വാർണീഷും ഫെവിക്കോളും പഞ്ചസാരയും ശർക്കരയും  ചേർത്ത് തേനുണ്ടാക്കി വിൽക്കുന്ന വാർത്ത അടുത്തിടെയാണ് പുറത്തുവന്നത്. വെളിച്ചെണ്ണയിലേയും മറ്റും മായം പിടികൂടിയതായും പല ബ്രാൻഡുകളും നിരോധിച്ചതായുമുള്ള വാർത്തകളും നമ്മൾ പലപ്പോഴും കേൾക്കാറുണ്ട്. എന്നാൽ വെളിച്ചെണ്ണ മാത്രമല്ല വിപണിയിൽ ലഭ്യമായ ഒട്ടുമിക്ക ഭക്ഷ്യഎണ്ണകളും  മായം കലർന്നവയാണെന്ന് നമ്മളിൽ പലരും തിരിച്ചറിയുന്നില്ല. ഭക്ഷ്യസുരക്ഷാവകുപ്പു പരിശോധനയിൽ പിടികൂടുന്നവ മാത്രമല്ല മായം കലർന്നിട്ടുള്ളവ, മലയാളികൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വെളിച്ചെണ്ണ മുതൽ പല ആയുർവേദ മരുന്നുകളുടെയും പ്രധാന ചേരുവയായ നല്ലെണ്ണ വരെ ഇതിൽ ഉൾപ്പെടും  

നല്ലെണ്ണയുടെയും , വെളിച്ചെണ്ണയുടേയും കൂടിയ വിലയാണ്  മായം ചേർക്കാൻ നിർമ്മാതാക്കളെ  പ്രലോഭിപ്പിക്കുന്നത്. രണ്ടുവർഷം മുൻപുവരെ കിലോയ്ക്ക് 90 മുതൽ 110 രൂപ വരെ വിലയുണ്ടായിരുന്ന നല്ലെണ്ണക്ക്  ഇന്ന് കിലോയ്ക്ക് 190 രൂപയ്ക്കു മുകളിലാണ് വില. എള്ളിന്റെയും , നല്ലെണ്ണയുടേയും കയറ്റുമതി സർക്കാർ അനുവദിച്ചതോടു കൂടിയാണ് വില കൂടിയത്. ചൈന, ജപ്പാൻ, കൊറിയ എന്നീ രാജ്യങ്ങളാണ് ഇന്ത്യയിൽ നിന്നും ഏറ്റവും കൂടുതൽ എള്ളും എണ്ണയും വാങ്ങുന്നത്. 

ശരീരത്തിന് ഏറെ ദോഷം ചെയ്യാത്ത വില കുറഞ്ഞ സസ്യ എണ്ണകൾ മുതൽ പെട്രോളിയം സംസ്കരണത്തിലെ ഉപോത്പന്നങ്ങൾ വരെ നല്ലെണ്ണയിൽ ചേർക്കുന്നുണ്ട്. നല്ലെണ്ണയിൽ ചേർക്കുന്ന ഒരു പ്രധാന മായമായ ആർജിമോൺ ഓയിൽ (പൊന്നുമ്മം/mexican poppy) ഹൃദയാഘാതത്തിനും കാഴ്ച്ച നഷ്ട്ടപ്പെടുന്നതിനും വരെ കാരണമായേക്കാം. സാധാരണഗതിയിൽ എള്ളാട്ടുമ്പോൾ ഏകദേശം 35% മുതൽ 38% വരെ എണ്ണയാണ് ലഭിക്കുക. കൊപ്രയിൽ നിന്ന് പരമാവധി എണ്ണ ലഭിക്കുന്നതിനായി ഉപയോഗിക്കുന്ന കെമിക്കലാണ് ഹെക്സൈൻ. ഇത് ആരോഗ്യത്തിന് ഏറെ ഹാനികരമാണ്. എണ്ണയുടെ നിറത്തിനും രുചിക്കും കൊഴുപ്പിനും ദീർഘകാലം കേടാകാതിരിക്കാനും മറ്റുമായി ചേർക്കുന്ന രാസവസ്തുക്കൾ എല്ലാം തന്നെ കരളിനേയും, ഹൃദയത്തെയും വൃക്കയേയും ബാധിക്കുന്ന പലതരം അസുഖങ്ങൾക്ക് കാരണമാകും. രാസവസ്തുക്കൾ ഉപയോഗിച്ചു ബ്ളീച്ചിങ്ങും ഫിൽറ്ററിങ്ങും ഡിയോർഡറൈസിങ്ങും മറ്റും ചെയ്യുമ്പോൾ വേണ്ട ഗുണങ്ങളും പോഷകമൂല്യങ്ങളും കൂടി ഇല്ലാതാകുന്നു. 
 
മറ്റു എണ്ണകളുടേതു പോലെതന്നെ നല്ലെണ്ണയുടെ ഗുണനിലവാരം പരോശോധിക്കാനും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി മാർഗങ്ങൾ നിർദ്ദേശിക്കുന്നുണ്ട്. എന്നാൽ ഇവയേയെല്ലാം എളുപ്പം മറികടക്കുന്ന രീതിയിൽ മായം ചേർക്കാനുള്ള മാർഗങ്ങൾ ദിനംപ്രതി കണ്ടെത്തിക്കൊണ്ടിരിക്കുന്നു. അതിനാൽ തന്നെ നിറം, മണം, കൊഴുപ്പ്, സ്വാദ് എന്നിവയിൽ നിന്നു നല്ലെണ്ണയിലെ മായം കണ്ടെത്തുക എന്നത് പ്രായോഗികമല്ല. മാത്രവുമല്ല എണ്ണയുടെ നിറം എള്ളിന്റെ ഗ്രേഡ് അനുസരിച്ച് മാറുകയും ചെയ്യും. 
 
ഒന്ന് മുതൽ ആറു വരെയുള്ള ആസിസ് വല്യൂ ഗ്രേഡിൽ വരുന്ന എള്ളിൽ നിന്നെടുക്കുന്ന എണ്ണയാണ് ഭക്ഷ്യയോഗ്യമായത്. അതിനു മുകളിൽ ഉള്ള ഗ്രേഡിൽ വരുന്ന എള്ളിൽ നിന്നെടുക്കുന്ന എണ്ണ വിളക്ക് കത്തിക്കാനും മറ്റും ഉപയോഗിക്കാം. ഫസ്റ്റ് ഗ്രേഡ് എള്ള് ആണ് ഉപയോഗിക്കുന്നതെങ്കിൽ എണ്ണയ്ക്ക് നല്ല മഞ്ഞനിറമായിരിക്കും. എന്നാൽ ഗ്രേഡ് കുറയുംതോറും നല്ലെണ്ണയുടെ നിറം കൂടിവരികയും ആറാം ഗ്രേഡിലുള്ള എള്ളിന്റെ എണ്ണയ്ക്ക് ചുമപ്പ് നിറവും ആയിരിക്കും. 
 
എള്ളിന്റെ നിറവും ഗുണവും മറ്റു പല ഘടകങ്ങളെയും ആശ്രയിച്ചാണ് ഇരിക്കുന്നത്.  ഉപയോഗിക്കുന്ന വിത്ത്, മണ്ണിന്റെ ഘടന, വെള്ളത്തിന്റെ ലഭ്യത, നനയുടെ ഇടവേള ഇവയെല്ലാം എള്ളിന്റെ നിറം നിർണയിക്കുന്ന ഘടകങ്ങളാണ്. അതിനാൽ നല്ലെണ്ണയുടെ നിറം ഇതിനെയെല്ലാം ആശ്രയിച്ചിരിക്കും. അതുകൊണ്ടുതന്നെ നിറം നോക്കി എണ്ണയുടെ ഗുണനിലവാരം കണ്ടെത്തുക എന്നത് പ്രായോഗികമല്ല. അതുപോലെ നല്ലെണ്ണയുടെ മണത്തിന് എസ്സൻസും കൊഴുപ്പു ലഭിക്കുന്നതിന് മറ്റു എണ്ണകളുടെ കൂട്ടും മായം ചേർക്കുന്നവർ ഉപയോഗിക്കുന്നതിനാൽ അത്തരത്തിലും എണ്ണയുടെ ഗുണനിലവാരം കണ്ടെത്തുക പ്രയാസമായിരിക്കും. 
 
എണ്ണയിലെ എള്ളെണ്ണയുടെ അനുപാതം നോക്കിയാണ് നല്ലെണ്ണയുടെ ഗുണനിലവാരം നിർണ്ണയിക്കുന്നത്  എന്നാൽ സാധാരണ പരിശോധന രീതികളിലൂടെയൊന്നും ഇത് കണ്ടെത്താൻ ആവില്ല. എണ്ണയുടെ ഗുണനിലവാരം നിർണ്ണയിക്കുന്നതിന് ഇന്ന് ലഭ്യമായ ഏറ്റവും നൂതനമായ സംവിധാനമാണ് GLC (Gas liquid Chromatography). നല്ലെണ്ണയിൽ അടങ്ങിയിട്ടുള്ള മറ്റു എണ്ണകൾ ഏതെല്ലാം ആണെന്നും എത്ര തോതിൽ ഉണ്ടെന്നും ഈ ടെസ്റ്റിലൂടെ കണ്ടെത്താനാകും. എന്നാൽ ഇതിനായി ഏറെ പണം മുടക്കണമെന്നതിനാൽ പല കമ്പനികളും ഇതിനു തയ്യാറാവാറില്ല. 
 
വാങ്ങുന്ന നല്ലെണ്ണ അഗ്മാർക്ക് സർട്ടിഫിക്കേഷൻ ഉള്ളതാണോ എന്നതാണ് എണ്ണയുടെ ഗുണനിലവാരം അറിയാൻ ഉപഭാക്താവിന്‌ സ്വീകരിക്കാവുന്ന ഏറ്റവും എളുപ്പ മാർഗ്ഗം. അഗ്മാർക് സർട്ടിഫിക്കേഷൻ ഉള്ള കമ്പനികൾ നല്ലെണ്ണയുടെ കുപ്പിയുടെ പുറത്തുള്ള സ്റ്റിക്കറിൽ അത് രേഖപെടുത്തിയിരിക്കും. ഇത് കൂടാതെ GLC ടെസ്റ്റ് കൂടി പാസ്സായ എണ്ണ ആണെങ്കിൽ അത് ശുദ്ധമാണെന്ന് ഉറപ്പിക്കാം.