മലയാളിയുടെ പ്രധാനഭക്ഷണമാണ് അരി. ചോറായും കഞ്ഞിയായും ബിരിയാണിയായും മാത്രമല്ല പൊടിച്ചും അരച്ചുമൊക്കെ നിരവധി പലഹാരങ്ങളായും അരി മലയാളിയുടെ അടുക്കളയിലുണ്ട്. ചോറും കഞ്ഞിയുമാണ് പ്രധാനമെന്നു മാത്രം. ചോറുണ്ണാൻ കുത്തരി എന്നും വിളിക്കുന്ന പുഴുങ്ങല്ലരി അല്ലെങ്കിൽ ചെന്നെല്ലരി തന്നെ വേണം മലയാളിക്ക്. നെല്ല് പുഴുങ്ങി ഉണക്കി കുത്തിയെടുക്കുന്നതാണ് ഇത്. പണ്ടെല്ലാം വീടുകളിൽ ചെമ്പിലിട്ട് പുഴുങ്ങി ഉണക്കി പത്തായത്തിൽ സൂക്ഷിച്ചുവച്ച് ആവശ്യാനുസരണം കുത്തി ഉപയോഗിക്കുന്നതായിരുന്നു പതിവെങ്കിൽ ഇന്നത് കടകളിൽ നിന്ന് ചാക്കിലും പാക്കറ്റിലുമൊക്കെ ആവശ്യാനുസരണം വാങ്ങുന്നതായി മാറി. ചുവന്ന അരിയോടുള്ള മലയാളിയുടെ അടങ്ങാത്ത അഭിനിവേശം ഈ രംഗത്തെ വൻതോതിലുള്ള മായം ചേർക്കലിനു കാരണമായതായി ഭക്ഷ്യ ഗുണനിലവാരനിർണ്ണയരംഗത്തെ പ്രമുഖ സ്ഥാപനമായ ഇൻസൈറ്റ് ക്വാളിറ്റി കൺസൾട്ടൻസി സർവ്വീസിലെ എ. എം. ഗിരിജ പറയുന്നു. മലയാളിയുടെ ആവശ്യത്തിനുള്ള അരി കേരളത്തിൽ ഉല്പാദിപ്പിക്കുന്നില്ല. അതിനാൽ തന്നെ അരിയിൽ മായം വ്യാപകമാണ്.

ഊണ് തരുന്നത്

അരി കഴിക്കുന്നത് അത്ര ആരോഗ്യകരമല്ലെന്നൊരു പക്ഷം ഇന്നത്തെ ലോകത്തിനുണ്ട്. എന്നാൽ മൂന്നുനേരമല്ല നാലുനേരവും അരി മാത്രം കഴിച്ചാണ് അല്പകാലം മുൻപുവരെ മലയാളി ഇവിടെ ആരോഗ്യത്തോടെ തന്നെ ജീവിച്ചിരുന്നതും. കൊളസ്ട്രോൾ, പ്രമേഹം, തടി എന്നിവയാണ് അരി കൊണ്ടുള്ള പ്രധാന ദോഷങ്ങളായി പറയാറ്. എന്നാൽ ഈ ദോഷങ്ങൾക്കൊക്കെയുള്ള പ്രതിവിധിയാണ് യഥാർത്ഥത്തിൽ നമ്മുടെ ചുവന്ന അരി അഥവാ മട്ട അരി. തവിട് മുഴുവൻ പോയ അരി സ്റ്റാർച്ച് മാത്രമാണെങ്കിൽ തവിടോടു കൂടിയ അരി പോഷകസമൃദ്ധമാണ്. തവിടിലാണ് അരിയുടെ പ്രധാനഗുണങ്ങളൊക്കെ എന്നുവേണമെങ്കിൽ പറയാം. ദഹനപ്രക്രിയ അനായാസമാക്കാനും രക്തസമ്മർദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കാനും കൊളസ്ട്രോൾ കുറക്കാനും തലച്ചോറിൻ്റെയും ശ്വാസകോശത്തിൻ്റേയും വൃക്കയുടേയും പ്രവർത്തനങ്ങളെ ഉദ്ദീപിപ്പിക്കാനും മട്ട അരി സഹായിക്കും. വിറ്റമിൻ ബി, ഫോസ്ഫറസ്, സെലിനിയം, മാംഗനീസ്, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവ മട്ട അരിയിൽ അടങ്ങിയിട്ടുണ്ട്. അതോടൊപ്പം നാരുകളും ശരീരത്തിന്‍റെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന മറ്റ് ഘടകങ്ങളും മട്ട അരിയിലുണ്ട്. തവിടിലെ നാരുകൾ ശരീര ശുദ്ധീകരണത്തിന് ഏറെ സഹായിക്കുന്നവയാണ്.

നിറവും എണ്ണയും കല്ലും

കഴിഞ്ഞ പ്രളയകാലത്ത് ഗോഡൗണുകളിൽ വെള്ളം കയറി ചീഞ്ഞ് കേടായ അരിചാക്കുകൾ മൊത്തം നശിപ്പിക്കുന്നതിനു പകരം അന്യസംസ്ഥാനങ്ങളിലെ അരിമില്ലുകളിലേക്ക് കയറ്റി അയക്കുകയായിരുന്നുവെന്ന വാർത്തകൾ കണ്ടിട്ട് അധികനാളായിട്ടില്ല. ഈ ചീഞ്ഞ അരിയൊക്കെ കഴുകിയുണക്കി കളറും മറ്റും വാരിപ്പൂശി വീണ്ടും പാക്കറ്റുകളിൽ കയറി നമ്മുടെ അടുക്കളയിൽ എത്താനുള്ളതാണ്! ഇത്തരത്തിൽ മോശം അരിക്ക് ഗുണം തോന്നിക്കാനുള്ള നിറങ്ങളും തൂക്കം കൂട്ടാനുള്ള കല്ലും കട്ടയുമൊക്കെയാണ് മട്ട അരിയിലെ പ്രധാനമായങ്ങളെന്ന് ഫുഡ് സേഫ്റ്റി ആൻ്റ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സർട്ടിഫൈഡ് ട്രെയിനറും നാഷണൽ റിസോഴ്സ് പേഴ്സണും കൂടിയായ എ. എം. ഗിരിജ വിശദീകരിക്കുന്നു. വെള്ള അരിയും പൂപ്പൽ പിടിച്ചതും പുഴുക്കുത്തേറ്റതും പഴകിയതുമൊക്കെയായ മോശം അരിയും നല്ല മട്ട അരിയായി തോന്നിപ്പിക്കാൻ റെഡ് ഓക്സൈഡ് പോലുള്ള രാസനിറങ്ങൾ കലർത്തി കൃത്രിമനിറം നൽകി വിപണിയിലെത്തിക്കുന്നു. സ്വാഭാവിക നിറം തോന്നിപ്പിക്കാനും യന്ത്രവൽകൃതമായി നല്ല അരി കുത്തുമ്പോൾ പരസ്പരം ഉരഞ്ഞ് നടക്കുന്ന പോളീഷിങ്ങിലൂടെ ഉണ്ടാകുന്ന മിനുസം തോന്നാനും മറ്റു മാർഗ്ഗങ്ങളുണ്ട്. അരിയുടെ തൂക്കം കൂട്ടാൻ കല്ലും മണലും മറ്റും ചേർക്കുന്നു. 

വയറിളക്കം തൊട്ട്...  

മായം ചേർത്ത അരിയുടെ കുഴപ്പം ദഹനക്കേടിലും വയറിളക്കത്തിലും തൊട്ട് തുടങ്ങുന്നു. പ്രമേഹം, കൊളസ്ട്രോൾ എന്നിവയൊക്കെ നിയന്ത്രിക്കാനുള്ള ശേഷിക്കു പകരം അതൊക്കെ വർദ്ധിപ്പിക്കുന്ന ഒന്നായി മാറും ഇത്. ചീഞ്ഞതും പുഴുക്കുത്തേറ്റതുമായ അരി ഉണ്ടാക്കുന്ന ഭക്ഷ്യവിഷബാധയാണ് മായം ചേർക്കലിൻ്റെ അടുത്ത പ്രശ്നം. കല്ലും മണലുമൊക്കെ വയറിൽ ചെന്നുണ്ടാക്കുന്ന വൈഷമ്യങ്ങൾ വേറെ. അതിലൊക്കെ ഉപരിയാണ് നിറം കൂട്ടാനായി ചേർക്കുന്ന രാസവിഷങ്ങൾ ഉണ്ടാക്കുന്ന മാരക രോഗങ്ങൾ. കരളിനും വൃക്കകൾക്കും ദോഷം ചെയ്യുന്നതാണ് അരിയിൽ നിറത്തിനായി വ്യാപകമായി ചേർക്കുന്ന റെഡ് ഓക്സൈഡ്. 

ശ്രദ്ധിച്ചാൽ പിടികൂടാം

മലയാളികൾക്കെല്ലാം തന്നെ മട്ട അരി കുറെയൊക്കെ തിരിച്ചറിയാമെന്നതിനാൽ നന്നായി ഒന്നു ശ്രദ്ധിച്ചാൽ തന്നെ മായങ്ങൾ പിടി കൂടാം. യഥാർത്ഥ മട്ടയരി എത്രയൊക്കെ നന്നായി കഴുകിയാലും കുറേയൊക്കെ തവിട് നെല്ലിൽ അവശേഷിക്കും. എന്നാൽ കഴുകുമ്പോൾ വല്ലാതെ നിറമിളകിപ്പോകുന്നുണ്ടെങ്കിൽ അത് മായം ചേർത്തതിൻ്റെ ലക്ഷണമാണ്. കയ്യിൽ ഇട്ടു തിരുമ്മിയാൽ തന്നെ മിക്കവാറും അരിയിലെ കള്ളം അറിയാൻ പറ്റും. വെള്ളത്തിൽ കഴുകുന്ന അരി നന്നായി കൈകൊണ്ടു തന്നെ അരിച്ചാൽ കല്ല് പോലുള്ള മായങ്ങൾ ഒഴിവാക്കാം. വെള്ളത്തിൽ പെട്ടെന്ന് നിറമിളകി കലങ്ങിയാൽ കൃത്രിമമായി നിറം ചേർത്തിട്ടുണ്ടെന്നും വ്യക്തമാകും. ഇങ്ങനെ മായം ചേർത്ത അരിയാണെന്ന സംശയം ഉണ്ടായാൽ അടുത്തുള്ള ഭക്ഷ്യപരിശോധനാലാബിൽ കൊണ്ടുപോയി പരിശോധിച്ച് എത്രമാത്രം അപകടമരമാണ് എന്നറിഞ്ഞതിനു ശേഷം മാത്രം ഉപയോഗിക്കുന്നതാവും ആരോഗ്യത്തിനു നല്ലത്.