തൈര് കടഞ്ഞോ മിക്സിയിൽ അടിച്ചോ എടുക്കുന്ന കൊഴുപ്പാണ് വെണ്ണ. വെണ്ണ ഉരുക്കിയാണ് നെയ്യ് ഉണ്ടാക്കുന്നത്. പാൽപ്പാടയിൽ നിന്നു നേരിട്ടും വെണ്ണയും നെയ്യും ഉണ്ടാക്കാറുണ്ട്. വെണ്ണ ലോകത്തെല്ലായിടത്തും ധാരാളം ഉപയോഗിക്കുന്ന ഒന്നാണെങ്കിലും നെയ്യ് ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്നതും ഉപയോഗിക്കുന്നതും. നെയ്യുകൂട്ടി ഉണ്ണുക മലയാളിയുടെ ഒരു പഴയ ശീലമാണ്. എന്നാൽ നല്ല വെണ്ണയും നെയ്യും നിർമ്മിക്കാനായി വേണ്ട നല്ല പാലിൻ്റെ ലഭ്യതക്കുറവും സമയവും വിലയും വലിയ തോതിലുള്ള മായം ചേർക്കലിന് വഴിവെച്ചിരിക്കുകയാണെന്ന്  ഭക്ഷ്യോപയോഗവസ്തുക്കളുടെ ഗുണനിലവാരനിർണ്ണയരംഗത്തെ പ്രമുഖ സ്ഥാപനമായ ഇൻസൈറ്റ് ക്വാളിറ്റി കൺസൾട്ടൻസി സർവ്വീസസിലെ എ. എം. ഗിരിജ പറയുന്നു. പലതരം മായങ്ങൾ ചേർത്ത വെണ്ണയും നെയ്യും മുതൽ ഗുണനിലവാരമില്ലാത്ത, മായം കലർന്ന പാലിൽ നിന്നുണ്ടാക്കുന്നവയും യഥാർത്ഥ നെയ്യുമായി ഒരു ബന്ധവുമില്ലാത്ത രാസവസ്തുക്കളും മറ്റും ചേർത്തുണ്ടാക്കുന്നവയും ഇന്ന് വിപണിയിൽ കാണാം.  

അളക്കാനാവാത്ത ഔഷധമൂല്യം

പൊതുവേ കൊഴുപ്പാണ്, വണ്ണം കൂട്ടും, കൊളസ്ട്രോൾ കൂട്ടും എന്നൊക്കെയുള്ള പ്രചരണങ്ങൾ ഉണ്ടെങ്കിലും യഥാർത്ഥത്തിൽ വലിയ ഔഷധമൂല്യമുള്ള ഒന്നാണ് നെയ്യ്. ആയുർവേദത്തിൽ ശരീരത്തിലെ മാലിന്യങ്ങളും വിഷാംശങ്ങളും നീക്കം ചെയ്യാനുള്ള ഒരു പ്രധാനമരുന്ന് നെയ്യാണ്. വെണ്ണയും ഒട്ടനവധി ഔഷധഗുണങ്ങളും പോഷകമൂല്യങ്ങളും ഉള്ളതാണ്. കൊഴുപ്പിനൊപ്പം ധാതുക്കൾ, പ്രോട്ടിനുകൾ, ജീവകങ്ങൾ എന്നിവയുടെ കലവറ കൂടിയാണ് വെണ്ണയും നെയ്യും. ക്യാൻസറിനെ ചെറുക്കാൻ ശേഷിയുള്ളതാണ് വെണ്ണയിലടങ്ങിയിരിക്കുന്ന ലിനോയിക് ആസിഡ്, സ്ഫിങ്കോലിപിഡ്‌സ് എന്നീ ഘടകങ്ങൾ. വെണ്ണയിലെ കാൽസ്യം എല്ലിനും പല്ലിനും ബലമേകുന്നതിനു പുറമെ മെഗ്രേൻ തടയുന്നതുമാണ്. ആർത്തവസമയവും ഗർഭകാലം സുഖകരമാക്കാനും അമ്മമാർക്ക് മുലപ്പാൽ വർദ്ധിപ്പിക്കാനും വെണ്ണ സഹായിക്കും. അണുനാശകവും രോഗപ്രതിരോധശേഷി കൂട്ടുന്നതും ദഹനം സുഗമമാക്കുന്നതും പേശികൾക്ക് ബലമേകുന്നതും ചർമ്മത്തെ സംരക്ഷിക്കുന്നതുമാണ് വെണ്ണ. വെണ്ണയിലെ ഫോസ്ഫറസ്, സിങ്ക്, വെറ്റമിൻ എ, വെറ്റമിൻ ബി, വൈറ്റമിൻ ബി 12 എന്നീ ഘടകങ്ങളാണ് ഇതിനെല്ലാം സഹായിക്കുന്നത്.

കൊഴുപ്പുള്ളതുകൊണ്ട് തൂക്കം കുറഞ്ഞവർക്ക് ശരീരഭാരം കൂട്ടുന്നതിനായും  വെണ്ണ ഉപയോഗിക്കാം. മാനസികസമ്മർദ്ദം കുറക്കുകയും നല്ല ഉറക്കം നൽകുകയും ചെയ്യുന്ന ഒന്നുകൂടിയാണ് വെണ്ണ. നെയ്യിലാണെങ്കിൽ ഈ ഗുണങ്ങൾക്കെല്ലാം പുറമേ ധാരാളം ഒമേഗ ഫാറ്റി ആസിഡ്സും ആൻ്റി ഓക്സൈഡുകളുമുണ്ട്. ആരോഗ്യത്തിന് മർമ്മപ്രധാനമായ ഘടകങ്ങളാണിവ. ജീവകം എ, ഡി, ഇ, കെ എന്നിവയാൽ സമ്പുഷ്ടവുമാണ് നെയ്യ്.

മായം അളവിലും കളറിലും

വനസ്പതിയാണ് നെയ്യിൽ ചേർക്കുന്ന പ്രധാനമായങ്ങളിലൊന്നെന്ന് ഫുഡ് സേഫ്റ്റി ആൻ്റ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സർട്ടിഫൈഡ് ട്രെയിനറും നാഷണൽ റിസോഴ്സ് പേഴ്സണും കൂടിയായ എ. എം. ഗിരിജ വിശദീകരിക്കുന്നു. വില കുറഞ്ഞ സസ്യഎണ്ണകളിൽ നിന്നുണ്ടാക്കുന്ന നെയ്യാണ് വനസ്പതി. പാമോയിൽ, നിലക്കടലയെണ്ണ എന്നിവയിൽ നിന്നൊക്കെ വനസ്പതി ഉണ്ടാക്കുന്നു. മൃഗക്കൊഴുപ്പും എരുമനെയ്യും പലതരം എണ്ണകളും ഇതുപോലെ മായമായി ചേർക്കുന്നവയാണ്. ഉരുളക്കിഴങ്ങുപൊടി, മധുരക്കിഴങ്ങുപൊടി, മറ്റിനം സ്റ്റാർച്ചുകൾ എന്നിവയും വെണ്ണയിലും നെയ്യിലും കലർത്തി അളവുകൂട്ടുന്നുണ്ട്. ഇവ തിരിച്ചറിയാതിരിക്കാൻ ബട്ടർ യെല്ലോ എന്ന നിറവും കലർത്തുന്നു. കേടാകാതിരിക്കാൻ ഫോർമാലിൻ പോലുള്ള രാസ പദാർത്ഥങ്ങളും  മറ്റും  ചേർത്ത നെയ്യും വെണ്ണയുമൊക്കെ ഭക്ഷ്യവകുപ്പിൻ്റെ പരിശോധനയിൽ പിടിച്ചെടുത്തിട്ടുണ്ട്. കൃത്രിമമായതും മായം ചേർന്നതുമായ പാലിൽ നിന്നുതന്നെ ഉത്പാദിപ്പിക്കുന്ന വെണ്ണയിലും നെയ്യിലും കുഴപ്പങ്ങൾ കൂടും. ഇതൊന്നും പോരാഞ്ഞ് രാസവസ്തുക്കളും വിലകുറഞ്ഞ എണ്ണയുമൊക്കെ ചേർത്ത് അല്പം പോലും യഥാർത്ഥ നെയ്യിൻ്റെ അംശമില്ലാത്ത കൃത്രിമനെയ്യുല്പാദവും നടക്കുന്നുണ്ട്.

കൊളസ്ട്രോൾ വില്ലനാകും

വനസ്പതിയും മൃഗക്കൊഴുപ്പും മറ്റ് എണ്ണസംയുക്തങ്ങളുമെല്ലാം ശരീരത്തിൽ ചീത്ത കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയും നല്ല കൊളസ്ട്രോൾ കുറക്കുകയും ചെയ്യുന്നവയാണ്. രക്തക്കുഴലുകളിൽ തടസ്സമുണ്ടാക്കാനും ഹൃദ്രോഗബാധക്കും അമിതവണ്ണത്തിനുമൊക്കെ ഇതിടയാക്കും. അന്നനാള, ആമാശയ രോഗങ്ങൾക്കും ഇവ കാരണമാകും. നിറത്തിനും കേടാകാതിരിക്കാനും മറ്റും ചേർക്കുന്ന കോൾടാർ ചായങ്ങളും ഫോർമാലിൽ പോലുള്ള രാസവസ്തുക്കളും രോഗപ്രതിരോധശേഷി തകർക്കുന്നതും കോശനാശത്തിനിടയാക്കുന്നതും ആസ്ത്മ, ക്യാൻസർ തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുന്നതുമാണ്.

വീട്ടിൽ നിന്നുതുടങ്ങാം പരിശോധന

വെണ്ണയും നെയ്യുമൊക്കെ മായം ചേർത്തതാണോയെന്നറിയാനുള്ള പരിശോധനകൾ വീട്ടിൽ നിന്നും തുടങ്ങാം. കുറച്ച് വെണ്ണയോ നെയ്യോ എടുത്ത് ഉരുക്കി ഒരു ഗ്ലാസ് കുപ്പിയിലാക്കി ഫ്രിഡ്ജിൽ വയ്ക്കുക. ഇത് വിവിധ പാളികളായാണ് കട്ടിയാകുന്നതെങ്കിൽ അതിൽ മറ്റ് എണ്ണകൾ ചേർത്തിട്ടുണ്ടെന്ന് ഉറപ്പിക്കാം. വെണ്ണയോ നെയ്യോ ഉരുക്കി അതിലേക്ക് അല്പം അയഡിൻ ലായനി ചേർക്കുമ്പോൾ നീലനിറം ഉണ്ടായാൽ സ്റ്റാർച്ച് ചേർത്തിട്ടുണ്ടെന്ന് അനുമാനിക്കാം. ഒരു സ്പൂൺ ഉരുക്കിയ നെയ്യിലേക്കോ വെണ്ണയിലേക്കോ അത്രതന്നെ ഗാഢ ഹൈഡ്രോക്ലോറിക് ആസിഡും അല്പം പഞ്ചസാരയും ചേർത്ത് നന്നായി കുലുക്കി അല്പസമയം കഴിയുമ്പോൾ അടിയിൽ കുങ്കുമനിറം കാണുന്നുണ്ടെങ്കിൽ അത് വനസ്പതി കലർന്നതിൻ്റെ അടയാളമാണ്. പഞ്ചസാര മാത്രം ഇട്ട് കുലുക്കിയാൽ തന്നെ മായത്തിൻ്റെ തോതിനനുസരിച്ച് ചിലപ്പോൾ ഈ നിറവ്യത്യാസം ദൃശ്യമായേക്കാം. നെയ്യിലെയും വെണ്ണയിലേയും മായം കണ്ടെത്താനുള്ള പ്രാഥമിക ലബോറട്ടറി പരിശോധന ബോഡിൻസ് ടെസ്റ്റ് ആണ്. തുടർന്ന് വിദഗ്ധ പരിശോധനകളിലേക്കു കടക്കണം. ഏതൊക്കെ മായം എത്ര അളവിൽ എന്നതൊക്കെ കൃത്യമായി അറിയാൻ വിശദപരിശോധനകൾ ആവശ്യമാണ്.