‍ത്തനങ്ങള്‍ എളുപ്പത്തില്‍ നടക്കാനും ഇത് കാരണമാകും. 

അഞ്ച്... 

രാത്രിയില്‍ ഉറക്കം കിട്ടാതിരിക്കുന്ന അവസ്ഥയുണ്ടെങ്കില്‍ അത്തരക്കാര്‍ക്കും നല്ലതാണ് മത്തന്‍ കുരു. ഇതിലടങ്ങിയിരിക്കുന്ന 'ട്രിപ്‌റ്റോഫാന്‍' ഉറക്കം നല്‍കുന്നതാണ്. ഇതിന് പുറമെ മത്തന്‍ കുരുവിലുള്ള മഗ്നീഷ്യവും ഉറക്കമില്ലായ്മ തടയും.