പല തരത്തിലുള്ള ശാരീരികവും മാനസികവുമായ മാറ്റങ്ങള്‍ സംഭവിക്കുന്ന സമയമാണ് ഗര്‍ഭാവസ്ഥ. ഭക്ഷണകാര്യങ്ങളിലും മറ്റ് ചിട്ടകളിലുമെല്ലാം കൃത്യമായ കരുതല്‍ എടുക്കേണ്ട സമയം. ​ഗര്‍ഭിണിയായിരിക്കുമ്പോള്‍ ക്ഷീണം തോന്നുന്നത് സ്വാഭാവികമാണ്. എല്ലാവരിലും ഇത് ഒരു പോലെയായിരിക്കണമെന്നില്ല. ക്ഷീണം അകറ്റാൻ ഏറ്റവും മികച്ചതാണ് ജ്യൂസുകൾ. ​ഗർഭകാലത്ത് പ്രധാനമായി കുടിക്കേണ്ട മൂന്ന് ജ്യൂസുകളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്...

ഓറഞ്ച് ജ്യൂസ്...

 വിറ്റാമിൻ സിയും ഫോളിക്ക് ആസി‍ഡും ഓറഞ്ച് ജ്യൂസിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ഫോളിക് ആസിഡ് അണുബാധയുണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു. ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ച​യ്ക്കും ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിനും ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് ഏറെ നല്ലതാണ്. ഓറഞ്ചിൽ ഫോളേറ്റ് അടങ്ങിയിട്ടുള്ളതിനാൽ കുഞ്ഞിന്റെ ബുദ്ധി വികാസത്തിനും ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് ​ഗുണം ചെയ്യും. ​ഗർഭകാലത്ത് ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും. 

മാതളം ജ്യൂസ്...

വിറ്റാമിൻ കെ, കാത്സ്യം, ഫെെബർ, ഫോളേറ്റ് എന്നിവ മാതളത്തിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ​​ഗർഭകാലത്ത് നിർബന്ധമായും കുടിക്കേണ്ട ജ്യൂസാണ് മാതളം ജ്യൂസ്. ഇരുമ്പിന്റെ അംശം ശരീരത്തിൽ കൂട്ടാനും മാതളം ജ്യൂസായോ അല്ലാതെയോ കഴിക്കാം. ​മാതളത്തില്‍ അടങ്ങിയിരുന്ന ആന്‍റി ഓക്സിഡന്‍സ് ഗർഭകാലത്തെ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു. ​

മാതള നാരങ്ങ ജ്യൂസ് ഗർഭകാലത്തെ ആരോഗ്യപ്രശ്നങ്ങൾ തടയുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ​ഗർഭകാലത്ത് മൂത്രാശയ അണുബാധ തടയാൻ മാതള ജ്യൂസ് സഹായിക്കുമെന്നാണ് വാഷിംഗ്ടൺ യൂണിവേഴ്‌സിറ്റി അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ പറയുന്നത്. 

ആപ്പിൾ ജ്യൂസ്...

ഗര്‍ഭകാലത്ത് ചിലര്‍ നേരിടുന്ന പ്രശ്നമാണ് ഉറക്കക്കുറവ്. ഈ പ്രശ്നത്തിന്‍റെ ആക്കം കുറയ്ക്കാന്‍ ആപ്പിള്‍ കഴിക്കുന്നത്‌ സഹായിക്കും. നവജാത ശിശുവിന്‍റെ തലച്ചോറിന്‍റെ വളര്‍ച്ചയ്ക്കും വികാസത്തിനും ഏറെ ഗുണപ്രദമാണ് ആപ്പിള്‍ ജ്യൂസ്‌. ഗര്‍ഭിണികളില്‍ വിളര്‍ച്ച ഒഴിവാക്കാനും ഇത് സഹായിക്കും. കുഞ്ഞുങ്ങളിൽ ആസ്തമ വരാതിരിക്കാൻ ഏറ്റവും നല്ലതാണ് ആപ്പിൾ ജ്യൂസെന്ന് 'തോറാക്സ് ഓൺ‌ലൈൻ' പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു.