പലരും പറയാറുണ്ട്, ഒറ്റയടിക്ക് ഇത്രയും കറികളും പായസവും ഉപ്പേരിയുമെല്ലാം കഴിച്ചുവരുമ്പോള്‍ ഒരുവഴിക്കാകുമെന്ന്. എന്നാല്‍ ഇതെല്ലാം ഒരുമിച്ച് കഴിക്കുന്നതിലും ഒരു കലയുണ്ടെന്ന് വാദിക്കുന്നവരാണേറെയും. സത്യത്തില്‍ സദ്യ അത്രയും 'ഹെവി'യാണോ? 

ഇന്ന് തിരുവോണദിവസമല്ലേ, സദ്യയുണ്ടാക്കി ആഘോഷിക്കാത്ത വീടുകള്‍ ചുരുക്കമായിരിക്കും. കുടുംബാംഗങ്ങളും ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ഒത്തുകൂടി സന്തോഷമായി ഒരുനേരത്തേ ഭക്ഷണം രാജകീയമായിത്തന്നെ കഴിക്കുന്ന ദിവസം.

പലയിടങ്ങളിലും പല തരത്തിലാണ് സദ്യയുടെ ചിട്ടവട്ടങ്ങളും വിഭവങ്ങളുടെ പാചകവുമെല്ലാം. എങ്കിലും പൊതുവില്‍ എല്ലാത്തിനും ഒരടിസ്ഥാന സ്വഭാവമുണ്ട് താനും. ഉപ്പേരി, പപ്പടം, പഴം, പായസം, സാമ്പാറ്, അവിയല്‍, കാളന്‍, ഓലന്‍, എരിശ്ശേരി, തോരന്‍, പരിപ്പ്, പച്ചടി, പുളിശ്ശേരി, അച്ചാര്‍- എന്നിങ്ങനെ പോകുന്നു സദ്യയിലെ വിഭവങ്ങളുടെ ലിസ്റ്റ്. 

മിക്കയിടങ്ങളിലും ഈ ലിസ്റ്റ് ഒരുപോലെ തന്നെയാണ്. പലരും പറയാറുണ്ട്, ഒറ്റയടിക്ക് ഇത്രയും കറികളും പായസവും ഉപ്പേരിയുമെല്ലാം കഴിച്ചുവരുമ്പോള്‍ ഒരുവഴിക്കാകുമെന്ന്. എന്നാല്‍ ഇതെല്ലാം ഒരുമിച്ച് കഴിക്കുന്നതിലും ഒരു കലയുണ്ടെന്ന് വാദിക്കുന്നവരാണേറെയും. 

സത്യത്തില്‍ സദ്യ അത്രയും 'ഹെവി'യാണോ? ഒരുനേരം സദ്യ കഴിക്കുമ്പോഴേക്ക് നമുക്കുണ്ടാകുന്ന മാറ്റമെന്താണ്?

സദ്യ അല്‍പം 'ഹെവി' തന്നെയാണെന്നാണ് ഡയറ്റീഷ്യന്മാര്‍ അഭിപ്രായപ്പെടുന്നത്. പണ്ടുകാലത്തെ ഭക്ഷണരീതിയും ജീവിതരീതിയും അനുസരിച്ച് ഒരു സദ്യ കഴിക്കുന്നതൊന്നും ആളുകള്‍ക്ക് അത്ര വിശേഷപ്പെട്ട കാര്യമല്ലായിരുന്നു. എന്നാലിപ്പോഴത്തെ മടിപിടിച്ച ജീവിതശൈലികളുമായി മുന്നോട്ടുപോകുന്നവരെ സംബന്ധിച്ച് സദ്യ അല്‍പം 'കട്ടി'യുള്ളത് തന്നെ. 

ചുരുക്കിപ്പറഞ്ഞാല്‍ ആരോഗ്യമുള്ള ഒരാളെ സംബന്ധിച്ച് സദ്യ ഒരു പ്രശ്‌നമേയല്ലെന്ന്. ആവശ്യത്തിന് കായികാധ്വാനമില്ലാത്ത ജനതയാണ് ഇന്നത്തേത്. അതാനാലാണ് കൂടുതല്‍ കലോറി ശരീരക്കിലെത്തിക്കാതിരിക്കാന്‍ നമ്മളില്‍ പലരും ഡയറ്റ് ചെയ്യുന്നത്. എന്നാലൊരു നേരം സദ്യ കഴിക്കുമ്പോള്‍ എത്ര കലോറിയാണ് നമ്മുടെ ശരീരത്തിലെത്തുന്നത് എന്നറിയാമോ? 

വിഭവങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെ ഇത് വിശദമാക്കാം. 

ചോറ് - രണ്ട് തവണ വിളമ്പുന്നത് - 271 കലോറി
സാമ്പാര്‍ - ഒരു കപ്പ് - 82 കലോറി
അവിയല്‍ - ഒരു തവി - 136 കലോറി
പപ്പടം - ഒന്ന് - 43 കലോറി
കൂട്ടുകറി - ഒരു തവി - 300 കലോറി
കാളന്‍ - ഒരു തവി - 309 കലോറി
തോരന്‍ (കാബേജ്)- ഒരു തവി - 208 കലോറി
പരിപ്പ് - ഒരു തവി - 139 കലോറി
നെയ് - ഒരു ടീസ്പൂണ്‍ - 40 കലോറി
പച്ചടി - ഒരു തവി - 162 കലോറി
ഓലന്‍ - ഒരു തവി - 162 കലോറി
കായ ഉപ്പേരി - 10 ഗ്രാം - 147 കലോറി
ശര്‍ക്കര വരട്ടി - 10 ഗ്രാം - 162 കലോറി
പഴം - ഒന്ന് - 43.20 കലോറി
പായസം - ഒരു കപ്പ് - 280 കലോറി
രസം - ഒരു കപ്പ് - 133 കലോറി

അങ്ങനെ ആകെ എല്ലാം കൂടി 2,617 കലോറി ഒരൊറ്റ സദ്യയിലൂടെ നമ്മുടെ അകത്തെത്തുന്നു. വണ്ണം കുറയ്ക്കാന്‍ ആഞ്ഞ് ഡയറ്റിംഗും വ്യായാമവുമെല്ലാം ചെയ്യുന്നവര്‍ക്ക് 'അയ്യോ വേണ്ടായിരുന്നു...' എന്ന് തോന്നുന്നുണ്ടോ? 

എന്നാല്‍ അങ്ങനെയൊരു പശ്ചാത്താപത്തിന്റെ കാര്യമേയില്ല.കാരണം ധാരാളം പച്ചക്കറികളാണ് ഇതോടൊപ്പം നമ്മള്‍ കഴിക്കുന്നത്. എന്തെല്ലാം പറഞ്ഞാലും അത് ശരീരത്തിന് മുതല്‍ക്കൂട്ട് തന്നെയാണ്. ചിലയിടങ്ങളിലാണെങ്കില്‍ ചിക്കനും മട്ടനും മീനുമെല്ലാം ഇക്കൂട്ടത്തില്‍ കാണും. ഇതെല്ലാം ദിവസത്തിലൊരു നേരമല്ലേ കഴിക്കുന്നുള്ളൂ. ബാക്കി സമയത്തെ ഭക്ഷണമെല്ലാം ഇതിന് അനുസരിച്ച് മാറ്റിപ്പിടിച്ചാല്‍ തന്നെ ധാരാളം. 

അതിനാല്‍ സദ്യ കഴിച്ചതിലൊന്നും വിഷമം കരുതേണ്ട കാര്യമില്ല. എങ്കിലും ഇത്രമാത്രം കലോറി അടങ്ങിയിരക്കുന്ന അതിശയിപ്പിക്കുന്നയത്രയും സംഭവമാണ് നമ്മുടെ സദ്യയെന്ന് ഒന്ന് അറിഞ്ഞിരിക്കാമല്ലോ.