ശരീരഭാരം കുറയ്ക്കാൻ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കാറുണ്ട്. അത് ശരീരത്തിന് കൂടുതൽ ദോഷം ചെയ്യുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. പ്രോട്ടീന്റെ കുറവ് ഉണ്ടായാൽ ഹോർമോൺ വ്യതിയാനം, മസിലുകൾക്ക് പ്രശ്നങ്ങൾ, വിളർച്ച, ത്വക്ക് രോ​ഗങ്ങൾ എന്നിവ ഉണ്ടാകാം. 

പ്രോട്ടീൻ കുറയുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയും. ഇതാണ് മധുരമുള്ള ഭക്ഷണം കഴിക്കാന്‍ നമ്മളെ പ്രേരിപ്പിക്കുന്നത്. ശ്രദ്ധിച്ചില്ലെങ്കില്‍ മധുരം അധികം കഴിക്കുന്നതിന്‍റെ മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ പിടിപെടാം. ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ആറ് പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഇതാ...

ചിക്കന്‍...

പ്രോട്ടീൻ ധാരാളം അടങ്ങിയ ഭക്ഷണങ്ങളിലൊന്നാണ് ചിക്കൻ. വേവിച്ച അരക്കപ്പ് ചിക്കനില്‍ 22 ഗ്രാം പ്രോട്ടീന്‍ ഉണ്ടെന്നാണ് കണക്ക്. 172 ​​ഗ്രാം ചിക്കൻ ബ്രസ്റ്റിൽ 54 ​ഗ്രാം പ്രോർട്ടീൻ അടങ്ങിയിട്ടുണ്ട്. 

ചീസ്...

ഒരൗണ്‍സ് ചീസിൽ 6.5 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. ചീസിൽ പ്രോട്ടീനോടൊപ്പം വിറ്റാമിന്‍ ഡിയും അടങ്ങിയിരിക്കുന്നു. ആരോഗ്യകരമായ കൊഴുപ്പ് മാത്രം അടങ്ങിയിരിക്കുന്നതിനാല്‍ പ്രായമുളളവരുടെ എല്ലുകള്‍ക്ക് ചീസ് ദൃഢത നല്‍കുന്നു. 

സോയാബീൻ...

 ജീവകം സി, പ്രോട്ടീൻ, ഫോളേറ്റ് എന്നിവയുടെ കലവറയാണ്  സോയാബീൻ. സാച്ചുറേറ്റഡ് ഫാറ്റ് ഇതിൽ തീരെ കുറവാണ്. കാൽസ്യം, ഫൈബർ, അയൺ, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം ഇവ സോയാബീനിൽ ധാരാളം ഉണ്ട്. ഒരു ബൗൾ വേവിച്ച സോയാബീനിൽ 26 ഗ്രാം പ്രോട്ടീൻ ഉണ്ട്. 

കോളീഫ്ളവർ...

പച്ചക്കറികളില്‍ ഏറ്റവും കൂടുതല്‍ പ്രോട്ടീന്‍ അടങ്ങിയിരിക്കുന്ന ഭക്ഷ്യവസ്തുവാണ് കോളീഫ്ളവർ. പ്രോട്ടീനോടൊപ്പം വിറ്റാമിന്‍ കെ,സി ഫൈബര്‍ എന്നിവയും ഇതില്‍ അടങ്ങിയിരിക്കുന്നു. ഒരു കപ്പ് കോളീഫ്ളവറിൽ 3 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു.  

മുട്ട...

പ്രോട്ടീൻ ധാരാളം അടങ്ങിയ മറ്റൊരു ഭക്ഷണമാണ് മുട്ട. ഒരു മുട്ടയിൽ ആറ് ​ഗ്രാം പ്രോട്ടീനാണ് അടങ്ങിയിരിക്കുന്നത്. ബ്രേക്ക്ഫാസ്റ്റിൽ ദിവസവും ഓരോ മുട്ട വീതം ഉൾപ്പെടുത്തുന്നത് ശരീരത്തിന് വളരെ നല്ലതാണ്. ദിവസവും ഒരു മുട്ട വീതം കഴിക്കുന്നത് ഹൃദയത്തിന് പ്രശ്‌നങ്ങളുണ്ടാക്കില്ലെന്ന് മാത്രമല്ല ഏതാണ്ട് 18 ശതമാനത്തോളം ഹൃദ്രോഗ സാധ്യതകളെ ഇല്ലാതാക്കുകയും ചെയ്യുമെന്നാണ് പഠനങ്ങൾ പറയുന്നത്. 'ഹാര്‍ട്ട്' എന്ന ആരോഗ്യ പ്രസിദ്ധീകരണത്തിലാണ് ഇക്കാര്യം പറയുന്നത്.

പനീർ, യോ​ഗാർട്ട്...

പനീർ, യോർ​ഗാർട്ട് എന്നിവയിൽ പ്രോട്ടീൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. പനീറിലും യോ​ഗാർട്ടിലും വിറ്റാമിൻ ഡി ധാരാളം അടങ്ങിയിട്ടുണ്ട്. ‌‌‌‌‌‌പനീറില്‍ കലോറി കുറവും പ്രോട്ടീന്‍ വളരെക്കൂടുതലുമാണ്. നാല് ഔണ്‍സ് പനീറില്‍ 14 ഗ്രാം പ്രോട്ടീന്‍ ലഭ്യമാണ്. ആറ് ഔൺസ് യോ​ഗാർട്ടിൽ അഞ്ച് ​ഗ്രാം പ്രോട്ടീനാണ് അടങ്ങിയിട്ടുള്ളത്.